News - 2024

മറിയം പ്രതിസന്ധികളിൽ പ്രത്യാശ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 31

സി. റെറ്റി FCC 31-05-2024 - Friday

മെയ് മാസത്തിൻ്റെ അവസാനദിവസം തിരുസഭ പരിശുദ്ധ കന്യകാമറിയത്തിൻ്റെ സന്ദർശനതിരുനാൾ ആഘോഷിക്കുമ്പോൾ പ്രതിസന്ധികളിൽ പ്രത്യാശയായ അമ്മമാതാവിനെപ്പറ്റി നമുക്കു ചിന്തിക്കാം.

ദൈവത്തിന്റെ സൃഷ്ടികളിൽവെച്ച് ഏറ്റവും സൗന്ദര്യവതിയും, ദൈവത്തിന്റെ മനസ്സിൽ ആരംഭത്തിലെ തന്നെ ഉണ്ടായിരുന്നവളും, ദൈവം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവളും, ദൈവത്തെ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ചവളുമായ സൃഷ്ടി പരിശുദ്ധ മറിയമാണ്. പ്രതിസന്ധികൾ ഒരുപാട് കൂടിവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. LKGയിൽ പഠിക്കുന്ന കുഞ്ഞും പറയും, എനിക്കും ടെൻഷനാണ് എന്ന്. ഇങ്ങനെ പ്രായമായവർ മുതൽ ചെറിയവർ വരെ പ്രതിസന്ധികളിലൂടെ, നിരാശയിലൂട കടന്നുപോകുന്ന ഒരു സാഹചര്യമാണ് നമുക്ക് ചുറ്റും ഉള്ളത്.

പ്രത്യാശ ഒരുപാട് കെട്ടുപോകുന്നു, പ്രത്യാശയുടെ തിരിനാളങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി അണഞ്ഞു പോകുന്ന ഒരു ലോകം. രോഗം വ്യാപിക്കുന്നതിനേക്കാൾ 100 ഇരട്ടി തീവ്രതയോടെയാണ് നിരാശയുടെ വൈറസുകൾ സമൂഹ വ്യാപനം ചെയ്യുന്നത്. ടോൾസ്റ്റോയുടെ ഒരു കഥ വായിച്ചത് ഓർക്കുന്നു. ഒരിക്കൽ ഒരു സന്യാസി വനത്തിലൂടെ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് നടക്കുകയായിരുന്നു. അദ്ദേഹം കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു അഗാധ ഗർത്തത്തിന്റെ മുമ്പിൽ അദ്ദേഹം നിൽക്കുന്നു. പുറകിലേക്ക് ഓടാം എന്ന് വിചാരിച്ചു നോക്കുമ്പോഴാകട്ടെ കാട്ടുതീ പടർന്നു വരുന്നു.

വലതുവശത്തേക്ക് എന്നാൽ ഓടാൻ തിരിഞ്ഞപ്പോൾ അതാ ഒരു വിഷമുള്ള അമ്പുമായി ഒരു കാട്ടാളൻ നിൽക്കുന്നു. ഇടതുവശത്തേക്ക് തിരിഞ്ഞപ്പോഴതാ നരഭോജിയായ ഒരു കടുവ. ഇങ്ങനെ നാല് വശത്തു നിന്നും പ്രതിസന്ധി വന്നപ്പോൾ സന്യാസി ഉറക്കെ നിലവിളിച്ചു, "എന്റെ ദൈവമേ എന്നെ രക്ഷിക്കണമേ" എന്ന്. അപ്പോഴതാ ശക്തമായ ഒരു ഇടിമിന്നൽ കാട്ടാളൻ പേടിച്ചുപോയി, കയ്യിലിരുന്ന് അമ്പ് തെറിച്ച് കടുവയുടെ ദേഹത്ത് പതിച്ചു കടുവയും ചത്തു. ശക്തമായ ഇടിമിന്നലിൽ ഒരു മഴയും പെയ്തതു വഴി കാട്ടുതീയും അണഞ്ഞു. അപ്പോൾ സന്യാസി രക്ഷപ്പെട്ടു എന്നാണ് കഥ.

നമ്മുടെ പ്രതിസന്ധികളിൽ വിളിച്ചപേക്ഷിക്കാൻ ഈശോ തന്നതാണ് പരിശുദ്ധ അമ്മയെ. ഏതൊരാൾക്കും പ്രത്യാശ നഷ്ടപ്പെടുമ്പോൾ ആണല്ലോ അവൻ നിരാശയിലേക്കും ആത്മഹത്യയിലേക്കും പോകുന്നത്. മാതാവിനെ വിളിച്ചപേക്ഷിക്കുന്നത് നമുക്ക് ഏത് പ്രതിസന്ധിയിലും നമ്മുടെ വിശ്വാസമായി മാറണം.

ഫ്രാൻസിസ് പാപ്പാ പറയുന്നു, മറിയം പ്രത്യാശയുടെ മാതാവാണ്. പ്രത്യാശ ഉൽഭവിക്കുന്നത് വിശ്വാസത്തിൽ നിന്നാണ്. എന്തുകൊണ്ടെന്നാൽ ദൈവം തന്റെ നന്മകൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടുമുള്ള അറിവിനാൽ വിശ്വാസം വഴിയായി നമ്മെ പ്രകാശിപ്പിക്കണം. അങ്ങനെ ഈ അറിവ് മുഖാന്തരം അവിടുത്തെ സ്വന്തമാക്കാം എന്നുള്ള പ്രത്യാശ കൊണ്ട് നമ്മൾ വീണ്ടും ഉയർത്തപ്പെടട്ടെ. പരിശുദ്ധ മറിയത്തിന് അസാധാരണമായ വിശ്വാസമുണ്ടായിരുന്നതുപോലെ തന്നെ അസാധാരണമായ പ്രത്യാശയുടെ നാഥയാണ് അമ്മ.മാനവരാശി ഓരോ ദിവസവും മുന്നോട്ടുപോകുന്നത് ഈ പ്രത്യാശ മൂലമാണ്.

നിരാശയുള്ള ഇടങ്ങളിലൊക്കെ മറിയം ഉണ്ടായിരുന്നു എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. സ്ഥാനത്തിനൊത്ത ആനുകൂല്യങ്ങളും പരിഗണനകളും കിട്ടാത്തപ്പോഴും അത് തരാൻ മറ്റുള്ളവരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടാവുമ്പോഴും, പരിഭവിക്കുമ്പോഴും, പരാതിപ്പെടുമ്പോഴും, ആനുകൂല്യങ്ങളും അവകാശങ്ങളും കിട്ടുന്നില്ല എന്ന് കുറ്റപ്പെടുത്തുമ്പോഴും മനുഷ്യൻ പ്രതിസന്ധിയിലേക്ക് പോകുന്നു. അവകാശങ്ങൾ ഉന്നയിക്കാൻ ആയിരുന്നെങ്കിൽ ആർക്കുണ്ടായിരുന്നു ആ അമ്മയെക്കാൾ അവകാശങ്ങൾ? എന്നിട്ടും അവൾ ഒന്നും ചോദിച്ചില്ല.

പ്രത്യാശ നഷ്ടപ്പെട്ടുപോയി പ്രതിസന്ധിയിലായിരുന്ന രണ്ടു പ്രധാന സംഭവങ്ങളിലെ പരിശുദ്ധ അമ്മ ഇടപെടുന്നത് നമുക്ക് നോക്കാം ഈശോ തന്റെ പരസ്യകാലം ആരംഭിച്ച സമയം. കണക്കുകൂട്ടലുകൾ എല്ലാം പിഴച്ച് വിവാഹ ജീവിതത്തിന്റെ ഇതൾ വിരിയുന്ന കാനായിലെ കല്യാണത്തിന് വീഞ്ഞ് തീർന്നു പോയി. ചില കാര്യങ്ങൾ ഈശോയ്ക്ക് അമ്മ പറഞ്ഞു കേൾക്കാനാണ് ഇഷ്ടം ആയത് അമ്മ മാതാവാണ്. അമ്മയുള്ള വീടുകളിൽ സ്നേഹത്തിന്റെ ജ്ഞാനത്തിന്റെ വീഞ്ഞ് നുരഞ്ഞു പൊങ്ങുന്നുണ്ട്. നാം ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് ഒത്തിരി വിദ്യാഭ്യാസം ഒന്നുമില്ലാത്ത എത്രയോ അമ്മമാരാണ് ജപമാല മാത്രം ചൊല്ലിക്കൊണ്ട് തങ്ങളുടെ കാര്യങ്ങളെല്ലാം ഭംഗിയായി അമ്മയോട് പറഞ്ഞു സാധിച്ചെടുക്കുന്നത്.

ഫ്രാൻസിസ് പാപ്പ പറയുന്നു, പരിഭ്രാന്തി നിങ്ങളെ വേട്ടയാടുമ്പോൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്ന് തോന്നുമ്പോൾ നിങ്ങൾ അമ്മേ അമ്മേ എന്ന് ആവർത്തിച്ചു വിളിക്കുക. കാനായിലെ കല്യാണത്തിനും അമ്മേ അമ്മേ എന്ന് ആവർത്തിച്ചു പറയുന്നത് ആരെങ്കിലും കേട്ടിട്ട് അമ്മയോട് ചെന്ന് പറഞ്ഞതുകൊണ്ട് ആവാം അമ്മ അവിടെയും ഇടപെട്ടത്. ആത്മവീര്യം നഷ്ടപ്പെടുന്ന അവസരങ്ങളിൽ പ്രതിസന്ധികളിൽ പെട്ട് ഉഴലുമ്പോൾ അമ്മയെ ശാന്തമായി വിളിക്കുക ആരെങ്കിലും കേട്ട് അമ്മയോട് ചെന്ന് പറയും.

നിറഞ്ഞൊഴുകുന്ന പുഴയുടെ തീരത്തുനിന്ന് എരുമയും, കുഞ്ഞും പുല്ല് തിന്നുകയാണ്.. കുഞ്ഞ് എങ്ങനെയോ നിലയില്ല കയത്തിൽ വീഴുന്നത് എരുമ കണ്ടു. തന്റെ കയറിന് ഒരുപാട് നീളം ഉള്ളതുകൊണ്ട് എരുമയും പുഴയിലേക്ക് പോയി നീന്തി നീന്തി കുഞ്ഞിന്റെ അടുത്ത് ചേർന്ന് നിന്നു കുഞ്ഞ് പതുക്കെ കൈ എരുമയുടെ പുറത്ത് വെച്ച് മെല്ലെ പുറത്തു കയറി എരുമ കുഞ്ഞിനെയും കൊണ്ട് കരയിലെത്തി.

പരിശുദ്ധ അമ്മയും ഇതുപോലെ നമ്മുടെ അരികിലുണ്ട് നിത്യസഹായ മാതാവ് എന്നല്ലേ നാം അവളെ വിളിക്കുക. ഒത്തിരി ഒഴുക്കും പ്രതിസന്ധികളും തരണം ചെയ്തുവളാണ് പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മ നമ്മുടെ അരികിൽ ഉണ്ട് എന്നുള്ള ഒരു വിശ്വാസം നമുക്കും വേണം. ഈശോ കുരിശിൽ മരിച്ച ദിവസം ശിഷ്യന്മാരെ ഒത്തിരിയേറെ പ്രതിസന്ധികളിലൂടെയും നിരാശയിലൂടെയും കടന്നുപോയ ദിനം. നല്ല മധ്യാഹ്നത്തിൽ സൂര്യൻ പോലും ഇരുണ്ടു പോയി എന്ന് നാം വായിക്കുന്നു.

ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവനും അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാവുകയില്ല എന്നും ദൂതൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഇരിക്കുമ്പോഴും എല്ലാ ഭരണവും തീരുന്ന എന്ന അവസ്ഥയിൽ ഈശോ കുരിശിൽ കിടക്കുന്ന അവസരത്തിലും ഏക പ്രത്യാശയുള്ള വ്യക്തി പരിശുദ്ധ അമ്മയായിരുന്നു. യേശുവിന്റെ കല്ലറിയിൽ തെളിച്ചുവെച്ച പ്രത്യാശയുടെ ഏകതിരുനാളവും മറിയം മാത്രമാണ്. ഒരു കാര്യം ഉറപ്പാണ് നിരാശയുടെ കാർമേഘങ്ങൾക്ക് പ്രത്യാശയുടെ സൂര്യ വെളിച്ചത്തെ അധികകാലം മറച്ചുവെക്കാൻ ആവില്ല. എപ്പോഴും സഹായം അരുളുന്ന പ്രതിസന്ധികളിൽ കൂട്ടാവുന്ന ഒരമ്മ നമുക്കുണ്ട്. വിളിക്കാതെ എങ്ങനെ അമ്മയ്ക്ക് നമ്മുടെ അടുത്തേക്ക് കടന്നു വരാൻ ആവും.

നമ്മുടെ ജീവിതത്തിലെ കരിനിഴൽ വീഴുമ്പോൾ, നിരാശ കൂപ്പുകുത്തുമ്പോൾ, ആരും സഹായിക്കാൻ ഇല്ല എന്ന് തോന്നുമ്പോൾ പ്രതിസന്ധികളിൽ പ്രത്യാശയായ നിത്യസഹായമായ പരിശുദ്ധ അമ്മയെ അമ്മേ,അമ്മേ എന്ന് വിളിച്ച് നമുക്ക് അമ്മയിൽ ആശ്രയിക്കാം. അതുകൊണ്ട് വിശുദ്ധ ബർണാഡ് അമ്മയെ വിളിക്കുന്നത് പോലെ ഞാനും അമ്മയെ വിളിക്കാൻ ആഗ്രഹിക്കുന്നു" എന്റെ പ്രത്യാശയുടെ മുഴുവൻ കാരണമേ ". "പരമ പരിശുദ്ധ മറിയമേ..എന്റെ ഹൃദയം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു. എല്ലാ വസ്തുക്കളിലും ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കട്ടെ! സമാനതകൾ ഇല്ലാത്ത റാണി എന്നെ സ്വീകരിച്ചാലും! അങ്ങയുടെ സംരക്ഷണത്തിന്റെ തണലിൽ എന്നെ നിർത്തണമേ! ആവശ്യങ്ങളിലെല്ലാം എന്റെ സഹായത്തിന് എത്തേണമേ.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »