News - 2024

മറിയം കാർമ്മലിന്റെ സൗന്ദര്യ രാജ്ഞി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 27

സിസ്റ്റർ റെറ്റി FCC 27-05-2024 - Monday

സൗന്ദര്യത്തിന് ഒരു നിർവചനം നൽകാൻ പ്രയാസമാണ്, പക്ഷേ ആത്മാവിനെ കൂടുതൽ അറിയുമ്പോൾ വിശദീകരിക്കാനാകാത്ത സന്തോഷം തരുന്ന എന്തും ഒരാൾക്ക്സൗന്ദര്യം ആണ്. പൗരസ്ത്യ സഭാ പിതാക്കന്മാർ പ്രത്യേകിച്ച്

ബൈസൈൻ്റയിൻ സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളിൽ ദൈവിക സൗന്ദര്യത്തെക്കുറിച്ച് ധാരാളമായി കാണാൻ കഴിയും .പ്രണിധാനത്തിൽ ഒരാൾ എത്തിച്ചേർന്നവർ ആസ്വദിക്കുന്ന ഒന്നാണിത് ആത്മാവ് അനുഭവിക്കുന്ന ഒരു ദൈവീക സൗന്ദര്യം.ആത്മാവിന്റെ സൗന്ദര്യത്തെ ദൈവം ആസ്വദിക്കും. കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ ദൈവം സൗന്ദര്യമാകുന്നു 'God is beauty' എന്ന് പഠിപ്പിക്കുന്നു. അങ്ങനെ ദൈവവുമായി ഒന്നായിത്തീരുന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ് സൗന്ദര്യത്തിന് ഒരു അർത്ഥം ലഭിക്കുക.

മാതാവിനെ കാർമലിന്റെ സൗന്ദര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ്. ഉത്തമഗീതം രണ്ടാം അധ്യായത്തിൽ പറയുന്നു, "എന്റെ സുന്ദരി എഴുന്നേൽക്കുക, ഇറങ്ങിവരിക, ഇതാ ശിശിരം പോയി മറഞ്ഞു. അത്തിമരം കായ്ച്ചു തുടങ്ങി. മുന്തിരിവള്ളികൾ പൂത്തുലഞ്ഞു. സുഗന്ധം പരത്തുന്നു. എന്റെ ഓമനേ എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക. എന്റെ മാടപ്പിറാവേ, പാറ ഇടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്ന് കാണട്ടെ ഞാൻ നിന്റെ സ്വരം ഒന്നു കേൾക്കട്ടെ നിന്റെ സ്വരം മധുരമാണ് നിന്റെ മുഖം മനോഹരമാണ്"(ഉത്തമഗീതം 2/10-14).

ദൈവവും ആത്മാവും തമ്മിലുള്ള ഒരു സ്നേഹ സംഭാഷണമാണ് ഇവിടെ കാണുന്നത്. എന്തുകൊണ്ടാണ് മുഖം സുന്ദരമായിരിക്കുന്നത് എന്ന് ഇവിടെ പറയുന്നു കാരണം നീ ജീവിക്കുന്നത് പാറ എടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ആണ്.. പാറ എടുക്കിനെകുറിച്ചുള്ള ഒരു വിവരണം പുറപ്പാടിന്റെ പുസ്തകത്തിൽ നാം കാണുന്നു: "എന്റെ മഹത്വം കടന്നുപോകുമ്പോൾ നിന്നെ ഈ പാറയുടെ ഒരിടുക്കിൽ ഞാൻ നിർത്തും".(Exo:33/22).

ഇനി പാറയെക്കുറിച്ചുള്ള ഒരു വിവരണം പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ കാണുന്നു. "എല്ലാവരും ആത്മീയ പാനീയം കുടിച്ചു തങ്ങളെ അനുഗമിച്ച ആത്മീയ ശിലയിൽ നിന്നാണ് അവർ പാനം ചെയ്തത് ആ ചില ക്രിസ്തുവാണ് " (1Cori10/4). പാറ ക്രിസ്തു ആണെങ്കിൽ പാറയിടുക്ക് ക്രിസ്തുവിന്റെ ജീവിതത്തിലെ രഹസ്യങ്ങൾ ആണെന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാൻ അഭിപ്രായപ്പെടുന്നു.ക്രിസ്തുവിന്റെ രഹസ്യങ്ങളെ ഏറ്റവും ആഴത്തിൽ ധ്യാനിച്ചത് പരിശുദ്ധ അമ്മയാണ്.

മാതാവിന്റെ ഉദരത്തിൽ വചനം മാംസമായ നിമിഷം മുതൽ ദൈവവചനത്തെ നോക്കി മറിയം ധ്യാനിക്കുകയായിരുന്നു. ഉള്ളിൽ വസിക്കുന്നവൻ സർവ്വശക്തൻ ആണെന്നും ദൈവപുത്രൻ ആണെന്ന് അറിയാമെങ്കിലും ആ ദൈവത്തിന്റെ പുത്രനിൽ വിശ്വസിക്കാൻ തുടങ്ങി. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറിയത്തിന്റെ സൗന്ദര്യം അവളുടെ സ്നേഹമായിരുന്നു.സ്നേഹത്തിന്റെയും സഹനത്തിന്റെയും അളവ് പോലെയാണ് മറിയത്തിന്റെ സൗന്ദര്യം തിട്ടപ്പെടുത്തേണ്ടത്.

പരിശുദ്ധ അമ്മയുടെ ഏത് ചിത്രം എടുത്താലും അവൾ അതീവ സുന്ദരിയാണ്. ഉള്ളിൽ സ്നേഹം മാത്രമുള്ളതുകൊണ്ടാണ് അവൾക്ക് ഇത്രമാത്രം സൗന്ദര്യം. സഹനം കടഞ്ഞെടുത്തപ്പോൾ ലഭിച്ച സ്നേഹമായിരുന്നു മറിയം. അതുകൊണ്ടുതന്നെ എല്ലാ അമ്മമാരുടെയും സൗന്ദര്യം അവരുടെ സ്നേഹമാകുന്നത്. അവരുടെ മനസ്സാണ്.ദൈവത്തിൻ്റേതു മാത്രമായി തീരുന്ന ഒരു വ്യക്തിക്ക് മാത്രമേ പൂർണമായി ദൈവസ്നേഹത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ വിശുദ്ധ ഫ്രാൻസിസ് സാലസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. "ദൈവത്തിൽ നിന്നല്ലാത്ത ഒരു പൊരി പോലും എന്റെ ഹൃദയത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ ഞാനത് പുറത്തേക്ക് എറിഞ്ഞു കളയും" എന്നും വിശുദ്ധൻ കൂട്ടിച്ചേർക്കുന്നു. ഒരു വീടിന് തീപിടിച്ചാൽ വീട്ടുകാർ സകലതും ജനാലയിലൂടെയും വാതിലിലൂടെയും പുറത്തേക്കിറക്കുന്നു.

ഒരു ഹൃദയം ദൈവസ്നേഹത്താൽ തീപിടിച്ചു കഴിഞ്ഞാൽ ഉടൻ ഹൃദയം ദൈവത്തെ മാത്രം സ്നേഹിക്കാൻ വേണ്ടി അതിൽ നിന്നും ഭൗമികമായ സകലതും വലിച്ചെറിയാൻ ശ്രമിക്കും".

അതുകൊണ്ട് നമ്മുടെ ഹൃദയത്തിന് സ്നേഹം കൂടാതെ നിലനിൽക്കാനാവില്ല ഒന്നുകിൽ അത് ദൈവത്തെ സ്നേഹിക്കും അല്ലെങ്കിൽ സൃഷ്ടികളെ സ്നേഹിക്കും. വിശുദ്ധ ആഗ്നസ് ഈ ലോകത്തിലെ മൈത്രിയോട് പറയുന്നു: "ആദ്യം സ്നേഹിച്ച ദൈവത്തെയല്ലാതെ എനിക്ക് മറ്റാരെയും സ്നേഹിക്കാൻ ആവില്ല".

അതിനാൽ ദൈവത്തെ സ്നേഹിച്ചു പരിശുദ്ധ അമ്മയെപ്പോലെ ദൈവിക രഹസ്യങ്ങളെ ധ്യാനിച്ച് കൂടുതൽ സൗന്ദര്യമുള്ളവർ ആകാം. ഓ മറിയമേ, ഞാൻ മുഴുവനും അങ്ങയുടെതാകുന്നു. എനിക്കുള്ളതെല്ലാം അങ്ങയുടെതാകുന്നു. എന്റെ സകലതിലേക്കും ഞാൻ അങ്ങയെ സ്വീകരിക്കുന്നു. എനിക്ക് അങ്ങയുടെ ഹൃദയം തന്നാലും.. സി.റെറ്റിFCC


Related Articles »