India - 2024

ഓശാന ഞായറാഴ്ച മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നടവയലില്‍ സ്വീകരണം നല്‍കും

പ്രവാചകശബ്ദം 22-03-2024 - Friday

നടവയൽ: മാനന്തവാടി രൂപതയിലെ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഞായറാഴ്ച സ്വീകരണം നല്‍കും. ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാർ റാഫേൽ തട്ടില്‍ കാര്‍മ്മികത്വം വഹിക്കും. മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായുള്ള ഓശാന ഞായറാഴ്‌ച ശുശ്രൂഷയ്ക്കാണ് മാര്‍ റാഫേല്‍ തട്ടില്‍ കാര്‍മ്മികത്വം വഹിക്കുകയെന്നത് ശ്രദ്ധേയമാണ്. രാവിലെ ഏഴിന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ സ്വീകരിക്കുന്ന മേജർ ആർച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടി യോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും.

തുടർന്ന് ദേവാലയത്തിൽ നടക്കുന്ന ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന പ്രദിക്ഷണത്തിലും അദ്ദേഹം സംബന്ധിക്കും. തുടർന്ന് ഇടവകയുടെ കീഴിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.ആദ്യമായി നടവയലിൽ എത്തുന്ന പിതാവിനെ സ്വീകരിക്കാനുള്ള നടപടികൾ പൂർത്തിയായതായും 10,000 പേർക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം, ജോഷി മുണ്ടയ്ക്കൽ, ബിനു മാങ്കൂട്ടത്തിൽ എന്നിവർ അറിയിച്ചു.


Related Articles »