News

ക്രിസ്തുവിന് പകരം നിൽക്കുന്നവർ | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയഞ്ചാം ദിവസം

പ്രവാചകശബ്ദം 27-03-2024 - Wednesday

"നമ്മെ സ്‌നേഹിക്കുകയും സ്വന്തം രക്തത്താല്‍ നമ്മെ പാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍" (1 പത്രോസ് 1:6).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയഞ്ചാം ദിവസം ‍

വിശുദ്ധവാരത്തിലെ പെസഹായിലേക്ക് നാം പ്രവേശിക്കുമ്പോൾ നാം ഈശോയുടെ ഭൗമിക ജീവിതത്തിന്റെ അവസാന ദിവസങ്ങളെ കുറിച്ച് ധ്യാനിക്കുകയാണ്. യേശുവിന്റെ ദൗത്യം അവിടുത്തെ സ്വർഗ്ഗാരോഹണത്തിനുശേഷവും തുടർന്നുകൊണ്ടു പോകണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. അതിനായി അവിടുന്ന് തന്റെ പരസ്യജീവിതത്തിന്റെ ആരംഭത്തിൽ തന്നെ അപ്പസ്തോലന്മാരെ വിളിക്കുകയും അവരെ പഠിപ്പിക്കുയും അവരെ പ്രത്യേകമായി ഒരുക്കുകയും ചെയ്‌തു. അപ്പസ്തോലന്മാരുടെ മരണശേഷവും തന്റെ ദൗത്യം തുടർന്നുകൊണ്ടു പോകുന്നതിനായി അവിടുന്ന് സഭയെ സ്ഥാപിച്ചു. ക്രിസ്‌തു തന്റെ അപ്പസ്തോലന്മാരെ ഭരമേൽപിച്ച ദൗത്യം യുഗാന്ത്യത്തോളം സഭയിൽ നിർവ്വഹിക്കപ്പെടുന്നത് തിരുപ്പട്ട കൂദാശയിലൂടെയാണ്.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു, "തന്റെ ശരീരത്തിന്റെ ശിരസും തന്റെ അജഗണത്തിന്റെ ഇടയനും വീണ്ടെടുപ്പു ബലിയുടെ മഹാപുരോഹിതനും സത്യത്തിന്റെ പ്രബോധകനുമെന്ന നിലയില്‍ ക്രിസ്തു തന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകന്റെ സഭാശുശ്രൂഷയിലൂടെ തന്റെ സഭയില്‍ സന്നിഹിതനാകുന്നത്. യേശു ക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയെയാണ് അവിടുത്തെ ശുശ്രൂഷകന്‍ യഥാര്‍ത്ഥത്തില്‍ സഭയില്‍ സംവഹിക്കുന്നത്".

"ഈ ശുശ്രൂഷകന്‍ താന്‍ സ്വീകരിക്കുന്ന പൌരോഹിത്യ പ്രതിഷ്ഠ മൂലം മഹാപുരോഹിതനെപോലെ തീരുന്നു. ക്രിസ്തുവിന്റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടും കൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. ക്രിസ്തുവാണ് പൌരോഹിത്യത്തിന്റെ മുഴുവന്‍ ഉറവിടം. പഴയനിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന്റെ പ്രതിരൂപമായിരിന്നു. പുതിയ നിയമത്തിലെ പുരോഹിതന്‍ ക്രിസ്തുവിന് പകരം നിന്നു പ്രവര്‍ത്തിക്കുന്നു" (CCC 1548).

പ്രിയപ്പെട്ട സഹോദരങ്ങളെ ഈ വിശുദ്ധവാരത്തിൽ നമ്മുക്ക് എല്ലാ മെത്രാന്മാർക്കുവേണ്ടിയും വൈദികർക്കുവേണ്ടിയും ഡീക്കന്മാർക്കുവേണ്ടിയും പ്രാർത്ഥിക്കാം. തിരുപ്പട്ട കൂദാശയിലൂടെ അവർക്ക് ലഭ്യമാകുന്ന ക്രിസ്‌തുവിന്റെ "വിശുദ്ധശക്തി" കാത്തുസൂക്ഷിക്കുവാനും സുവിശേഷത്തോടുള്ള വിശ്വസ്തതയുടെ അടയാളങ്ങളായി ജീവിക്കുവാനും അവർക്കു സാധിക്കുന്നതിനും വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം.


Related Articles »