Videos

യേശുവിന്റെ അത്യധികമായ ആഗ്രഹം | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയാറാം ദിവസം

പ്രവാചകശബ്ദം 28-03-2024 - Thursday

"അവര്‍ ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു അപ്പമെടുത്ത്, ആശീര്‍വദിച്ച്, മുറിച്ച്, അവര്‍ക്കു നല്‍കിക്കൊണ്ട് അരുളിച്ചെയ്തു: ഇതു സ്വീകരിക്കുവിന്‍; ഇത് എന്റെ ശരീരമാണ്" (മര്‍ക്കോസ് 14:22).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയാറാം ദിവസം ‍

പീഡാസഹനത്തിന് മുൻപ്, ഈശോ അവിടുത്തെ അത്യധികമായ ആഗ്രഹം ശിഷ്യന്മാരുമായി പങ്കുവെക്കുന്നത് സുവിശേഷത്തിൽ നാം കാണുന്നു. ഈശോ അവരോട് പറഞ്ഞു: പീഢയാനുഭവിക്കുന്നതിന് മുൻപ് നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു. ഈ വാക്കുകൾ പറഞ്ഞുകൊണ്ടാണ് അവിടുന്ന് പരിശുദ്ധ കുർബാനയുടെ സ്ഥാപന കർമ്മം ആരംഭിക്കുന്നത്. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് നടന്ന ഈ രംഗം ഈശോയ്ക്ക് നമ്മോടുള്ള ആഴമായ സ്നേഹവും അവിടുത്തേക്ക് നമ്മോടോപ്പമായിരിക്കുവാനുള്ള അത്യധികമായ ആഗ്രഹവും വെളിപ്പെടുത്തുന്നതായിരുന്നു.

"കർത്താവു തനിക്കു സ്വന്തമായിട്ടുള്ളവരെ സ്നേഹിച്ചു: അവസാനംവരെ സ്നേഹിച്ചു. ഈ ലോകം വിട്ടു തന്റെ പിതാവിന്റെ പക്കലേക്കു പോകാനുള്ള സമയമായെന്ന് അറിഞ്ഞുകൊണ്ട്, ഭക്ഷണസമയത്ത് അവിടുന്ന് അവരുടെ പാദങ്ങൾ കഴുകുകയും സ്നേഹത്തിന്റെ കൽപന അവർക്കു നൽകുകയും ചെയ്തു. അവർക്ക് ഈ സ്നേഹത്തിന്റെ അച്ചാരം നൽകുന്നതിനും, തന്റെ സ്വന്തമായിട്ടുള്ളവരിൽനിന്ന് ഒരിക്കലും വേർപിരിയാതിരിക്കുന്നതിനും അവരെ തന്റെ പെസഹായിൽ പങ്കുകാരാക്കുന്നതിനും വേണ്ടി, തൻ്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്‌മാരകമായി അവിടുന്ന് കുർബാന സ്‌ഥാപിച്ചു. തന്റെ പുനരാഗമനംവരെ അത് ആഘോഷിക്കുവാൻ തന്റെ അപ്പസ്തോലൻ‌മാരോടു കൽപിക്കുകയും അതിലൂടെ അവിടുന്ന് അവരെ പുതിയനിയമത്തിലെ പുരോഹിതന്മാരാക്കുകയും ചെയ്‌തു". (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1337).

അങ്ങനെ യേശുവിന് എന്നേക്കും നമ്മോടോപ്പമായിരിക്കുവാൻ അവിടുന്ന് വിശുദ്ധ കുർബാനയും പൗരോഹിത്യവും സ്ഥാപിക്കുകയും ചെയ്‌തു. നമ്മുടെ ദേവാലയങ്ങളിൽ അർപ്പിക്കപ്പെടുന്ന ഓരോ വിശുദ്ധ കുർബാനയും ക്രിസ്‌തുവിന്റെ പെസഹായുടെ അനുസ്‌മരണമാണ്. "വിശുദ്ധ കുര്‍ബാന ഒരു ബലിയാണ്. കാരണം അത് കുരിശിലെ ബലിയെ സന്നിഹിതമാക്കുന്നു" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 1366)

പ്രിയപ്പെട്ട സഹോദരങ്ങളെ, ഓരോ വിശുദ്ധ കുര്‍ബാനയിലൂടെയും നമ്മോട് ഒന്നായിത്തീരണമെന്ന് ഈശോ അതിയായി ആഗ്രഹിക്കുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കുരിശാകുന്ന അൾത്താരയിൽ രക്തം ചിന്തി തന്നെത്തന്നെ അർപ്പിച്ച ക്രിസ്‌തു നമ്മുടെ ദേവാലയത്തിലെ അൾത്താരയിൽ സന്നിഹിതനാകുന്ന വിശുദ്ധ കുര്‍ബാനയോടുള്ള നമ്മുടെ മനോഭാവം എന്താണ്? നമ്മുക്ക് വിചിന്തനം ചെയ്യാം. വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നാം മടി കാണിക്കുമ്പോഴും, വിശുദ്ധ കുബാനയിൽ നാം അലസമായി പങ്കെടുക്കുമ്പോഴും ഈശോ നമ്മോടും പറയുന്നുണ്ട്: "നിങ്ങളോടുകൂടെ ഈ പെസഹാ ഭക്ഷിക്കുന്നതിന് ഞാൻ അത്യധികം ആഗ്രഹിച്ചു" ജീവദായകമായ ആ സ്വരം കേൾക്കാൻ നമ്മുടെ ഹൃദയങ്ങളെ നമ്മുക്ക് തുറക്കാം.


Related Articles »