News

എല്ലാം പൂർത്തിയായിരിക്കുന്നു | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിയേഴാം ദിവസം

പ്രവാചകശബ്ദം 29-03-2024 - Friday

യേശു വിനാഗിരി സ്വീകരിച്ചിട്ടു പറഞ്ഞു: എല്ലാം പൂര്‍ത്തിയായിരിക്കുന്നു. അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു (യോഹ 19:30).

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിയേഴാം ദിവസം ‍

ദൈവപുത്രനും ലോകരക്ഷകനുമായ യേശുക്രിസ്‌തു ഈ ഭൂമിയിലേക്ക് വന്നിട്ടും അനേകർ അവിടുത്തെ തിരിച്ചറിഞ്ഞില്ല. അതിനാൽ മഹത്വത്തിന്റെ കർത്താവിനെ അവർ കുരിശിൽ തറച്ചു. തന്റെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യർ അവിടുത്തെ കുരിശിൽ തറച്ചുവെങ്കിലും അവിടുത്തെ മറ്റു സൃഷ്ടികൾ അവിടുത്തെ തിരിച്ചറിഞ്ഞു. അതിനാൽ യേശു കുരിശിൽ കിടന്നുകൊണ്ട് എല്ലാം പൂർത്തിയായിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് ജീവൻ വെടിഞ്ഞപ്പോൾ ദേവാലയത്തിലെ തിരശ്ശീല മുകൾ മുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു. നിദ്രപ്രാപിച്ചിരുന്ന പല വിശുദ്ധന്‍മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു. അവന്റെ പുനരുത്ഥാനത്തിനുശേഷം, അവര്‍ ശവകുടീരങ്ങളില്‍നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്‍ക്കും പ്രത്യക്ഷപ്പെട്ടു. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു. (മത്തായി 27:51-54).

മരണസമയത്തെ അവിടുത്തെ വാക്കുകളും സൃഷ്ടപ്രപഞ്ചത്തിൽ നടന്ന ഭയാനകമായ സംഭവങ്ങളും അവിടുന്നു സൃഷ്ടാവായ ദൈവമാണെന്ന് വീണ്ടും ലോകത്തിന് വെളിപ്പെടുത്തുന്നു. അവിടുന്ന് പറഞ്ഞു: "എല്ലാം പൂർത്തിയായിരിക്കുന്നു" എപ്രകാരം എല്ലാം പൂർത്തിയാക്കി ജീവൻ വെടിയുവാൻ ദൈവത്തിനല്ലാതെ മറ്റാർക്കാണ് സാധിക്കുക. വിശുദ്ധ അഗസ്തീനോസ് ഇതേപ്പറ്റി ഇപ്രകാരം പറയുന്നു: "മരിക്കുന്നതിന് മുൻപ് പൂർത്തിയാക്കാനായി ഇനി ഒന്നുമില്ലാത്തതിനാൽ ജീവൻ സമർപ്പിക്കാനും തിരികെയെടുക്കാനും അധികാരമുള്ളവൻ എന്ന നിലയിൽ അവൻ തലചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു (യോഹന്നാന്റെ സുവിശേഷ ഭാഷ്യം).

സൃഷ്ടാവായ ദൈവം ജീവൻ വെടിഞ്ഞപ്പോൾ സകല സൃഷ്ടികളും അവിടുത്തോടോത്തു പീഡയനുഭവിക്കുകയും തങ്ങളുടെ നാഥനുവേണ്ടി വിലപിക്കുകയും ചെയ്യുന്നു. സഭാപിതാവായ വിശുദ്ധ അപ്രേം ഇപ്രകാരം പറയുന്നു: "മഹത്വത്തിന്റെ രാജാവിനെ അവർ തള്ളിക്കളയുകയും നീതിരഹിതമായി ക്രൂശിക്കുകയും ചെയ്‌തു. തന്നിമിത്തം ദേവാലയത്തിന്റെ വിരി പിളർന്നു. സൃഷ്ടികളെല്ലാം അവന്റെ വേദനയിൽ പങ്കുചേർന്നു. ക്രൂശിതനെ കാണാൻ കരുത്തില്ലാതെ സൂര്യൻ മുഖം മറച്ചു. അവനോടുകൂടി മരിക്കാനായി സൂര്യൻ തന്റെ പ്രകാശത്തെ തന്നിലേക്ക് തിരിച്ചു വിളിച്ചു. മൂന്നുമണിക്കൂർ അന്ധകാരമായിരുന്നു. മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രഘോഷിച്ചുകൊണ്ട് സൂര്യൻ വീണ്ടും പ്രകാശിച്ചു” (Commentary on Tatian’s Diatessaron, 21.5).

മാനുഷികമായ നയനങ്ങൾകൊണ്ട് കാണുവാനും മനുഷ്യകരങ്ങൾ കൊണ്ടും സ്പർശിക്കുവാനും, മനുഷ്യന്റെ ഭാഷയിൽ സംസാരിക്കുവാനും കഴിയുന്ന തരത്തിൽ ദൈവം ഭൂമിയിലേക്ക് വന്നു. അവിടുത്തെ തിരുപ്പിറവിയുടെ സമയത്ത് നക്ഷത്രങ്ങൾ പോലും അവൻ ദൈവമാണെന്ന് പ്രഘോഷിച്ചു കൊണ്ട് അവനിലേക്ക് മനുഷ്യനെ നയിച്ചു. അവന്റെ മരണസമയത്ത് സകല സൃഷ്ടികളും അവിടുത്തേക്ക്‌ വേണ്ടി നിലവിളിച്ചു. എന്നിട്ടും അവിടുന്ന് ദൈവമാണെന്ന് തിരിച്ചറിയാതെ അനേകർ ഈ ഭൂമിയിൽ ജീവിക്കുന്നു.

പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുക്ക് ഈ ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കാം സകല മനുഷ്യരും യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും അങ്ങനെ എല്ലാ മനുഷ്യരും രക്ഷപ്രാപിക്കുകയും ചെയ്യട്ടെ. അതിനായി നമ്മുക്ക് ലോകം മുഴുവനോടും പ്രഘോഷിക്കാം: "കർത്താവായ യേശുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" (അപ്പ 16:31).


Related Articles »