News - 2024

പുതുഞായർ അഥവാ വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ

പ്രവാചകശബ്ദം 07-04-2024 - Sunday

സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ "മാർത്തോമ്മാ ശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ" എന്നും അറിയപ്പെടുന്നു. ദുക്റാന തിരുനാൾ പോലെ പ്രാധാന്യത്തോടെ തോമ്മാശ്ലീഹായെ ഓർമ്മിക്കുന്ന ദിവസം.

ഈ ഓർമ്മ കേവലം ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത് പോലെയല്ല, പ്രത്യുത ഈ സഭയുടെ വിശ്വാസത്തിന്റെ ആഘോഷമാണ്. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷമനുസരിച്ച് ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നത് തോമ്മാശ്ലീഹായാണ്. അതാണ് "മാർവാലാഹ്: എന്റെ കർത്താവും എന്റെ ദൈവവും". പഴയ നിയമത്തിൽ യഹോവയ്‌ക്ക് കൊടുത്തിരുന്ന അതേ വിശേഷണങ്ങൾ "കർത്താവും ദൈവവും" എന്നത് ഈശോയ്ക്ക് നൽകി വെളിപാടിനെ ഊട്ടിയുറപ്പിക്കുകയാണ് തോമ്മാശ്ലീഹാ ചെയ്തത്.

ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ അടിത്തറയിലാണ് മാർത്തോമ്മാ നസ്രാണി സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഈ സഭയുടെ പരി. കുർബാനയിലെയും യാമപ്രാർത്ഥനകളിലേയും കൂദാശകളിലെയുമൊക്കെ ഒട്ടുമിക്ക പ്രാർത്ഥനകളും ആരംഭിക്കുന്നത് തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ്. "മാർവാലാഹ്" ജപം അത്രമാത്രം ഈ സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് പുതു ഞായറാഴ്ചയെ "മാർവാലാഹ്" ദിനം എന്നു കൂടി സഭയിൽ വിളിക്കുന്നത്.

വിവരങ്ങള്‍ക്കു കടപ്പാട്: ഡോ. ജയിംസ് ചവറപ്പുഴ


Related Articles »