News
നൈജീരിയന്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ മാധ്യമപ്രവർത്തകർ തുറന്നുക്കാട്ടണം: വേരിറ്റാസ് യൂണിവേഴ്സിറ്റി ചാന്‍സലര്‍
പ്രവാചകശബ്ദം 01-02-2025 - Saturday
അബൂജ: മാധ്യമപ്രവർത്തകർ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്നുക്കാട്ടണമെന്ന അഭ്യര്‍ത്ഥനയുമായി നൈജീരിയന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍. നൈജീരിയയിലെ വേരിറ്റാസ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും അവ്ക രൂപത വൈദികനുമായ ഫാ. ഹയാസിന്ത് എമെൻ്റ ഇചോകുവാണ് വിഷയത്തില്‍ മാധ്യമ ഇടപെടല്‍ തേടി രംഗത്ത് വന്നിരിക്കുന്നത്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന പീഡനം രാജ്യത്തെ ഏറ്റവും ഉയർന്ന കൊടുമുടിയിലാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇത് തുറന്നുക്കാട്ടാന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിശുദ്ധ ഡോൺ ബോസ്‌കോയുടെ തിരുനാളിനോട് അനുബന്ധിച്ച് സെൻ്റ് ജോസഫൈൻ ബഖിത കമ്മ്യൂണിറ്റി ഓഫ് സലേഷ്യൻസ് സംഘടിപ്പിച്ച ഒരു പരിപാടിയ്ക്കുപിന്നാലെയാണ്, ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ 'എസിഐ ആഫ്രിക്ക'യ്ക്ക് നൽകിയ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. പീഡനം എല്ലായ്പ്പോഴും ക്രൈസ്തവ ചരിത്രത്തിന്റെ തുടക്കം മുതൽ തന്നെ ഭാഗമാണ്. ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടാത്ത ഒരു നിമിഷവുമില്ലാ. പീഡനം എല്ലായ്‌പ്പോഴും ആളുകൾ കൊല്ലപ്പെടുന്നുവെന്ന് അർത്ഥമാക്കുന്നില്ല.
ആളുകളുടെ വിശ്വാസങ്ങൾ കാരണം അവരുടെ അവകാശങ്ങൾ നിഷേധിക്കുമ്പോൾ, അത് പീഡനമാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റമോ പള്ളി പണിയുന്നതിനുള്ള ഭൂമിയുടെ സാധ്യതയോ നിഷേധിക്കപ്പെടുന്നത് അടിച്ചമർത്തലുകള്‍ തന്നെയാണ്. വിശ്വാസത്തിന്റെ പേരിൽ ആളുകളെ പീഡിപ്പിക്കുന്നത് സർക്കാർ നയമാക്കുമ്പോൾ അത് അപകടകരമാണ്. ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് ഒരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നത് കടുത്ത അനീതിയാണ്. ശ്രദ്ധിക്കപ്പെടാതെ പോകുന്ന പീഡനം ഒടുവിൽ കൂടുതൽ ഹീനമായിരിക്കും. എന്നാൽ ശബ്ദമുള്ളവർക്ക് ഈ അനീതികൾക്ക് എതിരെ പ്രതികരിക്കാന്‍ കഴിയുമെങ്കിൽ, അത് ഈ പ്രശ്നത്തിന് മേല്‍ നടപടി ആവശ്യപ്പെടുന്ന ഒരു പൊതു ആശങ്കയാക്കി മാറ്റും.
ക്രൈസ്തവ മാധ്യമ പ്രവർത്തകരും മാധ്യമ പരിശീലനം നടത്തുന്നവരും തങ്ങളുടെ ജോലിയെ ക്രൈസ്തവ വിരുദ്ധ പീഡനത്തെയും ക്രിസ്തുവിൻ്റെ ശരീരത്തിനെതിരായ ഏത് തരത്തിലുള്ള വിവേചനത്തെയും തുറന്നുകാട്ടാൻ ഉപയോഗിക്കേണ്ട ഒരു തൊഴിലായി കാണണം. നൈജീരിയയിലെ ക്രൈസ്തവരുടെ ദുരവസ്ഥകൾ മുന്നിൽ കൊണ്ടുവരാൻ മാധ്യമ വാദങ്ങൾ പ്രധാനമാണെന്നും പീഡനത്തിനും അടിച്ചമർത്തലിനും മുന്നിൽ മിണ്ടാതിരിക്കരുതെന്നും ഫാ. ഇച്ചോക്കു അഭ്യര്‍ത്ഥിച്ചു. അടുത്തിടെ ഓപ്പണ്‍ ഡോഴ്സ് പുറത്തിറക്കിയ ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏറ്റവും പീഡനങ്ങള്‍ അരങ്ങേറുന്ന ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് നൈജീരിയ.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️