News - 2025

പരിശുദ്ധ മറിയമെന്ന അത്ഭുതം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 12

സിസ്റ്റർ റെറ്റി FCC 12-05-2024 - Sunday

ഇന്ന് മെയ് മാസം പന്ത്രണ്ടാം തീയതി, മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച, ലോക മാതൃദിനം. ഈ പുണ്യദിനത്തിൽ പരിശുദ്ധ അമ്മയെന്ന അത്ഭുതം തന്നെയാകട്ടെ മരിയ സ്പന്ദനത്തിലെ ചിന്താവിഷയം. മറിയത്തിൻ്റെ ഈ ലോകജീവിതം ഒരു അത്ഭുതമായിരുന്നു. അമലോത്ഭവ ജനനം മുതൽ സ്വർഗ്ഗാരോപണംവരെ നീണ്ടുനിന്ന അത്ഭുതം. സ്വർഗ്ഗത്തിലിരുന്നും അമ്മ ആ അത്ഭുതങ്ങൾ തുടരുന്നു. പിതാവായ ദൈവം, ഒരു സൃഷ്ടിക്കു സ്വീകരിക്കാവുന്നിടത്തോളം അത്ഭുതങ്ങൾ അവളിൽ നിക്ഷേപിച്ചു. എന്തുകൊണ്ടെന്നാല്‍ തന്‍റെ നിത്യപുത്രനെയും അവിടുത്തെ മൗതികശരീരത്തിലെ എല്ലാ അംഗങ്ങളെയും രൂപപ്പെടുത്താന്‍ വേണ്ട ശക്തി നല്‍കുവാന്‍ വേണ്ടിയായിരുന്നു അത് എന്നു വിശുദ്ധ ലൂയിസ് മോണ്‍ഫൊർട്ട് പറയുന്നു.

നമ്മുടെ ജീവിതത്തിന് റോസാപ്പൂവിന്റെ നിറവും മണവും പകരുന്ന റോസാമിസ്റ്റിക് ആണ് മറിയം. നസ്രത്തിലെ മറിയം ദൈവപുത്രന്റെ അമ്മ മാത്രമല്ല നമ്മുടെയും അമ്മയാകണം. പരിശുദ്ധ അമ്മ അത്ഭുതങ്ങളുടെ ഒരു കലവറയാണ്. ഈശോ അത്ഭുതങ്ങൾ ആരംഭിക്കുന്നത് തന്നെ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തിലാണ്.ഏവർക്കും സുപരിചിതമാണ് കാനായിലെ കല്യാണം.. (Jn:2/1-11). അവർക്ക് വീഞ്ഞില്ല(Jn: 2/3). മാതാവിനോട് ആരും പറഞ്ഞില്ല എന്റെ അമ്മേ ഞങ്ങൾ ആകെ വിഷമത്തിലാണ് ഒന്ന് സഹായിക്കണമെന്ന് .എങ്കിലും അവൾ അറിഞ്ഞു. ആരും പറയാതെ കാര്യങ്ങൾ അറിയുന്നവൾ മറിയം. നമ്മുടെ വീട്ടിൽ ഒരു ദാരിദ്ര്യം ഉണ്ടായാൽ,ഒരു രോഗം ഉണ്ടായാൽ, ആരും പറയാതെ അറിയുന്നവളാണ് പരിശുദ്ധ അമ്മ.

അവൻ പറയുന്നതുപോലെ ചെയ്യുവിൻ (Jn: 2/5) എന്തിനോടും ഏതിനോടും പെട്ടെന്ന് പ്രതികരിക്കുന്നവൾ മറിയം. അതെ ഞാൻ ഒരു കാര്യം ചെയ്താൽ മറ്റുള്ളവർ എന്ത് വിചാരിക്കും അവർ എന്തു പറയും എന്നൊക്കെ വിചാരിച്ച് പലപ്പോഴും നന്മ ചെയ്യുവാൻ മടി കാണിക്കുന്ന ഇന്നത്തെ ലോകത്ത് തിടുക്കത്തിൽ കാര്യങ്ങൾ ചെയ്യുന്നവളാണ് പരിശുദ്ധ മറിയം. പരിശുദ്ധ അമ്മ ഏലീശ്വാമ്മയുടെ അടുക്കൽ പോകുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആരോടും ചോദിച്ചിട്ടല്ല. അപരൻ്റെ ആവശ്യത്തിൽ അവരുടെ കാര്യങ്ങളോട് ഭാവാത്മകമായി പ്രതികരിക്കുന്ന മാതാവിന്റെ മനോഭാവം നമുക്കും സ്വന്തമാക്കാം.

ഇതിനുശേഷം അവൻ തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടും കൂടി കഫർണ്ണാമിലേക്ക് പോയി(Jn: 2/12). നന്ദി പ്രതീക്ഷിക്കാതെ കടന്നു പോകുന്നവൾ മറിയം ഒരിക്കലും നന്ദി പ്രതീക്ഷിക്കുന്നില്ല കണക്കുകൾ പറയുന്നത് ഒരു സ്ത്രീ15km രാവിലെ മുതൽ വൈകുന്നേരം വരെ തന്റെ വീടിനകത്തും പുറത്തുമായി ഓടിനടക്കുന്നു എന്നാണ്. നമ്മളും പ്രഭാതം മുതൽ എത്ര കിലോമീറ്റർ ആണ് നടക്കുക.. നാം ചെയ്യുന്ന സേവനത്തിന്റെ കണക്കുകൾ കൂട്ടി നോക്കാറുണ്ടോ.. നാം ചെയ്യുന്ന ജോലിക്ക് പ്രതിഫലം ഇച്ഛിക്കാറുണ്ടോ.. നമ്മുടെ മനോഭാവവും മറിയത്തിന്റെ മനോഭാവം പോലെയാണോ ഇല്ലെങ്കിൽ ഈ മനോഭാവം നമുക്കുണ്ടാകുവാൻ പ്രാർത്ഥിക്കാം


Related Articles »