News

194 ഭാഷകളിലായി 51 ദശലക്ഷം കോപ്പികൾ: ലോകമെമ്പാടുമായി കുട്ടികളുടെ ബൈബിള്‍ ഹിറ്റ്

പ്രവാചകശബ്ദം 23-05-2024 - Thursday

മെക്സിക്കോ സിറ്റി: 1979 മുതൽ ഇതുവരെ, ഇരുനൂറോളം ഭാഷകളിലായി 51 ദശലക്ഷം കോപ്പി കുട്ടികളുടെ ബൈബിള്‍ അച്ചടിച്ചിട്ടുണ്ടെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. 1979-ൽ പ്യൂബ്ലയിൽ (മെക്സിക്കോ) നടന്ന ലാറ്റിനമേരിക്കയുടെ മൂന്നാമത്തെ ജനറൽ എപ്പിസ്കോപ്പൽ കോൺഫറൻസിൽ അവതരിപ്പിച്ചതിന് ശേഷമാണ് ബൈബിൾ പതിപ്പ് പ്രസിദ്ധീകരിച്ചത്. ഇത് 194 ഭാഷകളിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്. 1979 കുട്ടികളുടെ അന്താരാഷ്ട്ര വര്‍ഷമായി ആചരിച്ചിരിന്നു.

ചെറുപ്പത്തില്‍ കുട്ടികളുടെ ബൈബിള്‍ ലഭിച്ചതു ഒരിക്കലും മറക്കാനാകില്ലായെന്ന് ക്യൂബൻ വൈദികനായ ഫാ. റൊളാൻഡോ മോണ്ടെസ് ഡി എ‌സിഎന്നിനോട് പറഞ്ഞു. ഞാൻ അപ്പോഴും ചെറുപ്പമായിരുന്നു, പക്ഷേ ഞങ്ങളുടെ വൈദികന്‍ വന്ന് കുട്ടികളുടെ ബൈബിൾ നൽകിയത് ഞാൻ ഒരിക്കലും മറക്കില്ല. ഈ ബൈബിൾ ഉപയോഗിച്ച് ഞാൻ കർത്താവിനെക്കുറിച്ചും രക്ഷയുടെ ചരിത്രത്തെക്കുറിച്ചും പഠിച്ചു, ഞാൻ ദൈവവുമായി പ്രണയത്തിലായി. ഞാൻ പ്രണയിച്ച ഈ ദൈവമാണ് എന്നെ പൗരോഹിത്യത്തിലേക്ക് വിളിച്ചത്. സെമിനാരിയില്‍ ചേര്‍ന്നപ്പോഴും കുട്ടികളുടെ ബൈബിള്‍ കൊണ്ടുപോയിരിന്നുവെന്ന് ഫാ. റൊളാൻഡോ വെളിപ്പെടുത്തി.

കെനിയയിൽ മിക്ക കുട്ടികളും തുർക്കാന എന്ന ഭാഷ മാത്രമേ സംസാരിക്കൂ. വെല്ലുവിളികള്‍ക്കിടയിലും, പ്രദേശത്തെ കുട്ടികളെ സുവിശേഷവൽക്കരിക്കാൻ മിഷ്ണറിമാർ, കുട്ടികളുടെ ബൈബിൾ ഉപയോഗിച്ചുവെന്നും ഇത് വിജയകരമായിരിന്നുവെന്നും സാൻ പാബ്ലോ അപ്പോസ്റ്റോളിലെ മിഷ്ണറി കമ്മ്യൂണിറ്റിയിൽ നിന്നുള്ള ലിലിയൻ ഒമാരി പറയുന്നു. ചിത്രങ്ങൾ ഉള്ളതിനാൽ, അവർക്ക് ബൈബിള്‍ കാണാനും നോക്കാനും അതിൽ സ്പർശിക്കാനും അനുഭവിക്കാനും കഴിയുന്നു. പ്രദേശത്തെ വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ തങ്ങളെ സഹായിച്ച കാര്യങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »