News - 2024

മെക്സിക്കന്‍ ദേവാലയത്തില്‍ മോഷണത്തിനിടെ വിശുദ്ധ കുര്‍ബാന അവഹേളനം; നാളെ പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനം

പ്രവാചകശബ്ദം 24-07-2024 - Wednesday

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ലിയോൺ നഗരത്തിലെ ഗ്വാനജുവാറ്റോ കത്തോലിക്ക ദേവാലയത്തില്‍ കൊള്ളയടി ശ്രമത്തിനിടെ വിശുദ്ധ കുര്‍ബാന അവഹേളിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ജൂലൈ 19 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ നല്ല ഇടയൻ ദേവാലയത്തിലാണ് മോഷണവും ആക്രമണവും നടന്നത്. വിശുദ്ധ കുർബാന, തിരുശേഷിപ്പ്, സക്രാരി, മെഴുകുതിരി സ്റ്റാൻഡ്, മൈക്രോഫോൺ, എന്നിവ ഉള്‍പ്പെടെയുള്ളവ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രധാന വാതിലിൻ്റെ പൂട്ടില്‍ അക്രമികള്‍ കേടുപാടുകൾ വരുത്തിയിരിന്നു.

സംഭവത്തെ അപലപിച്ച ഫാ. വെലെസ് വർഗാസ്, വേദനാജനകമായ അത്തരം പ്രവൃത്തികൾ ചെയ്തവരുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം ചെയ്തു. വാഴ്ത്തിയ തിരുവോസ്തി ചിതറികിടക്കുന്നുണ്ടായിരിന്നുവെന്നും വിശുദ്ധ കുര്‍ബാനയോടുള്ള അവഹേളനമായതിനാല്‍ പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കണമെന്നും ലിയോൺ അതിരൂപത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രായശ്ചിത്ത പ്രാര്‍ത്ഥനാദിനത്തില്‍ പങ്കുചേരാന്‍ അതിരൂപത, എല്ലാ വൈദികരെയും വിശ്വാസികളെയും ക്ഷണിച്ചു. എല്ലാ ഇടവകകളിലും സെമിനാരികളിലും നാളെ ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് പാപപരിഹാരത്തിൻ്റെ മണിക്കൂര്‍ ആചരിക്കുവാനാണ് നിര്‍ദ്ദേശം. നോര്‍ത്ത് അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്.


Related Articles »