News

ജരൻവാലയിലെ ആക്രമണത്തിന് ഒരാണ്ട്; നീതി ലഭിക്കാതെ ക്രൈസ്തവ സമൂഹം

പ്രവാചകശബ്ദം 17-08-2024 - Saturday

ജരൻവാല: പാക്കിസ്ഥാനിലെ ജരൻവാലയിൽ ക്രൈസ്തവ സമൂഹത്തെ ഇസ്ലാം മതസ്ഥര്‍ ആക്രമിച്ച് ഒരു വർഷം പിന്നിട്ടിട്ടും നീതി ഇനിയും അകലെ. നൂറുകണക്കിന് ക്രൈസ്തവരുടെ ഭവനങ്ങളും 26 പള്ളികളും അന്നത്തെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടിരിന്നു. ഇരകൾ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. അന്നത്തെ ആക്രമണത്തില്‍ കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും പേരെയും ജാമ്യത്തിൽ വിട്ടയച്ചിരിന്നു. പന്ത്രണ്ടോളം പ്രതികൾ മാത്രമാണ് ഇപ്പോഴും വിചാരണ നേരിടുന്നതെന്ന് ന്യൂനപക്ഷ സഖ്യത്തിൻ്റെ ചെയർമാൻ അക്മൽ ഭട്ടി ഇൻ്റർനാഷണൽ ക്രിസ്ത്യൻ കൺസേൺ (ഐസിസി)യോട് പറഞ്ഞു.

2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി.

ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന നൂറ്റിഅന്‍പതോളം പേരെയാണ് അന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചിരിന്നുവെങ്കിലും ഫലം കണ്ടില്ല.

ജരൻവാലയിലെ ക്രിസ്ത്യൻ സമൂഹത്തിൻ്റെ തുടർച്ചയായ പാർശ്വവൽക്കരണം ഏറെ പ്രതിസന്ധി സൃഷ്ടിച്ചതായി ആംനസ്റ്റി ഇൻ്റർനാഷണൽ ചൂണ്ടിക്കാട്ടി. പിരിമുറുക്കം രൂക്ഷമായതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടു, ചില കുടുംബങ്ങൾ സുരക്ഷിതത്വം തേടി അയൽ നഗരങ്ങളിലേക്ക് കുടിയേറി. ജനക്കൂട്ടത്തെ ആക്രമണത്തിന് പ്രേരിപ്പിച്ച മതനേതാക്കൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുകയും പ്രദേശത്ത് സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ടെന്നും സംഘടന പറയുന്നു.


Related Articles »