News

അമേരിക്കയില്‍ വിശുദ്ധ മദർ തെരേസ എക്സിബിഷന്‍ തുടരുന്നു

പ്രവാചകശബ്ദം 09-09-2024 - Monday

വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നാഷ്ണൽ ദേവാലയത്തിൽ മദർ തെരേസയുടെ ജീവിതത്തെ കേന്ദ്രമാക്കിയുള്ള എക്സിബിഷന്‍ തുടരുന്നു. ഓഗസ്റ്റ് 19ന് ആരംഭിച്ച എക്സിബിഷന്‍ നവംബർ 11 വരെ തുടരും. മദർ തെരേസയുടെ പല സ്വകാര്യ വസ്‌തുക്കളും വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുശേഷിപ്പിനൊപ്പം സൂക്ഷിച്ചിട്ടുണ്ട്.

സ്‌കൂളുകൾക്കും യുവജന ഗ്രൂപ്പുകൾക്കും പാവപ്പെട്ടവരുടെ രോഗികളുടെയും പരിചരണത്തിനായി സമര്‍പ്പിക്കപ്പെട്ട സംഘടനകള്‍ക്കും എക്സിബിഷന്‍ ആകര്‍ഷകമായി തീരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻ്റ് ജോൺ പോൾ രണ്ടാമൻ നാഷ്ണൽ ദേവാലയത്തിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആൻ്റണി പികാരെല്ലോ പറഞ്ഞു. മദർ തെരേസ ധരിച്ചിരുന്ന സാരി, ക്രൂശിതരൂപം, പ്രധാന രേഖകൾ എന്നിവയുൾപ്പെടെ മദർ തെരേസയുടെ നിരവധി തിരുശേഷിപ്പുകൾ സന്ദർശകർക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്.

വിശുദ്ധരുടെ സാന്നിധ്യത്തിലായിരിക്കാൻ നമ്മെ അനുവദിക്കുന്നതിനാൽ തിരുശേഷിപ്പുകള്‍ വളരെ പ്രാധാന്യമർഹിക്കുന്നതാണെന്ന് പികാരെല്ലോ വിശദീകരിച്ചു. എക്സിബിഷന്‍ വിശുദ്ധ ജോൺ പോൾ രണ്ടാമൻ ദേവാലയത്തില്‍ നടത്തുന്നതിനു പിന്നിലും ഇരുവരുടെയും സൗഹൃദം വലിയ ഘടകമാണ്. വിശുദ്ധ ജോൺ പോൾ രണ്ടാമനും മദർ തെരേസയും തമ്മിലുള്ള ആത്മീയ സൗഹൃദം ആഗോള ശ്രദ്ധ നേടിയിരിന്നു. ആധുനിക കാലത്ത് ജീവന്റെ മഹത്വത്തിന് വേണ്ടി ഏറ്റവും അധികം നിലക്കൊണ്ടവരാണ് രണ്ടു വിശുദ്ധരും.


Related Articles »