News
ചെമ്പന്‍തൊട്ടി ദേവാലയത്തിലെ ഊറാറ ശൗചാലയത്തിൽ: ഇടവക ഭരണസമിതി പോലീസില്‍ പരാതി നല്‍കി
പ്രവാചകശബ്ദം 16-11-2024 - Saturday
ചെമ്പന്തൊട്ടി (കണ്ണൂർ): ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന പള്ളിയിലെ കൂദാശ വസ്ത്രമായ ഊറാറകൾ ശൗചാലയത്തിൽ നിന്നു കണ്ടെത്തിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ഇതിനെതിരേ ശ്രീകണ്ഠപുരം പോലീസിൽ പള്ളി ട്രസ്റ്റി വർഗീസ് നെടിയകാലായിൽ പരാതി നൽകി. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ഇടവക ഭരണസമിതി പരാതിയിൽ ആവശ്യപ്പെട്ടു. കലോല്‍ത്സവത്തിനിടെ പള്ളിയിലും കോണ്‍വെന്‍റിലും നിസ്ക്കാരത്തിന് സ്ഥലം ആവശ്യപ്പെട്ട് ചില കുട്ടികള്‍ രംഗത്ത് വന്നിരിന്നു. ഇത് നിരസിച്ചിരിന്നു. ഇതുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന ആശങ്കയും ശക്തമാണ്.
ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ; ഇക്കഴിഞ്ഞ 11 മുതൽ 14 വരെ ചെമ്പന്തൊട്ടി സെൻ്റ് ജോർജ് ഹൈസ്‌കുളിലും ചെറുപുഷ്പം യുപി സ്കൂളിലുമായി ഇരിക്കൂർ സബ്‌ജില്ലാ കലോത്സവം നടന്നിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളും അധ്യാപകരും മാതാപിതാക്കളും ഉള്‍പ്പെടെ ദേവാലയ പരിസരത്ത് ഉണ്ടായിരിന്നു. 13ന് ചെമ്പന്തൊട്ടി പള്ളി വരാന്തയിലെ കുമ്പസാരക്കൂട്ടിൽനിന്നു വൈദികർ ധരിക്കുന്ന കൂദാശ വസ്ത്രമായ ഊറാറകൾ കാണാതായി. നഷ്ടപ്പെട്ട ഊറാറ 14ന് വൈകുന്നേരം പള്ളിയുടെ സമീപത്തുള്ള ശൗചാലയത്തിൽ നിന്നാണ് ലഭിച്ചത്.
നേരത്തെ കലോല്‍ത്സവ സമയത്ത് ഏതാനും കുട്ടികള്‍ പള്ളി പരിസരത്ത് നിന്നു നിസ്ക്കരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടിരിന്നുവെന്ന് ഫൊറോന വികാരി 'ഷെക്കെയ്ന' ചാനലിനോട് പറഞ്ഞു. പള്ളി പരിസരത്ത് നിസ്ക്കാരത്തിനുള്ള ആവശ്യം നിരസിച്ചിരിന്നു. ഇതിന് പിന്നാലെ ഒരു അധ്യാപകനും ഏതാനും കുട്ടികളും കോണ്‍വെന്‍റില്‍ നിസ്ക്കരിക്കാന്‍ സ്ഥലം ആവശ്യപ്പെട്ടു. ഇത് മഠത്തില്‍ ഉണ്ടായിരിന്ന സിസ്റ്റര്‍ നിരസിച്ചു. ഇവര്‍ ആദ്യം പോകാന്‍ കൂട്ടാക്കിയില്ല. മദര്‍ സുപ്പീരിയര്‍ സ്ഥലത്തു ഇല്ലാത്തതിനാല്‍ കോണ്‍വെന്‍റില്‍ ഉണ്ടായിരിന്ന സിസ്റ്റര്‍ മദറിനെ ഫോണില്‍ വിളിച്ച് കാര്യം അവതരിപ്പിച്ചു. ഇതേ തുടര്‍ന്നു പോലീസ് കോണ്‍വെന്‍റില്‍ എത്തുകയും അവരെ പറഞ്ഞു വിടുകയുമായിരിന്നുവെന്ന് ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ പറയുന്നു.
കോണ്‍വെന്‍റിന് സമീപം രണ്ട് മുസ്ലിം പള്ളികള്‍ ഉണ്ടായിരിക്കെയാണ് നിസ്ക്കാരത്തിന് പള്ളി പരിസരത്തും കോണ്‍വെന്‍റിലും ഇവര്‍ സ്ഥലം ആവശ്യപ്പെട്ടതെന്ന വിരോധാഭാസം ഉണ്ടായിരിക്കുന്നത്. ഊറാറ നശിപ്പിച്ച സാമൂഹ്യദ്രോഹികളുടെ നടപടിയിൽ സജീവ് ജോസഫ് എംഎൽഎ പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയും പെട്ടെന്ന് കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് അജികുമാർ കരിയിലിന്റെ നേതൃത്വത്തിൽ നേതാക്കൾ പള്ളിയിലെത്തിയിരിന്നു. സംഭവത്തിൽ ബിജെപിയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟