India - 2024
ക്രൈസ്തവ അവേഹളനത്തിനെതിരെ വന്‍ പ്രതിഷേധ മാര്‍ച്ച്
സ്വന്തം ലേഖകന്‍ 18-06-2019 - Tuesday
തൃശൂര്‍: മതചിഹ്നങ്ങളെയും വിശ്വാസ പ്രതീകങ്ങളേയും അവഹേളിച്ച കാര്‍ട്ടൂണിനു ലളിതകലാ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചതില്‍ തൃശൂര്‍ അതിരൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. അകത്തിടുന്ന വസ്ത്രങ്ങള്‍ പുറത്തു കാണിക്കുന്നതില്‍ അഭിമാനിക്കുന്നവരാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചു മുറവിളി കൂട്ടുന്നതെന്ന് അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
കുരിശിനെ അവഹേളിക്കുന്നതും അതിനെതിരായി പ്രതിഷേധ സമരം നടത്തുന്നതും പുതിയ സംഭവമല്ല. രണ്ടായിരം വര്‍ഷമായി കുരിശിനെതിരായ അവഹേളനം തുടരുന്നു. കുരിശിന്റെ ശത്രുക്കള്‍ അനേകരുണ്ട്. ഉദരമാണ് അവരുടെ ദൈവം. വയറ്റിപ്പിഴപ്പിനായാണ് അവര്‍ കുരിശിനെ അവഹേളിക്കുന്നത്. എന്നാല്‍, കുരിശിനെ അവഹേളിച്ചതിനെ സര്‍ക്കാരും ലളിതകലാ അക്കാദമിയും പുരസ്‌കാരം നല്‍കി പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നമ്മുടെ വിശ്വാസത്തിന്റെ നെഞ്ചത്തുകയറി നിന്ന് അവഹേളന നൃത്തമാടുന്നതിനെ എല്ലാ മതവിശ്വാസികളും എതിര്‍ക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
പാസ്റ്ററല്‍ സെന്ററില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് വികാരി ജനറാള്‍ ഫാ. ജോസ് വല്ലൂരാന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, അതിരൂപത പ്രസിഡന്റ് അഡ്വ. ബിജു കുണ്ടുകുളം, പാലക്കാട് രൂപത പ്രസിഡന്റ് തോമസ് ആന്റണി, തൃശൂര്‍ അതിരൂപത ഭക്തസംഘടന ഏകോപന സമിതി പ്രസിഡന്റ് എ.എ. ആന്റണി, രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, എന്‍.പി. ജാക്‌സന്‍, ജോഷി വടക്കന്‍, സി.വി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.