Seasonal Reflections - 2025

ഭയപ്പെടേണ്ട | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | പതിനേഴാം ദിനം

പ്രവാചകശബ്ദം 17-12-2024 - Tuesday

വചനം: ‍

ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ (ലൂക്കാ 2 : 10).

വിചിന്തനം: ‍

നമ്മുടെ ജീവിതത്തിൽ നിരന്തരം വേട്ടയാടുന്ന ഒരു ശത്രുവാണ് ഭയം. ഭയത്തെ അതിജീവിക്കുക എന്നത് ജീവിതത്തിൽ വിജയങ്ങൾ കൊയ്യുവാനും സ്നേഹത്തിൽ വളരാനും അനിവാര്യമാണ്. വിശുദ്ധ യോഹന്നാൻ ശ്ലീഹായുടെ ആഹ്വാനം ഇവിടെ പ്രസക്തമാണ് : "സ്‌നേഹത്തില്‍ ഭയത്തിന്‌ ഇടമില്ല; പൂര്‍ണമായ സ്‌നേഹം ഭയത്തെ ബഹിഷ്‌കരിക്കുന്നു. കാരണം, ഭയം ശിക്‌ഷയെക്കുറിച്ചാണ്‌. ഭയപ്പെടുന്നവന്‍ സ്‌നേഹത്തില്‍ പൂര്‍ണനായിട്ടില്ല (1 യോഹന്നാന്‍ 4:18).

രക്ഷിക്കാനായി, മനുഷ്യനെ വിജയിപ്പിക്കാനായി ഭൂമിയിൽ അവതരിച്ചവന്റെ ജന്മ തിരുനാളിനു ഒരുങ്ങുമ്പോൾ അവിടെ ഭയത്തിനു സ്ഥാനമില്ല. ഭയമില്ലാതെ മാനവ മക്കൾക്കു സമീപിക്കാനാവുന്ന ദൈവമാണ് പുൽക്കൂട്ടിലെ ഉണ്ണിമിശിഹാ. ഈ ആഗമന കാലത്തു നമ്മൾ സ്നേഹത്തിൽ വളർന്നാൽ ഭയം അപ്രത്യക്ഷമാവുകയും രക്ഷ അനുഭവവേദ്യമാവുകയും ചെയ്യും.

പ്രാർത്ഥന ‍

സ്വർഗ്ഗീയ പിതാവേ, ഓരോ ദിവസവും ഭയപ്പെടേണ്ടാ എന്നു തിരുവചനത്തിലൂടെ നീ ഞങ്ങളോട് അരുളിചെയ്യുന്നു. നിന്റെ സാന്നിധ്യത്തിൽ ഞങ്ങൾ ജീവിക്കുമ്പോൾ ഭയം അകലുകയും സ്നേഹം ഞങ്ങളിൽ നിറയുകയും ചെയ്യുമല്ലോ. നിന്റെ പ്രിയപുത്രന്റെ ജനനം സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അനുഭവമാക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.

സുകൃതജപം ‍

ഉണ്ണീശോയെ, എന്റെ സ്നേഹമായിരിക്കണമേ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?





Related Articles »