Seasonal Reflections - 2024
കൃപയും സത്യവും നിറഞ്ഞ മഹത്വം | ഉണ്ണീശോയെ സ്വന്തമാക്കാൻ 25 പ്രാർത്ഥനകൾ | ഇരുപത്തിനാലാം ദിനം
ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 24-12-2024 - Tuesday
വചനം:
വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം (യോഹന്നാന്‍ 1 : 14)
വിചിന്തനം
ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്ന തലേദിവസം നമ്മുടെ ചിന്തകൾ ബെത്ലേഹമിലെ പുൽക്കൂട് വരെ എത്തിയിരിക്കുന്നു. കൃപയുടെ വസന്തം തീർക്കാൻ ദൈവപുത്രൻ മനുഷ്യ ജന്മമെടുത്തിരിക്കുന്നു. ലോകത്തിനുള്ള ദൈവത്തിന്റെ സദ് വാർത്തയാണ് വചനം മാംസമായ യേശുക്രിസ്തു. മനുഷ്യനെ സൃഷ്ടിച്ച ദൈവം അവനെ ഓർത്തു പരിതപിച്ചില്ല എന്നതിന്റെ ഏറ്റവും ഉദാത്ത ഉദാഹരമാണത്. വചനം മാംസമായി മന്നിൽ അവതരിച്ചപ്പോൾ മണ്ണിന്റെ മണമുള്ള മക്കൾ അനുദിന ജീവിതത്തിലൂടെ വചനമാകുന്ന ദൈവത്തിനു ജീവൻ നൽകുമ്പോൾ നമ്മിലും ഒരു പുതിയ ജീവിതം പിറവി എടുക്കുന്നു.
പ്രാർത്ഥന
സ്നേഹനാഥനായ പിതാവേ, നിന്റെ വചനമായ പുത്രനെ ഞങ്ങൾ വാഴ്ത്തുന്നു, സ്തുതിക്കുന്നു. ഞങ്ങൾക്കു ജീവൻ നൽകാനായി മന്നിൽ പിറന്ന നിൻ്റെ പ്രിയ പുത്രനെ സ്നേഹിക്കുവാനും അവൻ്റെ വഴികളെ പിൻതുടരാനും ഞങ്ങളെ സഹായിക്കണമേ. യുദ്ധങ്ങളും പീഢനങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന മാനവരാശിയെ രക്ഷിക്കാനായി നിന്റെ ആശീർവ്വാദത്തിൻ്റെ കരം ഞങ്ങളുടെ മേൽ നീട്ടണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.
സുകൃതജപം
പിതാവിന്റെ മഹത്വമായ ഉണ്ണീശോയെ, നിന്നെ ഞങ്ങൾ ആരാധിക്കുന്നു.