News
'ദൈവകൃപയുടെ പുത്രിമാര്‍'; ഫാ. ഡൊമിനിക് വാളന്മനാല്‍ സ്ഥാപിച്ച പുതിയ താപസ സന്യാസ സമൂഹത്തില്‍ പ്രഥമ വ്രത വാഗ്ദാനം
പ്രവാചകശബ്ദം 18-02-2025 - Tuesday
അണക്കര: പരിശുദ്ധാത്മാവിന്റെ പ്രേരണയില്‍ അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. ഡൊമിനിക് വാളന്മനാല്‍ സ്ഥാപിതമായ ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് (ദൈവകൃപയുടെ പുത്രിമാര്‍-DDG) പുതിയ താപസ സന്യാസ സമൂഹം കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ സഭയിലെ Sui Iuris Monastery ആയി ഉയര്‍ത്തപ്പെട്ടു. പ്രഥമ അംഗങ്ങളായി നവസന്യാസ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴു പേരുടെ ആദ്യ വ്രത വാഗ്ദാനവും സഭാവസ്ത്ര സ്വീകരണവും കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ മുഖ്യകര്‍മികത്വത്തില്‍ മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചാപ്പലില്‍ നടന്നു.
പൗരസ്ത്യ താപസ പാരമ്പര്യത്തിലും കര്‍മ്മലീത്ത, ബനഡിക്‌ടൈന്‍ സംയുക്ത ആധ്യാത്മികതയിലും വേരൂന്നിയാണ് ഡോട്ടേഴ്‌സ് ഓഫ് ഡിവൈന്‍ ഗ്രേസ് തങ്ങളുടെ നിയമാവലിക്കും ജീവിതക്രമത്തിനും രൂപം നല്‍കിയിരിക്കുന്നത്. അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതങ്ങള്‍ക്കു പുറമേ ദൈവവചന പ്രഘോഷണം നാലാമത്തെ വ്രതമായി സ്വീകരിച്ചു സഭയുടെ സുവിശേഷ ശുശ്രൂഷയ്ക്ക് വേണ്ടി ജീവിതാന്തം താപസ ജീവിതത്തിലൂടെ ആത്മസമര്‍പ്പണം ചെയ്യുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമാണ് ദൈവകൃപയുടെ പുത്രിമാര്‍.
ഇന്ത്യയിലും വിദേശത്തുമായി ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ഏഴ് പേരാണ് നവസന്യാസ പരിശീലനത്തിന് ശേഷം പ്രഥമ വ്രത വാഗ്ദാനം നടത്തി ആശ്രമത്തിന്റെ ആദ്യ അംഗങ്ങളായി തീര്‍ന്നത്. സിഎംസി കാഞ്ഞിരപ്പള്ളി അമല പ്രോവിന്‍സിന്റെ മുന്‍ പ്രോവിന്‍ഷ്യലും സന്യാസ പരിശീലകയുമായ സിസ്റ്റര്‍ ആനി ബെന്‍സിറ്റയാണ് ഈ കാലയളവില്‍ സന്യാസ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. കാഞ്ഞിരപ്പള്ളി രൂപതാ ചാന്‍സിലര്‍ ഫാ. കുര്യന്‍ താമരശേരി തിരുക്കര്‍മ്മങ്ങളുടെ ആരംഭത്തില്‍ ആശ്രമസ്ഥാപനത്തെ സംബന്ധിച്ചുള്ള ഡിക്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം, ആശ്രമ സ്ഥാപകന്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
