India - 2024

പ്രായമായവരോടും കാന്‍സര്‍രോഗികളോടും കൂടെ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ അന്താരാഷ്ട്ര വയോജനദിനാഘോഷം

സ്വന്തം ലേഖകന്‍ 05-10-2016 - Wednesday

വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസെറ്റിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി സായംപ്രഭ സംഗമം 'തണല്‍ 2016' ഇ. എസ്. എസ്. എസ്. ഓഡിറ്റോറിയത്തില്‍ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉത്ഘാടനം ചെയ്തു.

ആരാലും പരിഗണിക്കപ്പെടാതെ ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ജീവിതത്തില്‍ പ്രകാശം പരത്തുന്ന ഒരു പ്രഭാകിരണമാണ് സായംപ്രഭ എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ പിതാവ് പറഞ്ഞു. കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേയ്ക്കുള്ള മാറ്റമാണ് ഇന്നത്തെ മൂല്യച്യുതിയ്ക്ക് കാരണമെന്ന് ജസ്റ്റിസ് കൂട്ടിചേര്‍ത്തു. ഇ. എസ്. എസ്. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബ് കുണ്ടോണി രചിച്ച 'Behold My Mother' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ പിതാവ് നിര്‍വ്വഹിക്കുകയും,ആദ്യപ്രതി ജസ്റ്റിസ് മേരി ജോസഫിന് നല്‍കുകയും ചെയ്തു.

മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കലും, ആശാകിരണം കാന്‍സര്‍ ചികില്‍സാ സഹായ വിതരണവും, അംഗ വൈകല്ല്യമുള്ളവര്‍ക്കുള്ള സഹായധന വിതരണവും നടന്നു. ഇ.എസ്.എസ്.എസ്. ഡയറക്ടര്‍ റവ. ഫാ. ആന്റണി റാഫേല്‍ കൊമരംചാത്ത്, ഇ. എസ്. എസ്. എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഫാ. ജോബ് കുണ്ടോണി, ഗഞഘഇഇ വൈസ് പ്രസിഡന്റ് ശ്രീ. ഷാജി ജോര്‍ജ്, മദര്‍ സുപ്പീരിയര്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സ് റവ. സി. മേരി പോള്‍, സായംപ്രഭ കോഡിനേറ്റര്‍ ബെറ്റ്‌സി സേവ്യാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് പ്രായമായവരുടെ കലാപരിപാടികളും അരങ്ങേറി. പ്രസ്തുത സംഗമത്തില്‍ ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ പ്രായമേറിയ മാതാപിതാക്കളും വയോജന സംഘത്തിലെ സംഘാംഗങ്ങളും പങ്കെടുത്തു.