News - 2024

ശൂശ്രൂഷകരായി കൊണ്ട് സഭയെ വളർത്താം, തദ്ദേശീയരുടെ മക്കൾ സമർപ്പിത ജീവിതത്തിലേക്ക് കടന്നു വരണം: കര്‍ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരി

ബാബു ജോസഫ് 05-11-2016 - Saturday

ഷെഫീൽഡ്: സ്വയം ശുശ്രൂഷകരായി മാറിക്കൊണ്ട് നാമോരോരുത്തരും സഭയുടെ വളർച്ചയിൽ പങ്കാളികളാകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. ഷെഫീൽഡിൽ വിശുദ്ധകുർബാന മദ്ധ്യേ നടത്തിയ പ്രസംഗത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.

ബ്രിട്ടണിലെ രൂപത സ്ഥാപിതമായതിനുശേഷം വിശ്വാസസമൂഹത്തെ നേരിൽ കാണുന്നതിന്റെ തുടക്കമെന്നനിലയിൽ ഷെഫീൽഡ് കാത്തലിക് കമ്യൂണിറ്റിയുടെ ക്ഷണം സ്വീകരിച്ച്, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലുമൊന്നിച്ച് സ്ഥലത്തു എത്തിച്ചേർന്ന കർദ്ദിനാൾ കല്യാൺ, ചിക്കാഗോ തുടങ്ങിയ രൂപതകളിൽ കണ്ടുവരുന്നതുപോലെ ഇവിടെയും തദ്ദേശീയരുടെ മക്കൾ സമർപ്പിത ജീവിതത്തിലേക്കു കടന്നു വരുന്ന കാലം വിദൂരമല്ലെന്ന് പ്രസംഗത്തിൽ സൂചിപ്പിച്ചു.

മാർ ആലഞ്ചേരിയും ബിഷപ്പ് മാർ സ്രാമ്പിക്കലും ഒരുമിച്ച് പങ്കെടുത്ത യു കെയിലെ ആദ്യത്തെ ശൂശ്രൂഷയിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനാളുകൾ പങ്കെടുത്തു. കർദ്ദിനാൾ, ബിഷപ്പ് മാർ സ്രാമ്പിക്കൽ, വികാരി ജനറാൾമാരായ റവ.ഫാ.സജി മലയിൽ പുത്തൻപുര,റവ.ഫാ.മാത്യു ചൂരപ്പൊയ്ക എന്നിവർക്ക് ചാപ്ലയിൻ ഫാ.ബിജു കുന്നക്കാട്ടിന്റെയും പാരീഷ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഇടവകാ സമൂഹം വൻ വരവേൽപ്പുനൽകി.

കർദ്ദിനാൾ മാർ ആലഞ്ചേരി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷം അഭിവന്ദ്യ പിതാക്കൻമാരുടെയും വൈദികരുടെയും സിസ്റ്റേഴസിന്റെയും സാന്നിദ്ധ്യത്തിൽ പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഊഷ്മളമായ സ്നേഹവിരുന്നും നടന്നു.

ബിഷപ്പ് മാർ സ്രാമ്പിക്കലിന്റെ സെക്രട്ടറി ഫാ.ഫൌസ്തോ ജോസഫ്, ഷെഫീൽഡ് സെന്റ് പാട്രിക് പള്ളി വികാരി ഫാ.മാർട്ടിൻ ട്രസ്ക്, സെന്റ് മേരീസ് കത്തീഡ്രൽ അസി.വികാരി ഫാ.സന്തോഷ് വാഴപ്പിള്ളി, ഇപ്പോൾ യു കെയിലുള്ള തിരുവനന്തപുരം അനുഗ്രഹഭവൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജസ്റ്റിൻ അലക്സ്, സിസ്റ്റേഴ്സ്, വിവിധ സ്ഥലങ്ങളിലെ അല്മായ പ്രതിനിധികൾ എന്നിവരും ശുശ്രൂഷകളിൽ പങ്കെടുത്തു.