India - 2024

ദരിദ്രരോടും പാർശ്വവത്ക്കരിക്കപ്പെട്ടവരോടും ചേര്‍ന്ന് നില്‍ക്കുവാന്‍ ക്രിസ്തുമസ് വിനിയോഗിക്കണം: കെസിബിസി

സ്വന്തം ലേഖകന്‍ 24-12-2016 - Saturday

കൊച്ചി: ദരിദ്രരെയും പാർശ്വവത്ക്കരിക്കപ്പെട്ടവരെയും പ്രത്യേകം ഓർമിക്കാനും അവരോട് ചേർന്നു നില്ക്കാനും ക്രിസ്മസിന്റെ ചൈതന്യം നമുക്കു ശക്‌തി പകരണമെന്നു കേരള കത്തോലിക്കാ മെത്രാൻസമിതി. മനുഷ്യജീവിതത്തിന്റെ ഏതവസ്‌ഥയിലും ദൈവം കൂടെയുണ്ട് എന്ന പ്രത്യാശ പകരുന്നതാണു ക്രിസ്മസ്. സർവശക്‌തനും സൃഷ്ടാവുമായ ദൈവം മനുഷ്യനായി എന്നതു സകല ജനങ്ങൾക്കുമുള്ള സദ്വാർത്തയാണ്.

മനുഷ്യന്റെ പുഞ്ചിരിയും കണ്ണീരും ദൈവം ഏറ്റുവാങ്ങിയതിന്റെ ഓർമയിൽ മാനവലോകം ദൈവപുത്രന്റെ മനുഷ്യാവതാര തിരുനാൾ ആഘോഷിക്കുന്നു. ദൈവകാരുണ്യത്തിനു ഹൃദയം തുറക്കുന്നവർക്കുള്ളതാണു സമാധാനം. ലോകത്തിലെങ്ങും സമാധാനമുണ്ടാകാൻ ഈ ദിനത്തിൽ നമുക്ക് പ്രത്യേകം പ്രാർഥിക്കാം. കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ആഹ്വാനം ചെയ്തു.