News - 2024

ഫ്രാന്‍സിസ് മാര്‍പാപ്പ അര്‍പ്പിക്കുന്ന ക്രിസ്തുമസ് ദിവ്യബലിയില്‍ മലയാളം പ്രാര്‍ത്ഥനയും

സ്വന്തം ലേഖകന്‍ 24-12-2016 - Saturday

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന തിരുപിറവി ശുശ്രൂഷകളില്‍ മലയാളത്തിലും പ്രാര്‍ത്ഥന നടത്തപ്പെടും. ക്രിസ്തുമസ് ദിവ്യബലിയില്‍ നടത്തുന്ന വിശ്വാസികളുടെ 5 പ്രാര്‍ത്ഥനകളിലാണ് മലയാള പ്രാര്‍ത്ഥന നടത്തപ്പെടുക. ചൈനീസ്, ഇംഗ്ലിഷ് അറബി, റഷ്യന്‍ എന്നീ ക്രമത്തില്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥനകളില്‍ നാലാമത്തെ പ്രാര്‍ത്ഥനയായിരിക്കും മലയാളത്തില്‍ നടത്തുന്നത്.

വത്തിക്കാന്‍റെ ആരാധനാക്രമകാര്യാലയം ക്രിസ്തുമസ് ജാഗരാര്‍പ്പണത്തിന്‍റെ പുസ്തകം ഇന്നലെയാണ് പ്രസിദ്ധപ്പെടുത്തിയത്. ക്രിസ്തുമസ്സിന്‍റെ തിരുകര്‍മ്മങ്ങളില്‍ വിശ്വാസികള്‍ സജീവമായ പങ്കുചേരാന്‍ സഹായകമാകുന്ന വിധത്തിലാണ് ആരാധനക്രമ പുസ്തകം വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്. റോമില്‍ ജീവിക്കുന്ന മലയാളി കുടുംബത്തിലെ രണ്ടുകുട്ടികളുടെ അമ്മയായ ജോളി അഗസ്റ്റിന്‍ ലോകത്തുള്ള കുട്ടികള്‍ക്കുവേണ്ടി, വിശിഷ്യാ പാവങ്ങളും പരിത്യക്തരുമായവര്‍ക്കുവേണ്ടി മലയാളത്തില്‍ പ്രാര്‍ത്ഥിക്കും. മറുപടി ലത്തീന്‍ ഭാഷയില്‍ ഗായകസംഘത്തോടു ചേര്‍ന്ന് വിശ്വാസികള്‍ ഏറ്റുപാടും.

സഭയുടെ ആഗോളസ്വഭാവം പ്രകടമാക്കുന്നതോടൊപ്പം, കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും പീഡിതരുമായ കുട്ടികളോട് സഭ പ്രകടമാക്കുന്ന അജപാലനസ്നേഹത്തിന്‍റെ പ്രതീകമാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തപ്പെടുന്നത്. വത്തിക്കാന്‍ സമയം രാത്രി 9.30-ന് (ഇന്ത്യയിലെ സമയം ഞായറാഴ്ച വെളിപ്പിന് 2 മണിക്ക്) ഫ്രാന്‍സിസിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ക്രിസ്തുമസ് ബലി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിലാണ് അര്‍പ്പിക്കപ്പെടുന്നത്. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേക്ഷണം www.youtube.vatican.va എന്ന ലിങ്കില്‍ ലഭ്യമാണ്.


Related Articles »