India
സീറോമലബാർ സഭ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു
പ്രവാചകശബ്ദം 01-01-2025 - Wednesday
കാക്കനാട്: പ്രതിഭകൾ സഭയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായിരിക്കണമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർസഭ വിശ്വാസ പരിശീലന കമ്മീഷൻ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിന്റെ സമാപന സമ്മേളനം സഭാആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപതകളിൽ പ്ലസ് ടു ക്ലാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർത്ഥികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 58 പ്രതിഭകളാണ് സംഗമത്തിൽ പങ്കെടുത്തത്. സഭ നൽകുന്ന അവസരങ്ങളും സാധ്യതകളും പ്രയോജനപ്പെടുത്തി സഭയുടെ സ്വപ്നങ്ങൾക്കും സമൂഹത്തിന്റെ നന്മകൾക്കും നിറം പകരുന്നവരാകണം പ്രതിഭകളെന്ന് മേജർ ആർച്ചുബിഷപ്പ് ഓർമ്മപ്പെടുത്തി.
ജെറാർഡ് ജോൺ പന്തപ്പിള്ളിൽ (താമരശ്ശേരി), ആൽബിൻ സിബിച്ചൻ പള്ളിച്ചിറ (തലശ്ശേരി), മാനുവൽ ജോസഫ് മഞ്ഞളി (രാമനാഥപുരം), നൈബിൻ എം ഷിജിൻ പുത്തൻപുര (പാലാ), സാം പന്തമാക്കൽ (ബെൽത്തങ്ങാടി), ട്രീസ ജെയിംസ് വട്ടപ്പാറ (ചങ്ങനാശേരി), റിമ ഷാജി വലിയകുന്നേൽ (ഇടുക്കി), ആൻമരിയ എസ് മംഗലത്തുകുന്നേൽ (കോതമംഗലം), സാന്ദ്ര ജോബി കോനുക്കുടി (എറണാകുളം), എയ്ഞ്ചൽ പി.ജെ പാലയൂർ (തൃശൂർ) എന്നിവരാണ് 2024-ലെ സീറോമലബാർ വിശ്വാസ പരിശീലന പ്രതിഭാ പുരസ്‌കാരത്തിന് അർഹരായവർ. മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രതിഭകളെ അഭിനന്ദിക്കുകയും അവാർഡുകൾ നല്കുകയും ചെയ്തു.
ഫാ. മനു പൊട്ടനാനിയിൽ എം.എസ്.ടി, സി. ജിസ്‌ലറ്റ് എം.എസ്.ജെ, ശ്രീ ജെബിൻ കുഴിമാലിൽ എന്നിവരാണ് മൂന്നുദിവസങ്ങൾ നീണ്ടുനിന്ന പ്രതിഭാ സംഗമത്തിനു നേതൃത്വം നല്കിയത്. വിശ്വാസ പരിശീലന കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ, മാർ പോൾ ആലപ്പാട്ട്, മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. സന്തോഷ് ഓലപ്പുരക്കൽ, ഫാ. പ്രകാശ് മാറ്റത്തിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ശ്രീ ബേബി ജോൺ കലയന്താനി, സി. ജിൻസി ചാക്കോ എം.എസ്.എം.ഐ എന്നിവർ ക്ലാസുകൾ നയിച്ചു.