News - 2024

സമര്‍പ്പിതരുടെ കടമ യേശുവിനെ ജനമധ്യത്തില്‍ എത്തിക്കുക: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 04-02-2017 - Saturday

വത്തിക്കാന്‍: യേശുവിനെ ജനമദ്ധ്യത്തിലെത്തിക്കുകയും അവിടുത്തോടൊപ്പം ജനമദ്ധ്യത്തിലായിരിക്കുകയും ചെയ്യുകയെന്നതാണ് സമര്‍പ്പിതരുടെ കടമയെന്ന് ഫ്രാന്‍സിസ് പാപ്പ. സമര്‍പ്പിതജീവിതം നയിക്കുന്നവരുടെ ദിനമായ ഫെബ്രുവരി 2-നു വൈകുന്നേരം സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു മാര്‍പാപ്പ. തന്റെ പ്രസംഗത്തില്‍ സമര്‍പ്പിതരെ അപകടത്തിലാക്കുന്ന പ്രലോഭനങ്ങളെ കുറിച്ചു മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി.

“എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും” എന്ന ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുള്ള വാക്കുകളെ ആസ്പദമാക്കിയാണ് മാര്‍പാപ്പ തന്റെ പ്രസംഗം നടത്തിയത്. ഉണ്ണിയേശുവിന്‍റെ മാതാപിതാക്കള്‍ നിയമങ്ങള്‍ നിറവേറ്റുന്നതിനായി യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ എത്തിയതും കര്‍ത്താവിനെ കാണുമെന്ന പ്രത്യാശയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ശിമയോന്‍ ആ ഉണ്ണിയെ കരങ്ങളിലെടുത്ത് സ്തുതിച്ചതും പാപ്പ തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.

പൂര്‍വ്വികരുടെ സ്വപ്നങ്ങളെയും ആ സ്വപ്നങ്ങള്‍ പ്രവചനാത്മകമായി അവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യവും നാം ഓര്‍ക്കുന്നതുവഴി സമര്‍പ്പിതജീവിതം ഫലദായകമാക്കി തീരുകയും പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. സമര്‍പ്പിതരുടെ ഉള്ളിലും സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ളിലും പ്രലോഭനം പടിപടിയായി സ്ഥാനം പിടിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.


Related Articles »