News - 2025
ധന്യയായ മാര്‍ഗരറ്റ് സിന്‍ക്ലെയറുടെ മധ്യസ്ഥതയാൽ അത്ഭുത രോഗസൗഖ്യം സാക്ഷ്യപ്പെടുത്തി കൊണ്ട് വൈദികൻ
സ്വന്തം ലേഖകന്‍ 09-02-2017 - Thursday
ഗ്ലാസ്‌ഗോ: ധന്യയായ മാര്‍ഗരറ്റ് സിന്‍ക്ലെയറുടെ മധ്യസ്ഥത്താല്‍ അത്ഭുത രോഗശാന്തി ലഭിച്ചുവെന്ന് ഗ്ലാസ്‌ക്കോയില്‍ നിന്നുള്ള വൈദികന്റെ സാക്ഷ്യം. ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയ പീറ്റര്‍ സ്‌മിത്തെന്ന വൈദികനാണ് ആധുനിക മെഡിക്കല്‍ സയന്‍സിനെ വിസ്‌മയിപ്പിച്ചു തനിക്ക് ലഭിച്ച രോഗശാന്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 32 വര്‍ഷമായി പൗരോഹിത്യ ശുശ്രൂഷ ചെയ്യുന്ന ഫാ. പീറ്ററിനു ലഭിച്ച അനുഗ്രഹം സ്‌കോട്ട്‌ലണ്ടില്‍ മാത്രമല്ല, യു.കെയില്‍ ആകമാനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ തിരിച്ചുവരവിനു സഹായകരമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഗ്ലാസ്‌ക്കോ അതിരൂപതയുടെ ഔദ്യോഗിക വാര്‍ത്താ പത്രികയുടെ ഏറ്റവും പുതിയ എഡിഷനിലാണ് വൈറ്റിഞ്ചിലെ സെന്‍റ് പോള്‍ ഇടവകയുടെ വികാരിയായ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ സ്‌മിത്തിനു ലഭിച്ച രോഗശാന്തിയെ പറ്റി സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ക്യാന്‍സര്‍ മൂര്‍ഛ്ചിച്ച് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനാല്‍, 48 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കുമെന്ന് പറഞ്ഞു ഡോക്ടര്‍മാര്‍ കൈയൊഴിയുകയായിരിന്നു. എന്നാല്‍ പ്രതീക്ഷ കൈവിടാതെ ധന്യയായ മാര്‍ഗരറ്റ് സിന്‍ക്ലെയറുടെ നാമത്തില്‍ അദ്ദേഹവും സഹപുരോഹിതരും ശക്തമായ പ്രാര്‍ത്ഥന ആരംഭിക്കുകയായിരിന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന് രോഗസൗഖ്യം ലഭിച്ചത്.
"ദൈവം സമ്മാനിച്ച അത്ഭുതപ്രവര്‍ത്തനമായി ഇതിനെ കണക്കാക്കുന്നു. എന്റെ രോഗം സൗഖ്യപ്പെടാന്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍, ശുശ്രൂഷകളില്‍ നിരന്തരം ഞാനുണ്ടായിരുന്നു. കഴിഞ്ഞ കാലം മുഴുവന്‍ ഉയര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റി ഞാന്‍ പ്രസംഗിച്ചു കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴാണ് അതിന് ശരിക്കും അര്‍ത്ഥം കണ്ടത്. അത്ഭുതസൗഖ്യം സംഭവിച്ചത് ഞാന്‍ നേരിട്ട് അനുഭവിക്കുന്നു. ഇത് ദൈവദാസിയുടെ മാധ്യസ്ഥതയിലാണ്". വാര്‍ത്താ പത്രികക്കു നല്‍കിയ അഭിമുഖത്തില്‍ മോണ്‍. പീറ്റര്‍ സ്‌മിത്ത് വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തിലാണ് 58 കാരനായ വൈദികന് മാരകമായ ക്യാന്‍സര്‍ ബാധ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് മോണ്‍സി. പീറ്റര്‍ സ്‌മിത്തിന്റെ നില അതീവ ഗുരുതരമായി. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത് കളയാന്‍ ശസ്‌ത്രക്രിയ നടത്തിയാല്‍ മരണം സുനിശ്ചിതമെന്ന് ചികിത്സാ സംഘം വിലയിരുത്തി. മെഡിക്കല്‍ സയന്‍സിലെ പോംവഴികളെല്ലാം അടഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പുരോഹിതനെ മരണത്തിനു വിട്ടുകൊടുക്കുകയായിരുന്നു. എന്നാല്‍ മോണ്‍സി. പീറ്റര്‍ സ്‌മിത് പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാർഗരറ്റ് സിന്‍ക്ലെയറുടെ നാമകരണ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന അയല്‍ ഇടവകയുടെ വികാരി ഫ. ജോ മെക്ക്‌ലെ അടക്കം നിരവധി പേര്‍ അത്ഭുത രോഗശാന്തിക്കായി പ്രാര്‍ത്ഥിക്കുകയായിരിന്നു.
പിന്നീട് മോണ്‍സി. പീറ്റര്‍ സ്‌മിത്തിനെ പരിശോധനകള്‍ക്കു വിധേയനാക്കിയ ഡോക്ടര്‍മാര്‍ പറയുന്നത് ഈ അത്ഭുത രോഗശാന്തി വിശദീകരിക്കാന്‍ കഴിയില്ലായെന്നാണ്. "രോഗശാന്തിയുടെ പേരില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, എന്നാല്‍, വിശ്വാസ വെളിച്ചത്തില്‍ ഇക്കാര്യം സുവിശേഷവുമായി കൂടുതല്‍ അടുക്കാന്‍ മറ്റുള്ളവര്‍ക്കു സഹായകരമാകുമെങ്കില്‍ ഞാനെന്റെ കടമയാണ് ചെയ്യുന്നത്. രോഗാവസ്ഥയിലും എന്റെ പൗരോഹിത്യ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞു. ഈ രോഗശാന്തി മാധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രതിഫലമാണെന്ന് അധികൃതര്‍ അറിയാനും പരിശോധിച്ചറിയാനും കൂടിയാണ് സാക്ഷ്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു.
1900-ല്‍ എഡിന്‍ബര്‍ഗിലെ കൗഗെയ്‌റ്റില്‍ ഒരു ദരിദ്ര കുടുബത്തില്‍ ജനിച്ച മാര്‍ഗരറ്റ് കൂലിപ്പണിക്കു പോയാണ് രോഗിയായ അമ്മയേയും സഹോദരങ്ങളേയും പോറ്റിയത്. പിന്നീട്, കോണ്‍വെന്റെില്‍ ചേര്‍ന്ന് കന്യാസ്‌ത്രിയാകുകയായിരുന്നു. ക്ഷയരോഗം ബാധിച്ചതിനെ തുടര്‍ന്നു 1925ല്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1978 ല്‍ പോള്‍ ആറാമന്‍ മാർഗരറ്റിനെ ധന്യയായി പ്രഖ്യാപിച്ചു. മാര്‍ഗരറ്റിനെ വിശുദ്ധയാക്കാനുള്ള നടപടിക്രമങ്ങള്‍ സഭ ആരംഭിച്ചിരിക്കുകയാണ്. സ്‌കോട്‌ലണ്ടിലെ ഭൂരിപക്ഷം വരുന്ന പ്രൊട്ടസ്റ്റന്റ് വിശ്വാസികള്‍ക്കിടയിലും മാര്‍ഗറ്റിന്റെ പേരില്‍ നടന്ന അത്ഭുത രോഗശാന്തി ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
