News - 2025
ഐഎസില്‍ നിന്നും മോചിപ്പിച്ച പ്രദേശങ്ങളുടെ പുനര്‍നിമ്മാണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് ഇറാഖി സഭ
സ്വന്തം ലേഖകന്‍ 09-02-2017 - Thursday
ഇര്‍ബില്‍: രണ്ടു വര്‍ഷത്തിലേറെ കാലം ഐഎസിന്റെ പിടിയിലായിരുന്ന വടക്കന്‍ ഇറാഖിലെ ക്രൈസ്‌തവ ഗ്രാമങ്ങളുടെ പുനര്‍നിമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറാഖിലെ സഭ സഹായം അഭ്യര്‍ത്ഥിച്ചു. ഭീകരര്‍ കൈയ്യടക്കിയതിനെ തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം പലായനം ചെയ്‌തവരില്‍ ഭൂരിഭാഗവും അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോരാന്‍ സന്നദ്ധരായ സാഹചര്യത്തിലാണ് കല്‍ദായ കത്തോലിക്ക പാത്രിയാര്‍ക്കീസ്, അമേരിക്കയോടും യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഇറാഖിലെ ഭരണകൂടത്തോടും സാമ്പത്തിക സഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ക്രൈസ്‌തവ പ്രദേശങ്ങളെ കൊടും ഭീകരരുടെ പിടിയില്‍ നിന്നും രക്ഷിച്ചതിന് ഇറാഖി സൈന്യത്തോടും കുര്‍ദ്ദിഷ് പെഷ്‌മാര്‍ഗ സൈന്യത്തോടും പാത്രിയാര്‍ക്കീസ് നന്ദിപറഞ്ഞു. അനേകം വീടുകളും പള്ളികളും നിരവധി സ്ഥാപനങ്ങളും ഐഎസ് തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും കൊള്ളയടിക്കുകയും ചെയ്‌തതിനു പുറമെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം നശിപ്പിച്ചിരിന്നു. ചിന്നഭിന്നമായിരിക്കുന്ന അനേകരെ അവരവരുടെ വീടുകളിലേക്ക് തിരിച്ചു വരാന്‍ വഴിയൊരുക്കുകയാണ് സഭയുടെ ലക്ഷ്യം.
തീര്‍ത്തും താറുമാറായി കിടക്കുന്ന പ്രദേശങ്ങളെ വാസയോഗ്യമാക്കാന്‍ ധനവും അദ്ധ്വാനവും അത്യാവശ്യമാണ്. അഭയാര്‍ത്ഥികളായി പലയിടങ്ങളിലും കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ വരെ ഒരുക്കേണ്ടതുണ്ട്. കല്‍ദായ പാത്രിയാര്‍ക്കീസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. ഇറാഖിലെ കല്‍ദായ ബിഷപ്പുമാരും കല്‍ദായ പാത്രീയാര്‍ക്കീസ് ലൂവിസ് റാഫേല്‍ സാക്കോയും ചേര്‍ന്നാണ് പുനര്‍ നിര്‍മ്മാണ പദ്ധതിക്കു രൂപം നല്‍കി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
