News - 2025

കുടുംബജീവിതത്തിന്‌ പ്രത്യേക അജപാലന ശ്രദ്ധ നല്‍കും: ലത്തീന്‍ പ്ലീനറി അസംബ്ലി

സ്വന്തം ലേഖകന്‍ 11-02-2017 - Saturday

ഭോപ്പാല്‍: സഭയില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നവര്‍ക്ക് പ്രത്യേക അജപാലന ശ്രദ്ധ നല്‍കാന്‍ ഇന്ത്യയിലെ ലത്തീന്‍ മെത്രാന്മാരുടെ 29-ാമത്‌ പ്ലീനറി അസംബ്ലി തീരുമാനിച്ചു. 2016 ല്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ, പുറത്തിറക്കിയ അമോരിസ്‌ ലെത്തീസിയ എന്ന പ്രബോധന രേഖയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ഈ തീരുമാനം. വിവാഹമോചനം, സിവില്‍ പുനര്‍വിവാഹം, മറ്റു മതസ്ഥരുമായി കൂദാശ ചെയ്യപ്പെടാത്ത വിവാഹം, വിവാഹിതരാകാതെയുള്ള പങ്കാളിത്ത ജീവിതം എന്നിവയടക്കം നിരവധി കാര്യങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

സഭയില്‍ നിന്നകന്നു നില്‍ക്കുന്നവരെ അജപാലന വഴിയിലെത്തിച്ച്‌ സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരികയാണ്‌ ലക്ഷ്യമെന്ന്‌ പ്ലീനറി അസംബ്ലി സമാപനത്തില്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സഭ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സഭയേയും കുടുംബങ്ങളേയും വിട്ട്‌ നിരവധി പേര്‍ കഴിയുന്നുണ്ടെന്നു വിലയിരുത്തി. ദാമ്പത്യബന്ധങ്ങള്‍ തകര്‍ന്നവര്‍ക്കു അജപാലനം അടിയന്തരമായി ആരംഭിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ളവര്‍ക്കൊപ്പം നില്‍ക്കുകയും അവരെ പിന്‍തുണക്കുകയുമാണ്‌ ദൗത്യ ലക്ഷ്യം.

ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍, വ്യത്യസ്ഥ മതങ്ങളിലുള്ള ഭാര്യാഭര്‍ത്താക്കന്മാരുള്ള കുടുംബങ്ങള്‍, മാതാപിതാക്കളില്‍ ഒരാള്‍ മാത്രമുള്ളവര്‍, ഭിന്നശേഷിക്കാരായ അംഗങ്ങളുള്ള കുടുംബങ്ങള്‍, രോഗികളും വൃദ്ധജനങ്ങളുമുള്ള വീടുകള്‍, കുടിയേറിയ കുടുംബങ്ങള്‍ എല്ലാം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഇടങ്ങളാണ്‌.

കുടുംബജീവിതം പരിപോഷിപ്പിക്കുന്നതിനായി വിവാഹത്തിനു മുമ്പായി പ്രത്യേക ക്ലാസുകള്‍ നല്‍കാനും കുടുംബങ്ങളെ കന്യാസ്‌ത്രികള്‍ പിന്‍തുടര്‍ന്ന്‌ അവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി വിശ്വാസ ജീവിതത്തില്‍ കൂടുതല്‍ വ്യാപൃതരാക്കാനും സാഹചര്യമൊരുക്കും. പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തുള്ള 172 കത്തോലിക്ക രൂപതകളില്‍ 132 ഉം ലത്തീന്‍ രൂപതകളാണ്‌. ബാക്കിയുള്ളവ സീറോ മലബാര്‍, സീറോ മലങ്കര റീത്തില്‍ ഉള്‍പ്പെടുന്നവയാണ്.


Related Articles »