News - 2024

'സെന്റ് പീറ്റേർസ് ബസലിക്ക' ഭീകരാക്രമണത്തിന്റെ നിഴലിൽ : US എംബസി

അഗസ്റ്റസ് സേവ്യ൪ 23-11-2015 - Monday

13-ാം തിയതി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പാരീസിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നുള്ള  ആഗോള ജാഗ്രത  തുടരുന്നതിനിടെ, റോമിലെയും മിലാനിലെയും  ഭീകരാക്രമണ ലക്ഷ്യങ്ങളിൽ, വി.പീറ്റേർസ് ബസലിക്ക ഉൾപ്പെടുന്നുണ്ടെന്ന് US എംബസി മുന്നറിയിപ്പ് നൽകി.

"മുസ്ലീം ഭീകരർ പാരീസിൽ പ്രയോഗിച്ച തന്ത്രം തന്നെയാകും അവർ ഇനി പല സ്ഥലങ്ങളിലും ഉപയോഗിക്കുക.  ഇറ്റലിയിലെ  അധികാരികൾ  ഈ ഭീഷണിയെ പറ്റി  അറിവുള്ളവരാണ്." നവംബർ 18-ാം തിയതിയിലെ സുരക്ഷാ സന്ദേശത്തിൽ US എംബസി വ്യക്തമാക്കി.

മിലാനിലെ ദേവാലയം, ലാ സ്കാല എന്ന നൃത്താലയം, മറ്റു ക്രിസ്തീയ, ജൂത ദേവാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ, ഹോട്ടലുകൾ, തിയറ്ററുകൾ എന്നിവയ്ക്കെല്ലാം സുരക്ഷാ ഭീഷണിയുണ്ടെന്ന് US എംബസി അറിയിച്ചു.

ഇറ്റലിയിലെ US പൗരൻമാർ പ്രത്യേക ജാഗ്രത പാലിക്കാനും, പരിസരങ്ങൾ ശ്രദ്ധയോടെ നിരീക്ഷിച്ചു കൊണ്ടിരിക്കാനും, വാർത്തകളും മുന്നറിയിപ്പുകളും ശ്രദ്ധിക്കാനും എംബസി നിർദ്ദേശിച്ചു.

നവംബർ 13-ലെ ഭീകരാക്രമണത്തിൽ 129 ആളുകൾ കൊല്ലപ്പെട്ടിരുന്നു.പാരീസ് ഭീകരാക്രമണത്തിൽ നേതൃത്വം വഹിച്ചയാൾ എന്നു കരുതപ്പെടുന്ന, അബ്ദൽ ഹമീദ്  അബാവ്ദ് എന്ന ബൽജിയൻ പൗരൻ, ബുധനാഴ്ച്ച നടന്ന ഫ്രഞ്ചു പോലീസിന്റെ തിരച്ചിലിനിടയിൽ കൊല്ലപ്പെട്ടിരിന്നു. മൊറാക്കോയിൽ ജനിച്ച ഈ ബൽജിയൻകാരൻ,  പല ഭീകരാക്രമണ പദ്ധതികളിലും പങ്കാളിയായിരുന്നു. 

കഴിഞ്ഞ ഏപ്രിലിൽ, പാരീസിനടുത്ത വില്ലേഷ്യാഫ് പട്ടണത്തിലെ ദേവാലയം ആക്രമിക്കാനുള്ള ഭീകര പദ്ധതിക്കു പിന്നിലും ഇയാളുണ്ടായിരുന്നു എന്ന്, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ ഇതിനിടെ ഫ്രഞ്ച് പോലീസിന്റെ തിരച്ചിലിനിടയിൽ ഒരു സ്ത്രീ പോലീസിനെതിരെ നിറയൊഴിക്കുകയും പിന്നീട് ശരീരത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇവർ അബാവ്ദിന്റെ അർദ്ധ സഹോദരിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

പാരീസ് ഭീകരാക്രമണത്തിനു ശേഷം ഫ്രഞ്ചു പോലീസ് വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലുകളിലായി, അനവധി ഭീകരരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആരും സുരക്ഷിതരല്ല എന്ന സന്ദേശമാണ് പാരീസ് ഭീകരാക്രമണം നമുക്ക് നൽകുന്നയെന്ന് വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറി കർഡിനാൾ പിറ്റ്റോ പരോലിൻ ഫ്രഞ്ച് ദിനപത്രം La  Croix നോട് പറഞ്ഞു.

"മതപരമായ പ്രാധാന്യം കൊണ്ട് ലോകം ഉറ്റുനോക്കുന്ന വത്തിക്കാക്കാൻ ഭീകരരുടെ ലക്ഷ്യമാണ്. പക്ഷേ ഇവിടുത്തെയും ഇതിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും സുരക്ഷാ നിലവാരം ഉയർത്താൻ നമുക്ക് കഴിയും." നവംബർ 15-ന്   La  Croix - ന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"പക്ഷേ, ഭീകരാക്രമണത്തിന്റെ പേരിൽ ഭയന്ന് വിറച്ചിരിക്കാൻ ഞങ്ങളില്ല,"  ഫ്രാൻസിസ് മാർപാപ്പയുടെ ഒരു പരിപാടികളിലും മാറ്റം വരുത്താൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്യായമായ അക്രമവും ക്രൂരതയും അവസാനിപ്പിക്കേണ്ടത് ലോകത്തിന്റെ നിലനിൽപ്പിന് അത്യന്താപേഷിതമാണ്.

ഈ ഭീകരതയ്ക്കെതിരെ എല്ലാ മുസ്ലീങ്ങളും പ്രതികരിക്കണം. ഭീകരതയ്ക്കെതിരായ നീക്കത്തിൽ അവരും പങ്കാളികളാകണം' കർഡിനാൾ പിറ്റ്റോ പരോലിൻ ആഹ്വാനം ചെയ്തു.

Source: http://www.ewtnnews.com


Related Articles »