News - 2025

‘ജസിയ’ നിഷേധിച്ച ക്രൈസ്തവരെ കൊന്നൊടുക്കി: പരോക്ഷ വെളിപ്പെടുത്തലുമായി ഐസിസ് തീവ്രവാദി

പ്രവാചക ശബ്ദം 08-12-2020 - Tuesday

മൊസൂള്‍ (ഇറാഖ്): മൊസൂളിലെ ക്രൈസ്തവരില്‍ ഇസ്ലാമിക് സ്റ്റേറ്റിന് ജസിയ (ഒരു ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന ചില അമുസ്ലിംകൾ കൊടുക്കേണ്ടതായ നികുതി) നല്‍കുവാന്‍ വിസമ്മതിച്ച ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തുവെന്നത് ശരിവെക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. മൊസൂളിലെ ക്രിസ്ത്യാനികള്‍ക്ക് ജസിയ നല്‍കുവാനുള്ള അവസരം ഇസ്ലാമിക് സ്റ്റേറ്റ് നല്‍കിയിരുന്നുവെന്നും ഐസിസിന് നികുതി കൊടുത്തിരുന്നെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ മതവിശ്വാസവും, മതപരമായ ആചാരങ്ങളും തുടരാമായിരുന്നെന്നും കാലിഫേറ്റ് അവരെ സംരക്ഷിച്ചേനേയെന്നുമാണ് ജിഹാദി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാഷിംഗ്‌ടണ്‍ ഡി.സി ആസ്ഥാനമായുള്ള മെംമ്രി ടി.വി (മിഡില്‍ ഈസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്) ആണ് ഐസിസിലെ നിയമപണ്ഡിതനും ജഡ്ജിയുമായിരുന്ന മുഫ്തി ഷിഫ അലി ബഷീര്‍ മുഹമ്മദിന്റെ വെളിപ്പെടുത്തൽ ഉൾപ്പെടുന്ന വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ജസിയ നല്‍കുന്നതിന് പകരം ക്രൈസ്തവര്‍ പലായനം ചെയ്യുകയായിരുന്നുവെന്നും, ജസിയ നല്‍കുവാന്‍ വിസമ്മതിച്ചവരുടേയും, പലായനം ചെയ്തവരുടേയും ഭൂമിയാണ്‌ ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതെന്നും ഷിഫ അലി പറയുന്നു. വിസമ്മതം പ്രകടിപ്പിച്ച ക്രിസ്ത്യാനികള്‍ പലായനം ചെയ്യുകയായിരുന്നുവെന്നു ഷിഫ അലി പറയുമ്പോഴും, പലായനം ചെയ്യാതെ മൊസൂളില്‍ തങ്ങിയ ക്രൈസ്തവരില്‍ ജസിയ നല്‍കുവാന്‍ വിസമ്മതിച്ചവരെ കൊല്ലുകയും അവരുടെ ഭൂമി ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചടക്കുകയുമായിരുന്നുവെന്നാണ് വെളിപ്പെടുത്തലിലെ പരോക്ഷമായ സൂചന. ‘ഇസ്ലാമിക നിയമത്തില്‍ പറഞ്ഞിരിക്കുന്നത് വിവരിക്കുകയായിരുന്നു ജിഹാദി സംഘടനയിലെ തന്റെ ദൗത്യ'മെന്നും ഷിഫ അലി പറയുന്നു.

മൊസൂളില്‍ ജനിച്ചു വളര്‍ന്ന ഷിഫ അലി വിവിധ തീവ്രവാദി സംഘടനകളില്‍ പ്രവര്‍ത്തിച്ച ശേഷം 2014-ലാണ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നത്. ഷിഫ അല്‍ നിമ എന്നായിരുന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ ഇയാളുടെ പേര്. മൊസൂളിലെ നിരവധി ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തിരുന്നു. ‘ഒന്നുകില്‍ മതം മാറുക, ജസിയ അടക്കുക, അല്ലെങ്കില്‍ മരിക്കുക’ എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റ് ക്രൈസ്തവര്‍ക്ക് നേരെ ഇറക്കിയ ഭീഷണി. ജൂലൈ മാസത്തില്‍ കാഫിറുകളെ (അവിശ്വാസികളെ) കൊറോണ വൈറസ് പടര്‍ത്തി കൊല്ലുവാന്‍ തങ്ങളുടെ അനുഭാവികളോട് ആഹ്വാനം ചെയ്തുകൊണ്ട് ഐസിസ് ഒരു പ്രസിദ്ധീകരണം പുറത്തുവിട്ടിരുന്നു. നിസാമുദ്ദീന്‍ മര്‍ക്കസില്‍ പങ്കെടുത്ത തബ്ലിഗി ജമാത്തിന്റെ ഫോട്ടോ ആയിരുന്നു കവര്‍ ചിത്രം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »