News - 2025
മാര്‍പാപ്പയും വത്തിക്കാന്‍ സംഘവും നോമ്പുകാലത്ത് ധ്യാനത്തില്‍ പങ്കെടുക്കും
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും നോമ്പ് കാലത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കും. റോമാ നഗരത്തിലെ അരീച്ച്യാ എന്ന സ്ഥലത്ത്, സെന്‍റ് പോള്‍സ് സന്ന്യാസ സമൂഹത്തിന്‍റെ ധ്യാനകേന്ദ്രത്തിലാണ് മാര്‍പാപ്പായും വത്തിക്കാന്‍റെ വിവിധ ഭരണവിഭാഗത്തിന്‍റെ തലവന്മാരും സഹപ്രവര്‍ത്തകരും ധ്യാനിക്കുന്നത്. മാര്‍ച്ച് 5ാം തീയതി ആരംഭിക്കുന്ന ധ്യാനം മാര്‍ച്ച് 10 വരെ നീണ്ടുനില്ക്കും. വത്തിക്കാനില്‍നിന്നും ഏകദേശം 60 കി.മി. അകലെയാണ് ധ്യാനകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
ധ്യാനദിവസങ്ങളില്‍ മാര്‍പാപ്പയുടെ വത്തിക്കാനിലെ കൂടിക്കാഴ്ചകളും മറ്റു പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. തപസ്സുകാലത്തെ ധ്യാനത്തിനു പോകുന്നതിനാല്‍ മാര്‍ച്ചു 8 ബുധനാഴ്ചത്തെ പൊതുകൂടിക്കാഴ്ചയും ഉണ്ടാകുകയില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. വിശുദ്ധ ഫ്രാന്‍സീസിന്റെ പട്ടണമായ അസ്സീസിയിലുള്ള ദൈവശാസ്ത്ര പഠനകേന്ദ്രത്തിലെ വൈദികന്‍ ഫാ. ജൂലിയോ മിഷെലീനിയാണ് പാപ്പായെയും സംഘത്തെയും ധ്യാനിപ്പിക്കുന്നത്.
മാര്‍ച്ച് 5നു ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക് ആരാധനയോടും സാഹായാഹ്ന പ്രാര്‍ത്ഥനയോടും കൂടെ ധ്യാനം ആരംഭിക്കും. 2 ധ്യാനപ്രഭാഷണങ്ങള്‍, സമൂഹബലിയര്‍പ്പണം, യാമപ്രാര്‍ത്ഥനകള്‍, ആരാധന എന്നിവയാണ് പൊതുവായ പരിപാടികള്‍. മാര്‍ച്ച് 10 വെള്ളിയാഴ്ച, രാവിലത്തെ ദിവ്യബലിയെ തുടര്‍ന്നുള്ള ധ്യാനപ്രസംഗത്തോടെ വാര്‍ഷികധ്യാനം അവസാനിക്കും. മാര്‍പാപ്പായും സഹപ്രവര്‍ത്തകരും നോമ്പ് കാലത്ത് ധ്യാനിക്കുമെന്ന വാര്‍ത്ത ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വത്തിക്കാന്‍ പുറുത്തുവിട്ടത്.
