News - 2025
പാക്കിസ്ഥാനിലെ സെന്‍സസ്: ക്രൈസ്‌തവരെ പൂര്‍ണ്ണമായും ഉള്‍പ്പെടുത്താന്‍ പ്രചാരണം തുടങ്ങി
സ്വന്തം ലേഖകന്‍ 16-02-2017 - Thursday
കറാച്ചി: പാക്കിസ്ഥാനില്‍ ആസനമായിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍, ക്രൈസ്‌തവരുടെ സാന്നിധ്യം കൃത്യമായി രേഖപ്പെടുത്താന്‍ രാജ്യത്തുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചു. സെന്‍സസില്‍ പുറത്തുവരുന്ന കണക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പാര്‍ലമെന്‍റില്‍ എത്ര ക്രൈസ്‌തവ സീറ്റുകള്‍ ഉണ്ടാകണമെന്നു തീരുമാനിക്കുക. ഇതേ തുടര്‍ന്നാണ് ബോധവത്ക്കരണ പരിപാടികള്‍ ആരംഭിച്ചത്.
കഴിഞ്ഞ ദിവസം കറാച്ചിയില്‍ നടന്ന ന്യൂനപക്ഷ മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ സെന്‍സസ് ബോധവല്‍ക്കണം ഊര്‍ജിതമായി നടത്താന്‍ ക്രൈസ്തവ നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്റര്‍ ഫെയ്‌ത്ത് എന്ന സംഘടനയെ പ്രതിനിധീകരിച്ച് ആന്റണി നവീത്, കറാച്ചി ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്‌സ്, ചര്‍ച്ച് ഓഫ് പാകിസ്ഥാനിന്റെ ബിഷപ്പ് സാദിക്ക് ഡാനിയല്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്തെ എല്ലാ ക്രൈസ്‌തവരേയും വിഭാഗീയതകള്‍ക്ക് അതീതമായി ഒരുമിപ്പിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ് ഇതെന്ന് ആര്‍ച്ച് ബിഷപ്പ് കൗട്ട്‌സ് പറഞ്ഞു. സാധാരണ അല്‍മായന്‍ മുതല്‍ വേദോപദേശകര്‍, സുവിശേഷ വേലചെയ്യുന്നവര്‍, പാസ്റ്റര്‍മാര്‍, ബിഷപ്പുമാര്‍ തുടങ്ങി എല്ലാവരും ഇതില്‍ ഉള്‍ക്കൊള്ളണം. സ്ഥാനമാനങ്ങളോ, വിഭാഗങ്ങളോ ഇതിനു പരിഗണിക്കേണ്ടതില്ല. എത്ര ക്രൈസ്‌തവരുണ്ടെന്ന് കൃത്യമായി അറിഞ്ഞെങ്കില്‍ മാത്രമേ പ്രതിനിധികളുടെ അംഗസംഖ്യ സര്‍ക്കാരിന് തീരുമാനിക്കാനാകൂ. ബിഷപ്പ് കൗട്ട്‌സ് ഓര്‍മ്മിപ്പിച്ചു.
സണ്‍ഡേ ക്ലാസുകളിലും, ബൈബിള്‍ ക്ലാസുകളിലും ഇതര സഭകളുടെ മറ്റു പരിപാടികളിലും സെന്‍സസിനെ പറ്റി ബോധവല്‍ക്കണം നടത്താന്‍ തീരുമാനമായിട്ടുണ്ട്. ഇസ്ളാമിക രാജ്യമായ പാകിസ്ഥാന്റെ ദേശീയ അസംബ്ലിയില്‍ 145 സീറ്റുകളുണ്ടായിരുന്നതില്‍ 10 എണ്ണം ന്യൂനപക്ഷത്തിനുള്ളതായിരുന്നു. എന്നാല്‍, ദേശീയ അസംബ്ലിയില്‍ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് 342 ആക്കിയപ്പോഴും ന്യൂനപക്ഷ സീറ്റുകള്‍ 10 എണ്ണമായി തന്നെ നിലനിര്‍ത്തുകയായിരുന്നെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ഷഹിദ് ഫറൂക്ക് പറയുന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുവാന്‍ സെന്‍സസ് വഴി സാധ്യമാകുമെന്നാണ് ക്രൈസ്തവ നേതൃത്വം വിലയിരുത്തപ്പെടുന്നത്.
2008-ല്‍ ആണ് ഏറ്റവും ഒടുവില്‍ കാനേഷുമാരി കണക്കെടുപ്പ് പാകിസ്ഥാനില്‍ നടന്നത്. 1998ല്‍ നടത്തിയ ജനസംഖ്യാകണക്കെടുപ്പില്‍ 2.8 ശതമാനമായിരുന്നു ന്യൂനപക്ഷം. ഹിന്ദു, ക്രിസ്‌ത്യന്‍, സിക്ക്, പാര്‍സി, ഖഡിയാനി, ജൂതര്‍ എന്നിവരാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷ വിഭാഗം. 26 ലക്ഷം ക്രിസ്‌ത്യാനികളാണ് പാക്കിസ്ഥാനിലുള്ളത്.
