News - 2025
വ്യാജ മതനിന്ദ കേസ്: പാക്കിസ്ഥാനില്‍ ക്രൈസ്തവ സഹോദരങ്ങള്‍ക്ക് മോചനം
പ്രവാചകശബ്ദം 03-02-2025 - Monday
ലാഹോർ: പാക്കിസ്ഥാനില്‍ മഅറസ്റ്റിലായ ഇരട്ട ക്രൈസ്തവ സഹോദരങ്ങള്‍ക്കു നേരെയുള്ള മതനിന്ദ കേസ് വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു ഇരുവര്‍ക്കും മോചനം. കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ, തെറ്റായ ദൈവനിന്ദ ആരോപണത്തിൽ നിന്ന് പാകിസ്ഥാനിലെ കസൂർ അഡീഷണൽ സെഷൻസ് ജഡ്ജി ഫർസാന ഷഹ്സാദ് ഇവരെ വെറുതെവിടുകയായിരിന്നു. 18 വയസ്സുള്ള സാഹിൽ ഷാഹിദ് , റഹീൽ ഷാഹിദ് എന്നിവര്‍ക്കാണ് വിചാരണയില്‍ മോചനം ലഭിച്ചതെന്ന് അഭിഭാഷകൻ ജാവേദ് സഹോത്ര പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ കസൂർ ജില്ലയിലെ ഖുലേ വാല ഗ്രാമത്തിലെ സഹോദരങ്ങൾ ഖുറാന്‍ അവഹേളിച്ച് മതനിന്ദ നടത്തിയെന്നായിരിന്നു കേസ്. കഴിഞ്ഞ ഓഗസ്റ്റ് 27 ന് ഖുർആനിൻ്റെ പേജുകൾ കീറിയെന്നാരോപിച്ച് ഷാഹിദ് സഹോദരന്മാരെ അറസ്റ്റ് ചെയ്തു മതനിന്ദ കുറ്റം ചുമത്തുകയായിരിന്നു.
അന്വേഷണ ഉദ്യോഗസ്ഥനും പരാതിക്കാരനും ഉൾപ്പെടെ എട്ട് സാക്ഷികളുടെ ക്രോസ് വിസ്താരത്തിനിടെ, ഏത് ഖുറാൻ ഭാഗമോ വാക്യങ്ങളോ അപകീർത്തിപ്പെടുത്തിയെന്ന് ആർക്കെങ്കിലും തിരിച്ചറിയാൻ കഴിയുമോ എന്ന ചോദ്യത്തിന് മുന്നില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് കഴിയാതെ പോകുകയായിരിന്നു. ഇത് സഹോദരന്മാർക്കെതിരെ സമർപ്പിച്ച തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് തുറന്നുക്കാട്ടുകയായിരിന്നുവെന്ന് അഭിഭാഷകൻ സഹോത്ര മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഹോദരങ്ങളെ വിട്ടയച്ചത് കൂടാതെ ദുർബ്ബലമായ അന്വേഷണം നടത്തിയതിന് കസൂർ ജില്ലാ പോലീസ് ഓഫീസർക്ക് കോടതി നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവരില്‍ ഭയം ജനിപ്പിച്ച് ഗ്രാമം വിട്ടുപോകാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹോദരങ്ങൾക്കെതിരെ കള്ളക്കേസ് ചുമത്തിയതെന്നു പ്രതിഭാഗം കോടതിയെ അറിയിച്ചു. ഈ കേസ് ക്രൈസ്തവ നിവാസികൾക്കെതിരായ ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നിക്ഷിപ്ത താൽപ്പര്യങ്ങൾക്ക് അവരുടെ ഭൂമിയും സ്വത്തുക്കളും തട്ടിയെടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിജയകരമായ പ്രതിരോധം ഉണ്ടായതിനാലാണ് അവരുടെ നീചമായ ആശയങ്ങളെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞതെന്നും അഡ്വ. സഹോത്ര പറഞ്ഞു. പാക്കിസ്ഥാനില്‍ ക്രൈസ്തവരെ കുടുക്കാന്‍ വ്യാജ മതനിന്ദ കേസുകള്‍ ആരോപിക്കുന്നത് പതിവ് സംഭവമാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രൈസ്തവ സഹോദരങ്ങള്‍ക്ക് നേരെയുള്ള കേസ്.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️