India - 2025
ലോകത്തിന് ആവശ്യം ക്രിസ്തുവിന്റെ സമാധാനം: ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍
സ്വന്തം ലേഖകന്‍ 08-04-2017 - Saturday
അങ്കമാലി: തിന്മകളിലേക്കു കൂടുതലായി ചരിച്ചു കൊണ്ടിരിക്കുന്ന ലോകത്തിനു ഇന്നാവശ്യം ക്രിസ്തുവിന്റെ സമാധാനമാണെന്നു ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ. യൂദാപുരം തീർഥാടനകേന്ദ്രത്തിലെ ബൈബിൾ കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനുള്ള വേദികളാണ് ബൈബിൾ കണ്വൻഷനുകളെന്നും അദ്ദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.
വ്യക്തിജീവിതം വിശുദ്ധീകരിക്കപ്പെട്ടാൽ കുടുംബജീവിതത്തിലും സമൂഹത്തിലും അതിന്റെ മാറ്റമുണ്ടാകും. തിന്മകളിൽനിന്നു അകന്നുനിൽക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാൻ ലഭിക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താനും പരിശ്രമിക്കണം. തിന്മകളിലേക്കു കൂടുതലായി ചരിച്ചു കൊണ്ടിരിക്കുന്ന ലോകത്തിനു ഇന്നാവശ്യം ക്രിസ്തുവിന്റെ സമാധാനമാണ്. ആർച്ച് ബിഷപ് പറഞ്ഞു.
ഫാ. ജേക്കബ് മഞ്ഞളി, ഫാ. ജോസ് തോമസ് എന്നിവരാണ് കണ്‍വൻഷനു നേതൃത്വം നൽകുന്നത്. വൈകുന്നേരം നാലു മുതൽ ഒൻപതു വരെ ദിവ്യബലി, വചനപ്രഘോഷണം, ആന്തരീക സൗഖ്യാരാധന, കൗണ്‍സലിംഗ്, രോഗികൾക്കുവേണ്ടി പ്രത്യേക പ്രാർഥന തുടങ്ങിയവയുണ്ടാകും. ഇന്നു വൈകുന്നേരം 5നു കോട്ടപ്പുറം രൂപതാധ്യക്ഷൻ ഡോ. ജോസഫ് കാരിക്കശേരി അനുഗ്രഹ പ്രഭാഷണം നടത്തും. സമാപനദിനമായ തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ സമാപനസന്ദേശം നൽകും. ദിവസവും രാത്രി കണ്‍വൻഷനുശേഷം വിവിധ പ്രദേശങ്ങിളിലേയ്ക്ക് സൗജന്യ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.