India - 2024
ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍
സ്വന്തം ലേഖകന്‍ 28-06-2018 - Thursday
കൊച്ചി: കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനും വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ്പുമായ ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ പൗരോഹിത്യ സുവര്‍ണജൂബിലി നിറവില്‍. 1968 ജൂണ്‍ 29നു വത്തിക്കാനില്‍ സുവിശേഷവത്ക്കരണ തിരുസംഘത്തിന്റെ അന്നത്തെ അധ്യക്ഷനായിരുന്ന കര്‍ദ്ദിനാള്‍ ഗ്രിഗോറിയോ പിയെത്രോ അഗജിയാനിയനില്‍ നിന്നാണു അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ഓച്ചന്തുരുത്ത് പള്ളി സഹവികാരി, ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കേളന്തറയുടെ സെക്രട്ടറി, സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍, അന്പലമുകള്‍ ദേവാലയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നീ നിലകളില്‍ സേവനം ചെയ്തു.
1987-ലാണ് കോട്ടപ്പുറം രൂപതയുടെ പ്രഥമ മെത്രാനായി അദ്ദേഹം നിയമിതനായത്. 2010 ഫെബ്രുവരിയില്‍ മാതൃ അതിരൂപതയായ വരാപ്പുഴയുടെ മെത്രാപ്പോലീത്തയായി. 2016 ഒക്ടോബറില്‍ വിരമിച്ചശേഷം ഇപ്പോള്‍ കാക്കനാട് വില്ലാ സൊക്കോര്‍സോയില്‍ വിശ്രമജീവിതം നയിക്കുകയാണ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍.