News

ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് ആര്‍‌എസ്‌എസ്

സ്വന്തം ലേഖകന്‍ 11-04-2017 - Tuesday

റാഞ്ചി: ജാര്‍ഖണ്ഡിനെ ക്രൈസ്തവ മുക്തമാക്കുമെന്ന് തീവ്ര ഹൈന്ദവ സംഘടനയായ ആര്‍‌എസ്‌എസ്. സംസ്ഥാനത്തെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

‘ക്രൈസ്തവ വിമുക്ത ജാര്‍ഖണ്ഡ്’ ലക്ഷ്യമിട്ട് സംസ്ഥാനത്ത് 53 ക്രൈസ്തവ കുടുംബങ്ങളെ ഘര്‍വാപ്പസി വഴി ഹിന്ദു മതത്തിലേക്ക് തിരിച്ചെത്തിച്ചതായും സംഘപരിവാര്‍ നേതൃത്വം അവകാശപ്പെടുന്നുണ്ട്. സംസ്ഥാനത്തെ സിന്ദ്രി പഞ്ചായത്തിലെ ആര്‍കി മേഖല കഴിഞ്ഞ പത്ത് വര്‍ഷമായി ക്രിസ്ത്യന്‍ മിഷനറിമാര്‍ തട്ടിയെടുത്ത് മതപ്രചരണത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നു ആര്‍‌എസ്‌എസ് ആരോപിക്കുന്നു.

"ആര്‍കിയെ ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒരു മാസമായി കാമ്പയിന്‍ നടത്തി വരികയായിരുന്നു. ക്രൈസ്തവ മുക്ത മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം. താമസിയാതെ തന്നെ ഗ്രാമീണര്‍ അവരുടെ വേരുകളിലേക്ക് തിരികെ എത്തും". സിന്ദ്രി പഞ്ചായത്ത് ഉള്‍പ്പെടുന്ന ഖുന്തി ജില്ലയുടെ ബിജെപി ഉപാധ്യക്ഷന്‍ കൂടിയായ ലക്ഷ്മണ്‍ സിംഗ് മുണ്ടെ പറഞ്ഞു.

തീവ്രഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപി ഭാരതത്തില്‍ അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണം ശക്തമാണെന്ന്‍ ഓസ്ട്രേലിയ ആസ്ഥാനമായ സൈറ്റ് മാഗസിന്‍ അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചിരിന്നു. ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന്‍ വാഷിംഗ്ടണ്‍ ടൈംസ് അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിന്നു.

കഴിഞ്ഞ മാസം ഭാരതത്തില്‍ അശരണരായവര്‍ക്ക് സഹായമെത്തിക്കുന്ന ചില ക്രൈസ്തവ സന്നദ്ധ സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിന്നു. ഒന്നര ലക്ഷത്തോളം പാവപ്പെട്ട കുട്ടികള്‍ക്കുള്ള സഹായമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. സര്‍ക്കാര്‍ തീരുമാനം മൂലം ഭക്ഷണവും, വിദ്യാഭ്യാസവും മുടങ്ങുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് സഹായം എത്തിച്ചു നല്‍കുവാന്‍ കേന്ദ്രം ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ നീതി ഉറപ്പാക്കുമെന്നാണ് പ്രഖ്യാപിച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അധികാരത്തിലേറിയത്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള പീഡനങ്ങളില്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണല്‍ സംഘടന ആഗോള തലത്തില്‍ നടത്തിയ പഠനത്തില്‍ ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന പീഡനങ്ങളില്‍ ഭാരതം 17-ാം സ്ഥാനത്താണുള്ളത്.


Related Articles »