News - 2024

റോമൻ കൂരിയയുടെ ഡിക്കാസ്റ്ററിയിലേക്ക് ഭാരതത്തില്‍ നിന്നുള്ള കർദ്ദിനാളുമാരെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 08-10-2022 - Saturday

വത്തിക്കാന്‍ സിറ്റി: ഗോവ ആർച്ച്‌ ബിഷപ്പ് കർദ്ദിനാൾ ഫിലിപ്പ് നേരിയെയും ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ അന്തോണി പൂളയെയും റോമൻ കൂരിയയുടെ ഡിക്കാസ്റ്ററിയിലേക്ക് നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. കർദ്ദിനാൾ ഫിലിപ്പ് നേരിയെ സുവിശേഷവൽക്കരണത്തിനുള്ള ഡിക്കാസ്റ്ററിയിലെ അംഗമായും കർദ്ദിനാൾ അന്തോണി പൂളയെ സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയിലെ അംഗങ്ങളില്‍ ഒരാളുമായാണ് നിയമിച്ചിരിക്കുന്നത്. ഇന്നലെ ഒക്ടോബര്‍ 7നാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാന്‍ നടത്തിയത്. ഇരുവരും ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്.

1953 ജനുവരി 20-ന് ഗോവയിലെ മപുസയില്‍ ജനിച്ച ഫിലിപ്പ് നേരി 1979 ഒക്ടോബർ 28-ന് വൈദികനായി. 1993 ഡിസംബർ 20-ന് ഗോവ, ദാമൻ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായി. 2003-ല്‍ ഗോവയിലെയും ദാമന്റെയും ആർച്ച് ബിഷപ്പായി. പിറ്റേ വര്‍ഷം 2004-ല്‍ പാത്രിയർക്കീസ് ​​പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2004 മാർച്ച് 21-ന് സ്ഥാനാരോഹണം ചെയ്തു. 2019-ൽ ചെന്നൈയിൽ നടന്ന 31-ാമത് പ്ലീനറി അസംബ്ലിയിൽവെച്ചാണ് ലത്തീന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

1961 നവംബർ 15 ന് ആന്ധ്രാപ്രദേശിലെ ചിന്ദുകൂറിലാണ് അന്തോണി പൂളയുടെ ജനനം. 1992 ഫെബ്രുവരി 20ന് വൈദികനായി. 2008 ഫെബ്രുവരി 8 ന് കുർണൂൽ ബിഷപ്പായി നിയമിതനായി. 2008 ഏപ്രിൽ 19 ന് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2020 നവംബർ 19-ന് ഹൈദരാബാദ് ആർച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. അടുത്തിടെ ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടപ്പോള്‍ ഏറെ വാര്‍ത്ത പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരിന്നു. ദളിത് വിഭാഗത്തില്‍ നിന്ന് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ വ്യക്തിയാണ് കര്‍ദ്ദിനാള്‍ അന്തോണി പൂള.


Related Articles »