News - 2025
അന്ത്യ അത്താഴത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവ ലോകം ഇന്നു പെസഹ ആചരിക്കുന്നു
സ്വന്തം ലേഖകന്‍ 13-04-2017 - Thursday
കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്‌മരണ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്‌തവര്‍ ഇന്നു പെസഹാ ആചരിക്കുന്നു. വിനയത്തിന്റെ മാതൃക ലോകത്തിന് നല്‍കി കൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന്‍ കാല്‍കഴുകല്‍ ശുശ്രൂഷയും പ്രത്യേക ദിവ്യബലിയും നടക്കും. വിവിധ ദേവാലയങ്ങളിലായി രോഗികളെയും അള്‍ത്താര ശുശ്രൂഷികളെയും പ്രായമുള്ള പിതാക്കന്മാരെയുമാണ് കാലുകഴുകല്‍ ശുശ്രൂഷയ്‌ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.
വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്‍മ്മയെ പുതുക്കി ദേവാലയങ്ങളില്‍ തുടര്‍ച്ചയായി ദിവ്യകാരുണ്യ ആരാധന നടക്കും. ദിവ്യകാരുണ്യ സന്നിധിയില്‍ വൈകുന്നേരം വരെ പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികള്‍ക്ക് അവസരമുണ്ട്. ചില ദേവാലയങ്ങളില്‍ പെസഹ ശുശ്രൂഷകള്‍ വൈകീട്ടാണ് നടക്കുക. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക. വൈകീട്ട് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മാർപാപ്പ, പാലിയാനോ ജയിലിലെ അന്തേവാസികളുടെ കാലുകള്‍ കഴുകും.
കുരിശുമരണത്തിന് ഏല്‍പ്പിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പു യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്‌മരിച്ചു ദേവാലയങ്ങളിലും വീടുകളിലും വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടക്കും. സന്ധ്യക്ക് ക്രൈസ്‌തവ ഭവനങ്ങളില്‍ അയല്‍ക്കാരും ബന്ധുക്കളും ഒത്തുകൂടി അപ്പം മുറിച്ച് ഭക്ഷിക്കും. പെസഹ അപ്പം മുറിക്കുന്നതോടെ വിശുദ്ധ വാരത്തിലെ പ്രധാനപ്പെട്ട ആഘോഷത്തിന് സമാപനമാകും.
തൃശ്ശൂര്‍ പരിശൂദ്ധ വ്യാകുലമാതാവിന്റെ ബസലിക്കയില്‍ രാവിലെ ഇന്ന് ഏഴിനു പെസഹാ തിരുകര്‍മങ്ങള്‍ ആരംഭിക്കും. ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ഏഴിനു പൊതു ആരാധന നടക്കും. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിൽ രാവിലെ ഏഴിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷക്കും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ബിഷപ് മാർ പോളി കണ്ണൂക്കാടൻ നേതൃത്വം നല്‍കും. രാത്രി ഏഴുവരെ ആരാധനയും തുടർന്ന് പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷയും നടക്കും.
പട്ടം സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന കാൽകഴുകൽ ശുശ്രൂഷയില്‍ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 4.30ന് പെസഹാ കുർബാന നടക്കും.
![](/images/close.png)