News

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന് ഞാൻ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുന്നു: പ്രശസ്ത ഫുട്ബോള്‍ കോച്ച് ജിം ഹാർബോഗ്

സ്വന്തം ലേഖകന്‍ 27-04-2017 - Thursday

വത്തിക്കാൻ: യേശു ക്രിസ്തുവിലുള്ള വിശ്വാസത്തിനാണ് തന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകിയിരിക്കുന്നതെന്നു മുന്‍ നാഷ്ണല്‍ ഫുട്ബോള്‍ ലീഗ് താരവും മിഷിഗൻ യൂണിവേഴ്സിറ്റി ഫുട്ബോൾ കോച്ചുമായ ജിം ഹാർബോഗ്. വത്തിക്കാനില്‍ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സി.എൻ.എ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. വിശ്വാസം, കുടുംബം, ഫുട്ബോൾ എന്നിങ്ങനെയാണ് തന്റെ ജീവിതത്തിലെ മുൻഗണനാക്രമമെന്നും അദ്ദേഹം പറഞ്ഞു.

2015 മുതൽ മിഷിഗൻ യൂണിവേഴ്സിറ്റി ഫുട്ബോൾ കോച്ചായി സേവനമനുഷ്ഠിക്കുന്ന ഹാർബഗ്, യൂണിവേഴ്സിറ്റിക്കു വേണ്ടിയും നാഷണൽ ഫുട്ബോൾ ലീഗിലും കളിച്ചിട്ടുണ്ട്. ദൈവത്തിൽ വിശ്വാസമർപ്പിച്ച്, കൃപയുടെ അനുഭൂതിയിൽ ഭയം കൂടാതെയുള്ള ജീവിതം നയിക്കുക എന്ന ഭാര്യാപിതാവ്, മെറിൽ ഫോർബോൺ നൽകിയ സന്ദേശമാണ് തന്റെ ജീവിതത്തെ സ്വാധീനിച്ചത്.

മാർപാപ്പയെ കണ്ടുമുട്ടിയ അനുഭവം വിവരിക്കാവുന്നതിനപ്പുറമാണ്. തന്നോടൊപ്പം കുടുംബത്തേയും ടീമംഗങ്ങളേയം സ്റ്റാഫിനേയും റോമിലേക്ക് കൊണ്ടുവരാൻ സാധിച്ചതിന്റെ സന്തോഷവും ഹാർബഗ് പങ്കുവെച്ചു.

സിറിയൻ അഭയാർത്ഥികളുമായും എസ്. ഒ.എസ് ഗ്രാമത്തിലെ കുട്ടികളുമായും ടീം സമ്പർക്കം നടത്തി. മാർപാപ്പയുമായുള്ള കൂടിക്കാഴ്ച്ച ടീമംഗങ്ങൾക്ക് വൈകാരികമായിരുന്നുവെന്നും ആ അനുഭവത്തിൽ നിന്നും പാഠം ഉൾകൊണ്ട് ദൈവവുമായുള്ള വ്യക്തി ബന്ധം കൂടുതല്‍ കരുത്തുള്ളതാകട്ടെയെന്ന് ഹാർബഗ് പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്രാൻസിസ് പാപ്പയുടെ ഒപ്പമുള്ള നിമിഷങ്ങൾ എങ്ങനെ ഉപയോഗപ്രദമാക്കണം എന്ന ആശയകുഴപ്പത്തിലായിരുന്ന തന്നെ സഹായിച്ചത് മോൺസിഞ്ഞോർ റോബർട്ട് മെക്ക്ലോറി എന്ന വൈദികനാണ്. നിശബ്ദതയിൽ പ്രാർത്ഥിക്കുക വഴി ദൈവത്തിന്റെ സ്വരത്തിന് കാതോർക്കാനും അതുവഴി ദൈവഹിതം പ്രാവർത്തികമാക്കാനും സാധിക്കും എന്ന് വൈദികൻ നൽകിയ സന്ദേശമാണ് താൻ അനുവർത്തിക്കാൻ പോകുന്നത്.

ക്രൈസ്തവർ എന്ന വേർതിരിവില്ലാതെ മാര്‍പാപ്പയെ പോലെയുള്ള ലോക നേതാവിനെ ശ്രവിക്കാനും അനുഗ്രഹം ലഭിക്കാനും ഇട വന്നത് അവിശ്വസനീയമായ അനുഭവമന്നെന്ന് ടീമംഗം ന്യൂസം പറഞ്ഞു. വിശ്വാസത്തിൽ ആഴപ്പെടാൻ സാധിച്ചതിന്റെ സന്തോഷം തന്നെയാണ് മറ്റു ടീമംഗങ്ങളും പങ്കുവെച്ചത്. സമ്മാനം നേടാനായി പരിശ്രമിക്കുക എന്ന വചനം തന്നെയാണ് ഓരോ കായിക താരങ്ങൾക്കുമുള്ള പ്രചോദനം.

ക്ലാസ്സ് റൂമിലോ ഫുട്ബോൾ ഗ്രൗണ്ടിലോ ഒതുങ്ങുന്നതല്ല പഠനം. ജനങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നത്. കാണാത്ത കാഴ്ചകൾ കാണാനും കേൾക്കാത്ത ഭാഷകൾ കേൾക്കാതും ആസ്വദിക്കാത്ത രുചികൾ ആസ്വദിക്കാനുമുള്ള അവസരമാണ് ടീമംഗങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.

ടീം അംഗങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത രണ്ടു കാര്യങ്ങളാണ് സ്ഥിരതയും അച്ചടക്കവും. റോമൻ സന്ദർശനവും മാർപാപ്പയോടൊത്തുള്ള സമയവുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടവും അനുഗ്രഹവും. മകന്റെ മാമ്മോദീസായും മകളുടെ ആദ്യകുർബാന സ്വീകരണവും വത്തിക്കാനിൽ വച്ചു നടത്താൻ സാധിച്ചതിന്റെ സന്തോഷവും ഹാർബഗ് പത്രസമ്മേളനത്തിൽ വിവരിച്ചു.


Related Articles »