News - 2024

അരിസോണയിലെ പെന്തക്കോസ്ത് പാസ്റ്ററും സഭാംഗങ്ങളും കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 03-05-2017 - Wednesday

ടക്സോണ്‍: അരിസോണയിലെ ‘അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച്’ എന്ന പെന്തക്കൊസ്ത് സഭയിലെ പാസ്റ്ററും വിശ്വാസികളും പ്രൊട്ടസ്റ്റന്‍റ് ആശയങ്ങള്‍ ഉപേക്ഷിച്ച് കത്തോലിക്കാ സഭയില്‍ ചേര്‍ന്നു. പാസ്റ്റര്‍ ജോഷുവാ മാങ്ങെല്‍സ്, അദ്ദേഹത്തിന്റെ കുടുംബം, അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ച് സഭയിലെ വിശ്വാസികള്‍ എന്നിവരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനാണ് സത്യസഭയിലേക്ക് തിരിച്ചുവന്നവരെ ജ്ഞാനസ്നാനത്തിലൂടെ സ്വീകരിച്ചത്. ശക്തമായ വിശ്വാസസാക്ഷ്യവുമായി മടങ്ങിയെത്തവരുടെ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ബിഷപ്പ് എമിരിറ്റസ് ജെറാള്‍ഡ് ഡിനോ പ്രതികരിച്ചു.

കൗമാര കാലഘട്ടത്തില്‍ വിശ്വാസമില്ലാതെ ജീവിക്കുന്ന സമയത്താണ് ജോഷുവ, കാരെന്‍ എന്ന് പേരായ സ്ത്രീ അവിടത്തെ കമ്മ്യൂണിറ്റി സെന്ററില്‍ താന്‍ നടത്തികൊണ്ടിരിക്കുന്ന ബൈബിള്‍ ക്ലാസ്സില്‍ തന്നെ സഹായിക്കുവാന്‍ മാങ്ങെലിനോടാവശ്യപ്പെട്ടു. ഇതാണ് സുവിശേഷ പ്രചാരണത്തിനുള്ള ഒരുള്‍വിളി തനിക്കുണ്ടെന്ന് മനസ്സിലാക്കിയതായും മാങ്ങെല്‍ പറയുന്നത്. തുടര്‍ന്ന്‍ മാങ്ങെല്‍ അസ്സംബ്ലി ഓഫ് ഗോഡ്‌ ചര്‍ച്ചില്‍ ചേരുകയും അവിടത്തെ പാസ്റ്ററാവുകയും ചെയ്തു.

എന്നാല്‍ തങ്ങളുടെ സഭയുടെ പ്രചാരണത്തിന്റെ പ്രവര്‍ത്തനങ്ങളും സൈദ്ധാന്തികമായ മാറ്റങ്ങളും മാങ്ങെലിനെ അസ്വസ്ഥനാക്കുകയായിരിന്നു. അക്കാലത്താണ് തന്റെ ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം മാങ്ങെല്‍ കത്തോലിക്ക വചനപ്രഘോഷകന്‍റെ സുവിശേഷ പ്രഘോഷണം കേള്‍ക്കുവാനിടയായി. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മാങ്ങെലിനെ ഏറെ സ്പര്‍ശിച്ചു. തുടര്‍ന്നു കത്തോലിക്കാ സഭാ പിതാക്കന്‍മാരുടെ പ്രബോധനങ്ങളും, കത്തോലിക്കാ സഭാചരിത്രവും പഠിക്കുവാന്‍ ആരംഭിക്കുകയായിരിന്നു.

കത്തോലിക്കാ സഭാപിതാക്കന്‍മാരുടെ ഗ്രന്ഥങ്ങള്‍ അദ്ദേഹം തേടിപ്പിടിച്ചു വായിക്കുവാന്‍ തുടങ്ങി. സഭാപിതാക്കന്‍മാരുടെ രചനകളില്‍ നിന്നും പരിശുദ്ധ കുര്‍ബ്ബാനക്ക് ആദിമ സഭയില്‍ എത്രമാത്രം പ്രാധാന്യം ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം മനസ്സിലാക്കി. പരിശുദ്ധ ദിവ്യകാരുണ്യം സ്ഥാപിച്ചത് യേശുവായാതിനാല്‍, തനിക്കും കര്‍ത്താവിനെ സ്വീകരിക്കുവാനുള്ള ആഗ്രഹമുണ്ടായതായി മാങ്ങെല്‍ തുറന്ന്‍ പറഞ്ഞു.

തുടര്‍ന്നു കഴിഞ്ഞ ജൂലൈ മാസം മുതല്‍, ആദിമസഭയെക്കുറിച്ച് തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മാങ്ങെലും, അദ്ദേഹത്തിന്റെ ഭാര്യ തെരേസയും തങ്ങളുടെ സഭയില്‍ പഠിപ്പിക്കുവാന്‍ തുടങ്ങി. ആദിമ സഭയുടെ പഠനത്തിനായി ബുധനാഴ്ച തോറും അവര്‍ മാറ്റിവെച്ചു. ഓരോ ക്ലാസുകളും അവരുടെ സഭയില്‍പ്പെട്ട ആളുകളെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും, കത്തോലിക്കാ സഭയെക്കുറിച്ച് പഠിക്കുവാനുള്ള താല്‍പ്പര്യം അവരില്‍ ജനിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് സഭയിലെ പ്രൊട്ടസ്റ്റന്‍റ് വിശ്വാസികള്‍ കത്തോലിക്ക വിശ്വാസം സ്വീകരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

കത്തോലിക്കാ സഭയെക്കുറിച്ച് നേരത്തെ തന്നെ ചില കാര്യങ്ങള്‍ മനസ്സിലാക്കിയിരുന്നുവെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ എത്രമാത്രം സത്യമായിരുന്നുവെന്ന് തങ്ങളുടെ പാസ്റ്ററുടെ ബുധനാഴ്ച ക്ലാസ്സുകളില്‍ നിന്നും മനസ്സിലായെന്ന് മാങ്ങെലിനൊപ്പം കത്തോലിക്കാ സഭയിലേക്ക് വന്ന റെബേക്ക മക്ക്ലോസ്കി പറഞ്ഞു. 40,000 ത്തോളം പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ ഉണ്ട്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ പ്രശ്നങ്ങളുടെ ഭാഗമാണോ അതോ പ്രശ്നപരിഹാരത്തിന്റെ ഭാഗമോയെന്ന ചിന്ത തന്നെ മറ്റൊരു തലത്തിലേക്ക് കൂട്ടികൊണ്ട് പോയതായി കത്തോലിക്കാ സഭയില്‍ ചേര്‍ന്ന ലിസാ ഗ്രേ പറഞ്ഞു.

സെപ്റ്റംബര്‍ മാസത്തിലാണ് താന്‍ പാസ്റ്റര്‍ പദവി ഒഴിയുകയാണെന്നും തന്റെ കുടുംബത്തോടൊപ്പം കത്തോലിക്കാ സഭയില്‍ ചേരുകയാണെന്നും മാങ്ങെല്‍ തന്റെ സഭയെ അറിയിച്ചത്. കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ മാങ്ങെല്‍ സമീപിച്ചത് വിശുദ്ധ മെലനീസ് കത്തോലിക്കാ ദേവാലത്തിലെ പുരോഹിതനായ ഫാദര്‍ ബോബ് റാന്‍കിനേയാണ്. തുടര്‍ന്നു ജ്ഞാനസ്നാനം സ്വീകരിക്കുകയായിരിന്നു. തന്റെ ഇടവകയിലെ വിശ്വാസികള്‍ക്കില്ലാത്ത ആവേശത്തോടെയാണ് മാങ്ങെല്‍സും അദ്ദേഹത്തിന്റെ കൂടെ വന്നവരും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതെന്നു ഫാദര്‍ ബോബ് റാന്‍ക് പറഞ്ഞു.


Related Articles »