News - 2024

സീറോ മലബാർ ആരാധനക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയില്‍ അര്‍പ്പിച്ചു

സ്വന്തം ലേഖകന്‍ 31-05-2017 - Wednesday

വിയന്ന: വിയന്നയിലെ മലയാളി കത്തോലിക്ക സമൂഹം സീറോ മലബാർ ആരാധന ക്രമം അനുസരിച്ചുള്ള വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ അർപ്പിച്ചു. ജർമൻ ഭാഷാ സംസ്കാരത്തിൽ ജനിക്കുകയും വളരുകയും പഠിക്കുകയും ചെയ്യുന്ന വിയന്നയിലെ മലയാളി യുവസമൂഹത്തിന് പുതിയ അനുഭവം പകര്‍ന്ന് കൊണ്ടാണ് മാതൃസഭയുടെ വിശുദ്ധ കുർബാന ജർമൻ ഭാഷയിൽ ലഭ്യമാക്കിയത്.

പലപ്പോഴും വിശുദ്ധ കുർബാന മലയാളത്തിൽ കാണുന്നുണ്ടായിരുന്നെങ്കിലും അതിന്‍റെ അർഥം പൂർണമായി ഉൾകൊള്ളാൻ സാധിച്ചിരുന്നില്ലായെന്നും മലയാളികളുടെ പൈതൃക വിശ്വാസ സമ്പന്നമായ സീറോ മലബാർ കുർബാന രാജ്യത്തെ പ്രാദേശിക വിശ്വാസ സമൂഹവും വളരെ താല്പര്യപൂർവം സ്വാഗതം ചെയ്തതായും യൂത്ത് ഫോറം സാക്ഷ്യപ്പെടുത്തി. ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിയുടെ നേതൃത്വത്തിലാണ് വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കിയത്.

യൂറോപ്പിലെ യുവതലമുറയിൽ ദൈവ വിശ്വാസത്തിന്‍റെയും ധാർമികതയുടേയും പൈതൃക ആരാധനാ സംസ്കാരത്തിന്‍റെയും വിത്തുകൾ പാകി, വളർത്തി പരിപോഷിപ്പിക്കുവാൻ കഠിനാധ്വാനം ചെയ്യുന്ന വിയന്നയിലെ മലയാളി കത്തോലിക്കാ സമൂഹത്തോടും ആത്മീയ നേതൃത്വം നൽകുന്ന വൈദീകരോടും വിശുദ്ധ കുർബാന ജർമൻ ഭാഷയിലാക്കാൻ നേതൃത്വം നൽകിയ ഫാ. ഡോ. തോമസ് താണ്ടപ്പിള്ളിക്കും നന്ദി അറിയിക്കുന്നതായി യൂത്ത് ഫോറം അംഗങ്ങളായ ഗ്രേഷ്മ പള്ളിക്കുന്നേൽ, ഫിജോ കുരുതുകുളങ്ങര, റ്റിൽസി പടിഞ്ഞാറേക്കാലായിൽ, ജോയ്സ് എർണാകേരിൽ എന്നിവർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.


Related Articles »