Saturday Mirror - 2025

'ഓം' എന്ന മന്ത്രം ക്രൈസ്തവ പ്രാർത്ഥനകളിൽ ഉപയോഗിക്കരുത്

ഫാ. അഗസ്റ്റിന്‍ പാറപ്ലാക്കല്‍ 10-06-2017 - Saturday

"ഓം" എന്ന മന്ത്രം ഉപയോഗിച്ചുള്ള പ്രാര്‍ത്ഥനകള്‍ ക്രൈസ്തവര്‍ക്ക് അനുവദനീയമോ? ഫാ. സൈജു തുരുത്തിയിലിന്‍റെ ക്രിസ്താനുഭവ യോഗ എന്ന പുസ്തകത്തിലെ പ്രാരംഭ പ്രാര്‍ത്ഥന ഓം മന്ത്രം ഉപയോഗിച്ചുള്ളതാണ്. അച്ഛന്‍ നടത്തുന്ന ക്രിസ്താനുഭവ യോഗാധ്യാനത്തില്‍ ഓം മന്ത്രം ഉപയോഗിച്ചുള്ള ഭജനകള്‍ ആലപിക്കുന്നുണ്ട്. "ഓം ക്രിസ്തായ നമ:" എന്നപേരില്‍ ഒരു ഓഡിയോ സി.ഡി.യും അച്ഛന്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് ബൈബിളിലെ വെളിപാടിനോടും ക്രിസ്തീയ ദൈവശാസ്ത്രത്തോടും ചേര്‍ന്നുപോകുന്നതാണോ? അല്ലെന്ന് വ്യക്തമായ പഠനം, പൗരസ്ത്യ തിരുസംഘം നല്‍കിയിട്ടുണ്ട്.

"Report on the state of Liturgical Reform in the Syro Malabar Church" എന്ന തലക്കെട്ടില്‍ 1980 ആഗസ്റ്റ് 12 ന് നല്‍കിയ പ്രമാണ രേഖയിലാണ് ഇതേക്കുറിച്ച് പ്രബോധനമുള്ളത്. സീറോമലബാര്‍ കുര്‍ബ്ബാനയുടെ ചരിത്ര പശ്ചാത്തലം എന്ന പുസ്തകത്തില്‍ റവ.ഡോ.തോമസ്‌ മണ്ണൂരാംപറമ്പില്‍ ഇത് ഉദ്ധരിച്ചിട്ടുണ്ട് (Page 155-170)സ്കൂളുകളിലും മറ്റും യോഗ ചെയ്യുമ്പോള്‍ അതില്‍ ഓംകാരവും ഋഗ്വേദമന്ത്രങ്ങളും നമസ്കാരമുദ്രയും ഉണ്ടായിരിക്കണമെന്ന ആയുഷ് ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ നിര്‍ദ്ദേശം അസ്വീകാര്യമെന്നാണ് കെ.സി.ബി.സി. യുടെ നിലപാട് (ദീപിക, 19-05-2016, Page 13).

എന്നാല്‍ ഇവയെല്ലാം ഒരു തടസ്സവുമില്ലാതെ ക്രിസ്താനുഭവ ധ്യാനത്തില്‍ ഉപയോഗിക്കുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യുന്നു. ബൈബിളും യോഗയും സമന്വയിപ്പിക്കുന്നതാണ് തന്‍റെ ധ്യാനമെന്ന് അദ്ദേഹം പറയുന്നു. ഇവയെ യോജിപ്പിലെത്തിക്കുക അസാധ്യമെന്ന് സഭ പറയുന്നു.

വെറും വ്യായാമമായി യോഗ ചെയ്യുന്നതില്‍ തെറ്റുണ്ടോ? ‍

ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞ് അവസാനിപ്പിക്കാന്‍ കഴിയും വിധം ലളിതമല്ല ഈ വിഷയം. ചോദ്യം വ്യായാമം ചെയ്യുന്നത് തെറ്റാണോ എന്നായിരുന്നെങ്കില്‍ വളരെ എളുപ്പമാകുമായിരുന്നു: വ്യായാമം ചെയ്യുന്നത് തെറ്റല്ല. അത് രക്തോട്ടം വര്‍ദ്ധിപ്പിക്കാനും പേശികളെ ഉത്തേജിപ്പിക്കാനുമൊക്കെ നല്ലതാണ്. എന്നാല്‍ ഇവിടുത്തെ ചോദ്യമിതാണ്: ഞാന്‍ യോഗയെ ആത്മീയമായി കണക്കാക്കുന്നില്ല. ധ്യാനവും പ്രാര്‍ത്ഥനയുമൊന്നും നടത്തുന്നില്ല. അതിലെ വ്യായാമങ്ങള്‍ പരിശീലിക്കുന്നതേയുള്ളൂ. അതിലെന്താണ് കുഴപ്പം?

ഈ ചോദ്യം പരിശുദ്ധാരൂപിയുടെ കൃപാപ്രകാശത്താല്‍ നിറഞ്ഞ് വിവേകത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇത്തരത്തിലുള്ള യോഗാപരിശീലനം, സത്യവിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കാന്‍ സാധ്യത തുറക്കുമോ എന്നതാണ് നാം പരിഗണിക്കേണ്ടത്. അതായത്, നിരുപദ്രവവും മതനിരപേക്ഷവുമെന്നു കരുതി ആരംഭിച്ചിട്ട് ക്രിസ്തീയ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ച് വിശ്വാസവിരുദ്ധമായവയിലേയ്ക്ക് പോകാന്‍ യോഗയിലെ വ്യായാമ പരിശീലനം ഇടയാക്കുമോ എന്നതാണ് നാം പഠിക്കേണ്ടത്.

നാലു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പരിശോധിച്ചത്.

1. യോഗയുടെ ഉപാസകരല്ലാതെ യോഗയെപ്പറ്റി താത്ത്വികമായി അറിവുള്ളവര്‍ ഇതേക്കുറിച്ച് എന്താണു പറയുന്നത്? ‍
2. യോഗയുടെ ഉപാസകര്‍ ഇതേക്കുറിച്ച് എന്തുപറയുന്നു? ‍
3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചവര്‍ എന്തുപറയുന്നു? ‍
4. സഭാപ്രബോധനം എന്തു പറയുന്നു? ‍

1. യോഗയെക്കുറിച്ച് താത്ത്വിക അറിവുമാത്രമുള്ളവന്‍ എന്തു പറയുന്നു? ‍

ഈ ഗണത്തില്‍ പെടുന്നവര്‍ തന്നെ ഭിന്നാഭിപ്രായക്കാരാണ്.

A) ഡോ. അഗസ്റ്റിന്‍ തോട്ടക്കര പറയുന്നത് എട്ടുഘട്ടങ്ങളുള്ള യോഗയിലെ പ്രാരംഭ ഘട്ടത്തില്‍പെടുന്നതാണ് യോഗാസനങ്ങള്‍. അതില്‍ ക്രിസ്തീയ വിശ്വാസ സത്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും അദ്ദേഹം കാണുന്നില്ലെന്നാണ്.

B) Yoga the Truth Behind the Posture എന്ന ഗ്രന്ഥത്തിന്‍റെ കര്‍ത്താവായ ഡോ. ജോര്‍ജ്ജ് അലക്സാണ്ടര്‍ പറയുന്നത് യോഗയുടെ Spiritual aspects മാറ്റിനിര്‍ത്തി Physical Aspects മാത്രം സ്വാംശീകരിക്കാം എന്നത് അബദ്ധ ധാരണയാണെന്നാണ്.

C) കര്‍ദ്ദിനാള്‍ Noberto Rivera Carrera മെക്സിക്കോ സിറ്റിയുടെ ആര്‍ച്ചുബിഷപ്പായിരിക്കുമ്പോള്‍ "ന്യൂ ഏജിനെതിരെ ജാഗ്രതയുള്ള ആഹ്വാനം" എന്ന പേരില്‍ നല്‍കിയ ഇടയലേഖനത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്: "പൗരസ്ത്യ ധ്യാനരീതികളുടെ പ്രചാരകര്‍ ഇവ ഉപകാരപ്രദമായ ടെക്നിക്കുകള്‍ മാത്രമാണെന്നും, അതില്‍ ക്രിസ്തീയതയ്ക്ക് നിരക്കാത്ത പ്രബോധനങ്ങളൊന്നുമില്ലെന്നും ആണയിട്ടു പറഞ്ഞാലും ശരി, ഈ ടെക്നിക്കുകള്‍ അതില്‍ തന്നെ ക്രിസ്ത്യാനിയെ സംബന്ധിച്ച് ഗുരുതരപോരായ്മകള്‍ ഉള്ളതാണ് അവയിലെ വ്യായാമങ്ങളും ആസനങ്ങളും മതപരമായ പ്രത്യേക ലക്ഷ്യത്തോടെ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്. അവ അതില്‍തന്നെ ഉപാസകനെ വ്യക്തിയല്ലാത്ത പരാശക്തിയിലേയ്ക്ക് നയിക്കാനുള്ള പടികളാണ്. ഒരു ക്രിസ്തീയാന്തരീക്ഷത്തിലാണ് അവ നടപ്പാക്കുന്നത് എന്നുവന്നാല്‍ പോലും അവയുടെ നൈസര്‍ഗികമായ അര്‍ത്ഥം (Intrinisic Meaning) മാറ്റമില്ലാതെ തുടരുന്നു. (നമ്പര്‍ 33).

2. യോഗയുടെ ഉപാസകര്‍ എന്തുപറയുന്നു? ‍

A) ക്രിസ്താനുഭവ യോഗാധ്യാനം നടത്തുന്ന ഫാ.സൈജു തുരുത്തിയലിന്‍റെ വാക്കുകള്‍: "മനസ്സ് ദൈവവുമായി ഒന്നായിച്ചേരുന്ന പ്രക്രിയയാണ് യോഗ. കൈകളും കാലുകളും ഒടിച്ചുമടക്കികാണിക്കുന്ന കസര്‍ത്തല്ല യോഗ".

"യോഗയെന്നാല്‍ വെറും വ്യായാമമല്ല. കസര്‍ത്ത് കളിയോ വിനോദമോ അല്ല. യോഗ എന്നത് ജീവിതമാണ്. ജീവിതത്തിന്‍റെ ആത്മീയതയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഉള്‍ച്ചേരലാണ് ഇത്. ഇതാണ് യോഗയുടെ ഏറ്റവും പ്രധാന ഗുണം. മനുഷ്യനെ ദിവ്യാവബോധത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് യോഗയുടെ ലക്ഷ്യം."

"തത്ത്വശാസ്ത്രപരമായ കാരണങ്ങളോടു കൂടിയ വിശാലമായ ഒരു ശിക്ഷണ പരിശീലന പദ്ധതിയാണ് യോഗ. യോഗ ഒരുവന്‍റെ സത്താപരമായ ആവശ്യങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു."

B) യോഗയുടെ ഉപാസകനായ ഡോ.എസ്.പൈനാടത്ത് S.J.യുടെ വാക്കുകള്‍: "യോഗയെ ആരോഗ്യം നന്നാക്കാനും, വണ്ണം കുറയ്ക്കാനും, സൗന്ദര്യം കൂട്ടാനും ശരീരപേശികള്‍ക്ക് അയവുണ്ടാക്കാനും മനസ്സിനെ ശാന്തമാക്കാനും മറ്റും മാത്രം ഉപയോഗിച്ചു വരുന്നത് ഒരുതരം കച്ചവടവത്കരണം മാത്രമാണ്. പരമാര്‍ത്ഥത്തില്‍ യോഗ സമഗ്രമായ ഒരു ആധ്യാത്മിക ജീവിത ദര്‍ശനവും ജീവിത ശൈലിയുമാണ്. മതങ്ങള്‍ക്കുപരി ആധ്യാത്മികത തേടുന്ന ഏതൊരു മനുഷ്യനും - ഇതൊരു ക്രൈസ്തവനും സ്വീകരിക്കാവുന്ന സാധനാപഥമാണ് യോഗ".

C) ഡോ. ചെറിയാന്‍ പുത്തന്‍പുര Yoga Spirituality എന്ന തന്‍റെ പുസ്തകത്തില്‍ പറയുന്നത് ഉദ്ധരിക്കാം: There is no asana which does not have a spiritual effect on the practitioner..... Every asana is a prayer. Every prayer is an offering. And every offering is a sacrifice. This is the spiritual essence or content of the practice of Asanas (പരിശീലിക്കുന്നവന്‍റെ മേല്‍ ആത്മീയഫലം ഉളവാക്കാത്ത ഒരു ആസനവുമില്ല... ഓരോ ആസനയും ഓരോ പ്രാര്‍ത്ഥനയാണ്. ഓരോ പ്രാര്‍ത്ഥനയും ഓരോ അര്‍പ്പണമാണ്, ഓരോ അര്‍പ്പണവും ഓരോ ബലിയാണ്. ഇതാണ് ആസനകള്‍ പരിശീലിക്കുന്നതിന്‍റെ പൊരുള്‍ അഥവാ ആധ്യാത്മിക സത്ത" (page 109-110).

D) " A Christian trying to adapt these practices will likely disrupt their own christian beliefs".

-Sannyasin Arumuga Swami in HINDUISM TODAY

3. ഒരിക്കല്‍ യോഗയുടെ ഉപാസകരായിട്ട് അത് ഉപേക്ഷിച്ചാല്‍ എന്തു പറയുന്നു? ‍

ഇക്കാര്യം അറിയാന്‍ വായിച്ച രണ്ടു പുസ്തകങ്ങളാണ് രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജിന്‍റെ "The Death of a Guru", , കാരില്‍ മാട്രീഷ്യാനയുടെ "Out of India" എന്നിവ. (ഇതുകൂടാതെ അനേകം ലേഖനങ്ങള്‍ വായിച്ചു, ഡോക്യുമെന്‍ററികള്‍ കണ്ടു, പ്രസംഗങ്ങള്‍ കേട്ടു.)

A) രബീന്ദ്ര നാഥ്‌ ആര്‍ മഹാരാജ് ട്രിനിഡാഡില്‍ ജനിച്ച് വളര്‍ന്ന, നന്നേ ചെറുപ്പം മുതല്‍ യോഗ ചെയ്തിരുന്ന ബ്രാഹ്മണ പൂജാരിയായിരുന്നു. പിന്നീട് അദ്ദേഹം അതെല്ലാം ഉപേക്ഷിച്ച് മാമ്മോദീസ സ്വീകരിക്കുകയും ബില്ലി ഗ്രഹാമിന്‍റെ കൂടെ സുവിശേഷ വേല ചെയ്യുകയും ചെയ്തു. യോഗ, തന്നെ ആത്മനാശത്തിന്‍റെ വക്കിലെത്തിച്ചുവെന്നും അത് ദൈവികമേഖലയില്‍ നിന്നുള്ളതല്ലെന്നുമാണ് അദ്ദേഹം ശക്തമായി പറയുന്നത്.

B) കാരില്‍ മട്രീഷ്യാന ബ്രിട്ടീഷ് ഇന്ത്യയില്‍ 1947 ല്‍ ജനിച്ച് പത്തൊമ്പതു വയസ്സുവരെ കല്‍ക്കട്ടയില്‍ വളര്‍ന്നയാളാണ്. ഇംഗ്ലണ്ടിലേയ്ക്ക് മടങ്ങിയ കാരില്‍ "ബീറ്റില്‍സ്" ഗായകസംഘത്തിന്‍റെ മാസ്മരിക സ്വാധീനം മൂലം ചലം അഴല ലേയ്ക്ക് ആകൃഷ്ടയായി. Altered State of Consciousness (പരിവര്‍ത്തിത ബോധാവസ്ഥ) ഉളവാക്കി ആത്മസാക്ഷാത്കാരം പ്രാപിക്കാന്‍ യോഗയുടെ ഉപാസകരായി; മയക്കുമരുന്നും പരീക്ഷിച്ചു. പിന്നീട് ഇതെല്ലാം ഉപേക്ഷിച്ച് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച കാരില്‍ "Out of India" യില്‍ പറയുന്നത് ഉദ്ധരിക്കാം:

"കൂടുതല്‍ ഉണര്‍വ്, ആയാസം ഇല്ലാതാക്കല്‍, കൂടുതല്‍ ശാന്തത, കൂടുതല്‍ ശക്തി, കൂടുതല്‍ ബുദ്ധി ശക്തി, ലൈംഗികശേഷി വര്‍ദ്ധിപ്പിക്കല്‍, ബലഹീനതകളുടെമേല്‍ നിയന്ത്രണം എന്നിങ്ങനെ യോഗയുടെ ഗുണഗണങ്ങളെക്കുറിച്ചുള്ള പരസ്യം കണ്ടാണ്‌ ഞാന്‍ യോഗയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടത്" (Page 71) "യോഗയിലെ വ്യായാമങ്ങള്‍ ശാരീരിക പരിശീലനം എന്ന മട്ടിലാണ് ആരംഭിച്ചതെങ്കിലും അറിയാതെതന്നെ സാവകാശത്തില്‍ ഹിന്ദു തത്ത്വചിന്തയേയും നിഗൂഢമായ ആത്മീയതയേയും ആശ്ലേഷിക്കാന്‍ ആരംഭിച്ചു.... അപ്പോള്‍ ലഭിച്ച അതീന്ദ്രിയാനുഭവങ്ങള്‍ യോഗയുടെയും ധ്യാനത്തിന്‍റെയും ആഴങ്ങളിലേക്ക് പോകാന്‍ പ്രേരണ നല്‍കി. മുമ്പ് മയക്കുമരുന്നു വഴി ഉണ്ടായ അതീന്ദ്രിയാനുഭവങ്ങള്‍ തന്നെ യോഗാധ്യാനം വഴിയും ഉണ്ടായി" (Page 73).

4. സഭാപ്രബോധനം എന്തുപറയുന്നു? ‍

യുകാറ്റ് യോഗയെ നിഗൂഢവിദ്യകളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗ ക്രൈസ്തവ വിശ്വാസവുമായി ഒത്തുപോകുമോ എന്ന ചോദ്യത്തിന് "ഇല്ല" എന്ന ഉത്തരമാണ് യുകാറ്റ്-356 നല്‍കുന്നത്. തുടര്‍ന്ന്‍ പറയുന്നത് ഇങ്ങനെയാണ്: "പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ "യോഗ" അഭ്യസിക്കുന്നു. ധ്യാന പദ്ധതിയില്‍ ചേരുന്നുമുണ്ട്. ചിലര്‍ നൃത്തപരിശീലന പദ്ധതിയില്‍ ചേരുന്നു. പുതിയ രീതിയില്‍ തങ്ങളുടെ ശരീരങ്ങള്‍ അനുഭവിക്കാന്‍ വേണ്ടിതന്നെ. ഈ സാങ്കേതിക വിദ്യ എപ്പോഴും ദോഷരഹിതമല്ല. പലപ്പോഴും ക്രിസ്തുമതത്തിന് അന്യമായ സിദ്ധാന്തങ്ങളിലേക്കുള്ള വാഹനങ്ങളാണവ. വിവേകമുള്ള ഒരു വ്യക്തിയും യുക്തി രഹിതമായ ലോകവീക്ഷണം പുലര്‍ത്തരുത്."

Orationis Formas രേഖയില്‍ നമ്പര്‍ 27ല്‍ പറയുന്നു: "വേണ്ട രീതിയില്‍ ശാരീരിക ചേഷ്ടതകളെ മനസ്സിലാക്കിയില്ലെങ്കില്‍ അതു തന്നെ ഒരു വിഗ്രഹമായി മാറാം. അത് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്തുന്നതിന് തടസ്സമാകും. ശാരീരിക ചെഷ്ഠയെ മുന്‍ നിര്‍ത്തി പ്രാര്‍ത്ഥനയെ നയിക്കരുത് വളരെ ബുദ്ധിമുട്ടേറിയതാണ്. അത് ശരീരത്തിന്‍റെ ഒരു ഭ്രമമായി അധ:പതിക്കുകയും എല്ലാ ശാരീരിക അനുഭവങ്ങളും ആത്മീയാനുഭവങ്ങളായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്."

അതേ രേഖ നമ്പര്‍ 28ല്‍ പറയുന്നു: "ചില ശാരീരിക അനുഷ്ഠാനങ്ങള്‍ സ്വാഭാവികമായി ആത്മീയാനുഭവത്തോട് വളരെ സദൃശമായ ഉള്‍പ്രകാശവും സ്നേഹാനുഭവവും ശാന്തതയും ഉത്കണ്ഠയില്ലാത്ത അവസ്ഥയും മറ്റു സുഖകരമായ അവസ്ഥകളേയും നല്‍കുന്നതാണ്. ഒരുപക്ഷേ അവ ആത്മീയ സുസ്ഥിതി എന്നു തോന്നിയേക്കാവുന്ന പ്രകാശത്തിന്‍റേയും ഊഷ്മളതയുടേയും അനുഭവം നല്‍കിയേക്കാം. എന്നാല്‍ ഇവയെ പരിശുദ്ധാത്മാവിന്‍റെ ആധികാരികമായ ആശ്വസിപ്പിക്കലുകളാണ് എന്ന്‍ ധരിച്ചാല്‍ അത് ആത്മീയ ജീവിതത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങള്‍ സ്വീകരിക്കുകയാകും ചെയ്യുന്നത്."

JCBWL 4-ല്‍ പറയുന്നു: "ക്രിസ്ത്യന്‍ വിശ്വാസത്തിന്‍റെ കാഴ്ചപ്പാടില്‍ മറ്റ് ഘടകങ്ങളെ നിരാകരിച്ചു കൊണ്ട് ന്യൂ ഏജ് മതാത്മകതയിലെ, കുറച്ച് ഘടകങ്ങളെ വേര്‍തിരിച്ച് അത് ക്രിസ്ത്യന്‍ വിശ്വാസത്തിന് സ്വീകാര്യമാക്കി തീര്‍ക്കുക അസാധ്യമാണ്."

JCBWL 6.2 ല്‍ പറയുന്നു: "കിഴക്കിന്‍റെ ജ്ഞാനത്തില്‍ നിന്ന്‍ കടം എടുക്കുന്നതില്‍ ('borrowing') ഒരു ഉപദ്രവവും ഇല്ല എന്ന്‍ ധാരാളം ആളുകള്‍ ധരിച്ചുവെച്ചിരിക്കുന്നുണ്ട്. എന്നാല്‍ അതീന്ദ്രിയ ധ്യാനത്തിന്‍റെ ('Transcendental meditation (TM) ഉദാഹരണം, അറിയാതെ തന്നെ അവരെ തന്നെ മറ്റൊരു മതത്തിലേക്ക് (ഈ കാര്യത്തില്‍ ഹിന്ദുത്വത്തിലേക്ക്) സമര്‍പ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ക്രിസ്ത്യാനികള്‍ ജാഗ്രത പുലര്‍ത്തണം എന്ന പാഠം നല്‍കുന്നു".

പ്രായോഗിക പാഠം ‍

സഭാപ്രബോധനങ്ങളുടെ മലയാള പരിഭാഷയായ "യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ അഭിവന്ദ്യ ജേക്കബ് മനത്തോടത്ത് പിതാവ് ഇങ്ങനെ എഴുതി: "ലോകം വെച്ചു നീട്ടുന്ന എല്ലാറ്റിനേയും കണ്ണുമടച്ച് ക്രിസ്തുവിശ്വാസി സ്വീകരിക്കാന്‍ പാടില്ല. ഏറ്റവും മഹത്തായ ക്രിസ്തീയ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ അവയെ നിര്‍ബന്ധമായും പരിശോധിക്കണമെന്ന് ഈ രേഖയില്‍ ആവശ്യപ്പെടുന്നുണ്ട്.... ഈ കാലഘട്ടത്തില്‍ ഒരു സാധാരണ ക്രിസ്തുവിശ്വാസിയുടെ മുന്നിലെ ചതിക്കുഴികള്‍ എന്തൊക്കെയാണ് എന്ന്‍ ഈ രേഖ വ്യക്തമായി കാണിച്ചുതരുന്നു."

യോഗയുടെ ഉപാസകരായിരുന്നിട്ട് അതുപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവര്‍, നിരുപദ്രവമെന്നു കരുതി തുടങ്ങിയ യോഗാ പരിശീലനം തങ്ങളെ ചതിക്കുഴിയിലാക്കിയെന്ന്‍ മുന്നറിയിപ്പു തരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ തുടങ്ങുന്ന യോഗാ പരിശീലനം ക്രിസ്തുമതത്തിന് അന്യമായ മതങ്ങളിലേയ്ക്കുള്ള വാഹനമാകാമെന്ന് സഭ മുന്നറിയിപ്പ് തരുന്നു.

ഏറെവര്‍ഷക്കാലത്തെ വൈദിക പരിശീലനം നേടി, ലോകത്തില്‍ ഏക രക്ഷകനായ യേശുക്രിസ്തുവിനെ പ്രഘോഷിക്കാന്‍ കത്തോലിക്കാ സഭയില്‍ വൈദികരായവര്‍ വരെ ആ ദൗത്യം മറന്ന് യോഗവഴി ദൈവൈക്യവും രക്ഷയും പ്രാപിക്കാമെന്നു പഠിപ്പിക്കുന്ന വിധത്തില്‍ ചതിക്കുഴിയില്‍പ്പെട്ടതിന്‍റെ ദൃഷ്ടാന്തം മുന്നില്‍ നില്‍ക്കുന്നു.

ഇതില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞ്‌ ഞാന്‍ ഉള്‍ക്കൊണ്ട പാഠം ഇതാണ്: യോഗാ ഗുരുക്കന്മാര്‍ പരിചയപ്പെടുത്തുന്ന വ്യായാമങ്ങള്‍ ഒരുപക്ഷേ ശാരീരികമായി ഉപകാരപ്രദമാണെങ്കിലും, വിശ്വാസവിരുദ്ധമായവയിലേയ്ക്ക്‌ പോയി ആത്മരക്ഷ അപകടത്തിലാക്കാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ആത്മപാലനത്തിനായി എനിക്ക് ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരെ, യോഗയെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും അതില്‍ ചതിക്കുഴികളുണ്ടെന്നുമുളള സഭയുടെ മുന്നറിയിപ്പുകളെപ്പറ്റി അവബോധമുള്ളവരാക്കും. ശരീരത്തിന്‍റെ തല്‍ക്കാല ക്ഷേമത്തിനായി ആത്മാവിന്‍റെ നിത്യരക്ഷ അപകടത്തിലാക്കുന്ന ഒന്നിലേക്കും ആരെയും തള്ളിവിടുകയില്ല. (Acts 20:26-31)

ഉപസംഹാരം ‍

യേശുക്രിസ്തു ജീവജലത്തിന്‍റെ വാഹകന്‍ എന്ന രേഖ പറയുന്നു: "വളരെയധികം സംഭവങ്ങളില്‍ കത്തോലിക്കാ ആത്മീയ കേന്ദ്രങ്ങള്‍, സഭയില്‍, ന്യൂ ഏജ് മതാത്മകത പ്രചരിപ്പിക്കുന്നതില്‍ സജീവമായി ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം. ആശയ കുഴപ്പങ്ങളും തെറ്റുകളും പ്രചരിപ്പിക്കുന്നത് തടയാന്‍ വേണ്ടി മാത്രമല്ല അതു വഴി ക്രിസ്തീയ ആത്മീയതയെ പ്രോത്സാഹിപ്പിക്കുന്നതിന് അവയെ കാര്യക്ഷമമാക്കാന്‍ കൂടി ഇത് തീര്‍ച്ചയായും തിരുത്തപ്പെടേണ്ടതുണ്ട്. കത്തോലിക്കാ സാംസ്കാരിക കേന്ദ്രങ്ങള്‍ പ്രത്യേകിച്ചും കൂടുതല്‍ ഫലപ്രദമാകുന്നതിനു വേണ്ടി കൂടിയാണ്" (JCBWL 6.2).

"നമ്മളെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ദാനങ്ങളെ കുറിച്ച് നമുക്ക് അഭിമാനമുള്ളവരായിരിക്കാം. അതിനാല്‍ പ്രബലമായ സംസ്കാരങ്ങളില്‍ ഈ ദാനങ്ങളെ കുഴിച്ചുമൂടാനുള്ള സമ്മര്‍ദ്ദങ്ങളെ നമുക്ക് ചെറുക്കേണ്ടതായിട്ടുണ്ട്" എന്ന സഭയുടെ ആഹ്വാനത്തെ നമുക്ക് വിലമതിക്കാം. (JCBWL 6.2).

കുറേ വൈദികരും സന്യസ്തരും, സത്യവിശ്വാസം പഠിപ്പിക്കാന്‍ സമര്‍പ്പിതരായിരുന്ന മറ്റുചിലരും അക്രൈസ്തവ ധ്യാനരീതികളും ടെക്നിക്കുകളും ആശ്ലേഷിക്കാന്‍ കാമിക്കുന്ന, വിശദീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ആവേശം, കത്തോലിക്കാ വിശ്വാസികള്‍ക്ക് ഏറെ സംഭ്രമം ഉളവാക്കുന്ന കാര്യമാണെന്ന് തന്‍റെ ഇടയ ലേഖനത്തില്‍ കാര്‍ഡിനല്‍ കരേറ പറയുന്നു. ഇത്തരക്കാര്‍ വിശ്വാസികളെ വഴിതെറ്റിക്കാതിരിക്കാന്‍ ഏവരും ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

യോഗപോലുള്ള ക്രിസ്ത്യേതര ധ്യാന സമ്പ്രദായങ്ങളെക്കുറിച്ച് പഠിക്കുന്നതിനും അവയുടെ സാധ്യതകളെക്കുറിച്ച് ആരായുന്നതിനും 1976-ല്‍ കല്‍ക്കട്ടയില്‍ കിഴക്കന്‍ രാജ്യങ്ങളിലെ ബിഷപ്പുമാര്‍ ഒരുമിച്ചുകൂടി. മദര്‍ തെരേസായേയും ക്ഷണിച്ചിരുന്നു. ഇവയെക്കുറിച്ച് മദര്‍ ഇങ്ങനെ പറഞ്ഞു: "പ്രാര്‍ത്ഥന വളരെ ലളിതവും എളുപ്പവുമാണ് നിങ്ങള്‍ അതിനെ സങ്കീര്‍ണ്ണമാക്കരുത്. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കാന്‍ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഈശോ ശിഷ്യന്മാരെ ടെക്നിക്കുകളൊന്നും പഠിപ്പിച്ചില്ല. നാം ദൈവത്തോട്, പിതാവിനോട് കുഞ്ഞ് എന്നപോലെ സംസാരിക്കാന്‍ പഠിക്കണം." (ബിജു ഓഫ് ഇമ്മാകുലേറ്റ് മേരിയുടെ സ്നേഹത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ എന്ന പുസ്തകം, പേജ് 55).

സഭയുടെ പ്രബോധനം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കാം;"കൂദാശകള്‍, വിശിഷ്യാ മാമ്മോദീസായും ദിവ്യകാരുണ്യവുമാണ് ക്രിസ്ത്യാനിക്ക് ദൈവവുമായുള്ള ഐക്യത്തിലേയ്ക്ക് വരാനുള്ള യഥാര്‍ത്ഥ ആരംഭങ്ങളാകുന്നത്." (Orationis Formas) വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ക്രിസ്താനുഭവ യോഗാധ്യാനം, പെസഹാനുഭവ യോഗാധ്യാനം എന്നൊക്കെയുള്ള പേരില്‍ ധ്യാനങ്ങള്‍ നടത്തുന്നവര്‍ ജീവജലത്തിന്‍റെ ഉറവയായ കര്‍ത്താവിനെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുന്നു എന്നുമാത്രമല്ല ശുദ്ധജലമെന്ന വ്യാജേന അജഗണത്തെ മലിനജലം കുടിപ്പിക്കുകയും ചെയ്യുന്നു എന്നത് നമ്മള്‍ ഗൗരവമായി പരിഗണിച്ച് ജാഗ്രത പുലര്‍ത്തണം.

(10-12-2016-ല്‍ പാലാരൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ച പ്രബന്ധം) ‍

ഈ ലേഖനത്തിന്‍റെ ആദ്യഭാഗം- യോഗ സാര്‍വ്വത്രീകമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിയുക. വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ലേഖനത്തിന്‍റെ രണ്ടാം ഭാഗം- യോഗയെപ്പറ്റി കേരളസഭ വ്യഗ്രതപ്പെടേണ്ടതുണ്ടോ? വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »