India - 2024

മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കല്‍: തീരുമാനം ദൗര്‍ഭാഗ്യകരമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സ്വന്തം ലേഖകന്‍ 02-09-2017 - Saturday

കൊച്ചി: മദ്യവര്‍ജനവും മദ്യവിരുദ്ധ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, മദ്യലഭ്യതയും മദ്യശാലകളും വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്നു മദ്യശാലകളുടെ ദൂരപരിധി ഇരുനൂറില്‍നിന്ന് അന്പതു മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തില്‍നിന്നുള്ള വ്യതിചലിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ദൂരപരിധി ഇരുനൂറിലും മുകളിലാവണമെന്നാണു സഭയുടെ നിലപാട്. മദ്യശാലകള്‍ക്ക് എവിടെയും പ്രവര്‍ത്തിക്കാമെന്ന സ്ഥിതിയുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. മദ്യത്തിന്റെ വ്യാപനം സമൂഹത്തിന്റെ പുരോഗതിക്കു തടസമാണ്. പടിപടിയായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കുന്ന നയങ്ങള്‍ തിരുത്തണം. മദ്യവ്യാപാരികളെ മറ്റു വരുമാനമാര്‍ഗങ്ങളിലേക്കു തിരിച്ചുവിടാനാണു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടത്. മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജനാധിപത്യരീതിയില്‍ പ്രതിഷേധമറിയിക്കും. മദ്യത്തിനെതിരേ സഭ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.


Related Articles »