India - 2024

കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബധിരരുടെ സംഗമം ഇന്ന്

സ്വന്തം ലേഖകന്‍ 11-09-2017 - Monday

കൊച്ചി: വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ പങ്കെടുക്കുന്ന ബധിരരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നു നടക്കും. സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടി നടക്കുക.

രാവിലെ 10.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. ഫാ. ബിജു മൂലക്കര ദിവ്യബലിയിലെ പ്രാര്‍ഥനകളും ഫാ. ജോര്‍ജ് കളരിമുറിയില്‍ വചനസന്ദേശവും ആംഗ്യഭാഷയില്‍ പ്രതിനിധികളെ പരിചയപ്പെടുത്തും. വചനവായന, ഗാനങ്ങള്‍ എന്നിവയും ഇത്തരത്തില്‍ വിനിമയം ചെയ്യും.

തുടര്‍ന്നു നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ് ബധിരര്‍ക്കായുള്ള ശുശ്രൂഷകള്‍ നയിക്കുന്നവരെ ആദരിക്കും. നിയുക്ത കൂരിയ മെത്രാന്‍ മോണ്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഫാ. ബിജു മൂലക്കര, ഫാ. ജോര്‍ജ് കളരിമുറിയില്‍, ബ്രദര്‍ ബിജു തേര്‍മടം, വിവിധ ബധിരവിദ്യാലയങ്ങളുടെ പ്രതിനിധികളായ സിസ്റ്റര്‍ ഫിന്‍സിറ്റ, സിസ്റ്റര്‍ അനറ്റ്, സിസ്റ്റര്‍ ഉഷ, സിസ്റ്റര്‍ പ്രിജ, സിസ്റ്റര്‍ ദീപ കൊച്ചേരില്‍, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. പഠനത്തില്‍ മികവു പുലര്‍ത്തിയ ബധിരവിദ്യാര്‍ഥികളെ ആദരിക്കും.

സീറോ മലബാര്‍ സഭ മുഖ്യവക്താവും വിശ്വാസ പരിശീലന കമ്മീഷന്‍ ഡയറക്ടറുമായ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, സിസ്റ്റര്‍ മേരി ജോര്‍ജ്, പ്രോലൈഫ് അപ്പോസ്തലേറ്റ് വിഭാഗം സെക്രട്ടറി സാബു ജോസ്, സെന്റ് തോമസ് കാത്തലിക് ഡഫ് കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍ തേര്‍മടം, സെക്രട്ടറി ലിനി ജോസ് എന്നിവര്‍ പ്രസംഗിക്കും.


Related Articles »