India - 2025

മദ്യനയത്തിനെതിരെ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ആ​​ർ​​ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 13-10-2017 - Friday

തിരുവനന്തപുരം: സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് വരുന്ന 23ന് തിരുവനന്തപുരത്ത് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും. 23 ന് രാവിലെ 10.30ന് മ്യൂസിയം ജംഗ്ഷനില്‍ നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തുന്ന മാര്‍ച്ചില്‍ ജാതി മത വ്യത്യാസമില്ലാതെ സാമുദായിക സാംസ്‌കാരിക സാഹിത്യ മേഖലയിലെ വ്യക്തികള്‍ പങ്കെടുക്കുമെന്ന് ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം പറഞ്ഞു.

മദ്യനയത്തില്‍ തിരുത്തലുകള്‍ ആവശ്യപ്പെട്ട് എല്ലാ സമുദായ നേതാക്കളെയും ഉള്‍പ്പെടുത്തി സമരം നടത്തിയിരുന്നു. സമരത്തിന് ശേഷവും സര്‍ക്കാരില്‍ നിന്ന് അവഗണനാ മനോഭാവമാണു നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ അപ്പാടെ ലംഘിച്ചുകൊണ്ടു മുന്‍കാലങ്ങളിലെക്കാള്‍ വ്യത്യസ്തമായി മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ ചെയ്തത്. സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും വരെ ഇപ്പോള്‍ മദ്യഷാപ്പുകള്‍ അനുവദിച്ചിരിക്കുകയാണ്.

സമൂഹത്തില്‍ അവശത അനുഭവിക്കുന്ന വ്യക്തികളെ മുഖ്യധാരയിലേക്ക് കണ്ടുവരേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം തുടര്‍ന്നും എതിര്‍ക്കും. 23ന് നടത്തുന്ന ബഹുജന മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ എല്ലാ സ്ഥലങ്ങളില്‍ നിന്നുമുള്ള എല്ലാ വിഭാഗം ജനങ്ങളും ഉണ്ടാകും. ഇതിനുശേഷം ജില്ലാ തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഡോ.എം.സൂസപാക്യം പറഞ്ഞു. പത്രസമ്മേളനത്തില്‍ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് വി.​​എം.​​സു​​ധീ​​ര​​ൻ സന്നിഹിതനായിരിന്നു.


Related Articles »