News

‘അത്ഭുതങ്ങളുടെ നാഥന്’ നന്ദിയര്‍പ്പിച്ച് പെറു: പ്രദക്ഷിണത്തില്‍ പങ്കെടുത്തത് ഒരു ലക്ഷത്തോളം വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 03-11-2017 - Friday

ലിമാ: യേശു തങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളുടെ ഓര്‍മ്മ പുതുക്കി കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ കൂറ്റന്‍ ചിത്രവും വഹിച്ചുകൊണ്ട് പെറുവിലെ ലിമാ നഗരത്തില്‍ നടന്ന പ്രദക്ഷിണം ജനപങ്കാളിത്തം കൊണ്ട് ആഗോള ശ്രദ്ധ നേടുന്നു. ഒക്ടോബര്‍ 28-ന് നടന്ന പ്രദക്ഷിണം ലോകത്തെ ഏറ്റവും വലിയ പ്രദക്ഷിണങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ഏതാണ്ട് 1,00,000 ത്തിലധികം ആളുകളാണ് പ്രദക്ഷിണത്തില്‍ പങ്കെടുത്തത്. കുരിശില്‍ കിടക്കുന്ന ക്രിസ്തുവിന്റെ കൂറ്റന്‍ ചിത്രവും വഹിച്ചുകൊണ്ട് എല്ലാവര്‍ഷവും ഒക്ടോബര്‍ അവസാനത്തിലാണ് പെറൂവിയന്‍ ജനത ഈ പ്രദക്ഷിണം നടത്തുന്നത്.

‘അത്ഭുതങ്ങളുടെ നാഥന്‍’, ‘അത്ഭുതങ്ങളുടെ ക്രിസ്തു’ എന്നീ പേരുകളിലുള്ള ക്രിസ്തുവിന്റെ ചുമര്‍ചിത്രം, പതിനേഴാം നൂറ്റാണ്ടില്‍ അംഗോളയില്‍ ജനിച്ച് പെറുവില്‍ എത്തിയ ഒരു അടിമ വരച്ചതാണെന്നാണ് വിശ്വാസം. 1655-ല്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ചിത്രം വരച്ചിട്ടുള്ള ചുമര്‍ ഉള്‍പ്പെടെയുള്ള ദേവാലയത്തിന്റെ ചുരുക്കം ചില ഭാഗങ്ങളാണ് അവശേഷിച്ചത്. അതിനാല്‍ ‘ഭൂകമ്പങ്ങളുടെ ക്രിസ്തു’ എന്നും ഈ ചിത്രം അറിയപ്പെടുന്നുണ്ട്. അന്നുമുതല്‍ വലിയ ആദരവോടെയാണ് ‘അത്ഭുതങ്ങളുടെ ക്രിസ്തു’വിന്റെ പകര്‍പ്പ് വഹിച്ചുകൊണ്ട് പെറൂവിയന്‍ ജനത പ്രദക്ഷിണം നടത്തി വരുന്നത്.

രോഗശാന്തി അടക്കമുള്ള നിരവധി അത്ഭുതങ്ങളും ഈ ചുമര്‍ചിത്രം വഴി നടക്കുന്നുണ്ടെന്നും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഏതാണ്ട് ആയിരം കിലോയോളം ഭാരം വരുന്ന ഒരു കൂറ്റന്‍ തട്ടകത്തില്‍ വെച്ചാണ് പ്രദക്ഷിണത്തില്‍ ചിത്രത്തിന്റെ പതിപ്പ് എഴുന്നള്ളിക്കുന്നത്. കൃത്യമായ ഇടവേളകളില്‍ മാറുന്ന 30 പേരടങ്ങുന്ന പുരുഷന്‍മാരുടെ സംഘമാണ് ഈ ചിത്രം സംവഹിക്കുന്നത്. നവംബര്‍ 1-ന് ഈ കൂറ്റന്‍ ചിത്രം യഥാര്‍ത്ഥ ചുമര്‍ ചിത്രം സ്ഥിതി ചെയ്യുന്ന ലിമായിലെ ലാസ് നസറേനാസ് എന്ന ആശ്രമത്തിലെത്തിച്ചു.

എല്ലാ വര്‍ഷവും ഒക്ടോബര്‍ 18, 19, 28 എന്നീ ദിവസങ്ങളിലാണ് പെറുവില്‍ മുഖ്യ ആഘോഷം നടക്കുന്നത്. പ്രദക്ഷിണത്തിന്റെ വാര്‍ത്തകളും, ഫോട്ടോയും വീഡിയോയും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായിക്കഴിഞ്ഞു. പെറുവിലെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് ‘അത്ഭുതങ്ങളുടെ നാഥന്’ കൃതജ്ഞത അര്‍പ്പിച്ചുകൊണ്ടുള്ള പ്രദക്ഷിണം.


Related Articles »