News - 2024

ബിജുവിന് പുതിയജീവിതം നല്‍കാന്‍ ബേബിയച്ചന്‍ ഇന്ന് വൃക്ക ദാനം ചെയ്യും

സ്വന്തം ലേഖകന്‍ 05-11-2017 - Sunday

ചെറുപുഴ: ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിന് പുതിയ ജീവിതം സമ്മാനിക്കുവാന്‍ സെന്റ് കമില്ലസ് സന്ന്യാസസമൂഹത്തിന്റെ ബംഗളൂരു പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായ ഫാ. ബേബി ഇല്ലിക്കല്‍ തയാറെടുക്കുന്നു. ചെറുപുഴ കോഴിച്ചാലിലെ കിഴക്കേത്തകിടിയേല്‍ ബിജു വര്‍ഗീസിനാണ് ഫാ. ബേബി തന്റെ വൃക്ക പകുത്തുനല്‍കുന്നത്. വൃക്കരോഗിയായ ഒരാള്‍ക്ക് തന്റെ വൃക്ക ദാനം ചെയ്യുമെന്ന് ഫാ. ഇല്ലിക്കല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞിരുന്ന ബിജുവിന്റെ ബന്ധുവായ കന്യാസ്ത്രീ കമില്ലസ് സന്ന്യാസസമൂഹവുമായി ബന്ധപ്പെടുകയായിരിന്നു.

നേരത്തെ ഫാ. ഇല്ലിക്കല്‍ വൃക്ക ദാനംചെയ്യാന്‍ ശ്രമിച്ചിരിന്നു. അന്ന്‍ സ്വീകരിക്കാനിരിന്ന രോഗിക്ക് വൃക്ക ചേരില്ലെന്ന റിപ്പോര്‍ട്ടായിരുന്നു ലഭിച്ചത്. എന്നാല്‍ ഇത്തവണ ബിജുവുമായി ഒത്തുനോക്കിയപ്പോള്‍ റിസള്‍ട്ട് അനുകൂലമാകുകയായിരിന്നു. നിര്‍ധന കുടുംബത്തില്‍ ഉള്‍പ്പെട്ട ബിജുവിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്താണ് ബിജു തന്റെ ജീവിതം മുന്നോട്ട് നീക്കികൊണ്ടിരിന്നത്.

കോഴിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ വികാരി ഫാ. ഇമ്മാനുവല്‍ കൂനാങ്കിയില്‍ രക്ഷാധികാരിയായും ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ് കണ്‍വീനറായും കെ.എഫ്. അലക്‌സാണ്ടര്‍, ജോസ് മാണിവേലില്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായുമുള്ള കമ്മിറ്റി ബിജുവിന്റെ ചികിത്സച്ചെലവിനുള്ള തുക സംഭരിക്കുന്നതിന് പ്രവര്‍ത്തിച്ചുവരുകയാണ്. ഇന്ന്‍ കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ആണ് സര്‍ജറി നടക്കുക. ദൈവം ഫാ. ബേബിയിലൂടെ നല്‍കുന്ന പുതിയ ജീവിതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബിജു.


Related Articles »