News - 2024

സന്യാസിനിയായ സഹോദരിക്ക് വൃക്ക പകുത്ത് നല്‍കിയത് സഹോദര വൈദികന്‍

പ്രവാചകശബ്ദം 08-09-2023 - Friday

കൊച്ചി: വൃക്ക ദാനത്തിലൂടെ അനേകം വൈദികരും സന്യസ്തരും ഏറെ ശ്രദ്ധ നേടിയ കേരളത്തില്‍ നിന്നു സഹോദര സ്നേഹം സാക്ഷ്യപ്പെടുത്തി മറ്റൊരു മഹാദാനവും. സഹോദരിയും ഹോളി ഫാമിലി സന്യാസ സമൂഹാംഗവുമായ സിസ്റ്റര്‍ ബിനി മരിയക്ക് വൃക്ക പകുത്തു നല്‍കിയ പാലക്കാട് രൂപതാംഗവും യുവവൈദികനുമായ ഫാ. എബി പോരുത്തൂരാണ് കേരളത്തില്‍ ഏറ്റവും ഒടുവിലായി വൃക്ക ദാനം ചെയ്ത വൈദികന്‍. ആലുവയില്‍ സി.എം.ഐ സമൂഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജഗിരി ആശുപത്രിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 4-ന് നടന്ന ഇരുവരുടെയും ശസ്ത്രക്രിയ വിജയകരമായിരിന്നു.

മേലാര്‍കോട് സെന്റ്‌ ആന്റണീസ് ഇടവകാംഗങ്ങളായ പോരുത്തൂര്‍ ആന്റോ-റൂബി ദമ്പതികളുടെ മക്കളാണ് ഫാ. എബിയും, സിസ്റ്റര്‍ ബിനിയും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഴ്ചയില്‍ മൂന്ന്‍ പ്രാവശ്യം ഡയാലിസിസ് ചെയ്ത് വരികയായിരുന്നു ഇരുപത്തിയേഴ് വയസ്സുള്ള സിസ്റ്റര്‍ ബിനി. നിലവില്‍ പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാംപാറ സെന്റ്‌ ആന്റണീസ് ദേവാലയത്തിലെ വികാരിയായി സേവനം ചെയ്തുവരുന്ന ഫാ. എബി, 2017 ഡിസംബര്‍ 27-നാണ് തിരുപ്പട്ടം സ്വീകരിച്ചത്. നിരവധി കത്തോലിക്കാ വൈദികരും കന്യാസ്ത്രീമാരുമാണ് സമീപകാലത്ത് കേരളത്തില്‍ വൃക്ക ദാനം ചെയ്യുന്നതിനായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മലയാറ്റൂര്‍ നീലീശ്വരത്തെ പോപ്‌ ജോണ്‍ പോള്‍ II മൈനര്‍ സെമിനാരിയുടെ റെക്ടറും സി.എം.ഐ സമൂഹാംഗവുമായ ഫാ. ജെയിംസ് കുന്തറ അങ്കമാലി സ്വദേശിയായ ജോജോ ജോസിന് വൃക്ക ദാനം ചെയ്തിരുന്നു. മെയ് 17ന് നടന്ന ഈ ശസ്ത്രക്രിയയും രാജഗിരി ആശുപത്രിയില്‍വെച്ച് തന്നെയാണ് നടന്നത്. അന്തരിച്ച ഫാ. ചെറിയാന്‍ നേരെവീട്ടിലാണ് ഇതിനു മുന്‍പ് വൃക്ക ദാനം ചെയ്ത പുരോഹിതന്‍. 2021 മെയ് 27-ന് റോഡപകടത്തില്‍ അദ്ദേഹം മരണമടഞ്ഞിരിന്നു. തൃശൂര്‍ രൂപതാംഗവും അറുപത്തിമൂന്നുകാരനുമായ ഫാ. ഡേവിസ് ചിറമേലാണ് അവയവ ദാനത്തിന്റെ മാഹാത്മ്യം പ്രഘോഷിച്ച് ആദ്യം രംഗത്ത് വന്നത്.

വാടാനപ്പള്ളി സെന്റ്‌ ഫ്രാന്‍സിസ് സേവ്യര്‍ ഇടവക ദേവാലയത്തില്‍ സേവനം ചെയ്യുമ്പോള്‍ തന്റെ ഇടവക പരിധിയില്‍ താമസിച്ചിരിന്ന ഒരു ഹിന്ദു സഹോദരനാണ് അദ്ദേഹം വൃക്ക ദാനം ചെയ്തത്. നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് പുതുജീവന്‍ നല്‍കുന്നതിനായി 2009-ല്‍ ഫാ. ചിറമേല്‍ സ്ഥാപിച്ച സര്‍ക്കാരേതര സന്നദ്ധ സംഘടനയാണ് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ. സംഘടനയുടെ ചെയര്‍പേഴ്സണ്‍ കൂടിയാണ് ഫാ. ചിറമേല്‍. കിഡ്നി സംബന്ധമായ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് കിഡ്നി മാറ്റിവെക്കല്‍ ഉള്‍പ്പെടെ ചികിത്സയിലും, ഡയാലിസിസിലും, മറ്റ് ആവശ്യങ്ങളിലും സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടന വൃക്കദാനം സംബന്ധിച്ച ബോധവല്‍ക്കരണവും നടത്തിവരുന്നുണ്ട്.


Related Articles »