News - 2024

കത്തോലിക്ക പ്രൊട്ടസ്റ്റന്‍റ് എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യം: കര്‍ദ്ദിനാള്‍ റെയ്നര്‍ മരിയ

സ്വന്തം ലേഖകന്‍ 06-11-2017 - Monday

ബെര്‍ലിന്‍: കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും അടിസ്ഥാന കാര്യങ്ങളില്‍ യോജിപ്പില്ലാത്ത സാഹചര്യത്തില്‍ എക്യുമെനിക്കല്‍ ബലിയര്‍പ്പണം അസാധ്യമാണെന്ന് കര്‍ദ്ദിനാള്‍ റെയിനര്‍ മരിയ വോയെല്‍ക്കി. ജര്‍മ്മനിയിലെ കൊളോണിലെ കര്‍ദ്ദിനാളാണ് റെയ്നര്‍ മരിയ വോയെല്‍ക്കി. ജര്‍മ്മന്‍ പത്രമായ കോല്‍നര്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. പരസ്പര യോജിപ്പില്ലാത്ത സാഹചര്യത്തില്‍ പ്രൊട്ടസ്റ്റന്‍റുകാരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാന സ്വീകരണം അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും സംയുക്തമായി അര്‍പ്പിക്കുന്ന എക്യുമെനിക്കല്‍ കുര്‍ബാനക്ക് വത്തിക്കാന്‍ പിന്തുണ നല്‍കുന്നു എന്ന അഭ്യൂഹം പ്രചരിക്കുന്ന സാഹചര്യത്തിലാണ് കര്‍ദ്ദിനാള്‍ വോയെല്‍ക്കി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വിശുദ്ധ കുര്‍ബാന ഒരു സാധാരണ ഭക്ഷണമല്ല. യേശുവിന്റെ യഥാര്‍ത്ഥ ശരീരവും രക്തവുമാണത്. ഇക്കാര്യം പ്രൊട്ടസ്റ്റന്റുകാര്‍ അംഗീകരിക്കാത്ത കാലത്തോളം ഒരു പൊതുവായ എക്യുമെനിക്കല്‍ കുര്‍ബാന സാധ്യമല്ല. കര്‍ദ്ദിനാള്‍ വ്യക്തമാക്കി.

അടുത്തിടെ എക്യുമെനിക്കല്‍ കുര്‍ബാനയുടെ സാധ്യതയെക്കുറിച്ച് ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്കോ ടൊസ്സാട്ടി തന്റെ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഫ്രാന്‍സിസ് പാപ്പായുടെ കീഴിലുള്ള ഒരു കമ്മിറ്റി ഇതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം തന്റെ ലേഖനത്തില്‍ കുറിച്ചത്. പ്രാര്‍ത്ഥനയും, വിശുദ്ധ ലിഖിതങ്ങളില്‍ നിന്നുള്ള വായനയും, പൊതുവായ ദിവ്യകാരുണ്യ സ്വീകരണവും ഉള്‍കൊള്ളുന്ന എക്യുമെനിക്കല്‍ കുര്‍ബാനക്കാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരിന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയിട്ടില്ല.


Related Articles »