News - 2025

ടാന്‍സാനിയന്‍ ബിഷപ്പ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറി

സ്വന്തം ലേഖകന്‍ 11-11-2017 - Saturday

വത്തിക്കാന്‍ സിറ്റി: ജനതകളുടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി ടാന്‍സാനിയക്കാരനായ ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയെ നിയമിച്ചു. സംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റീസ് പ്രസിഡന്റുമായി അദ്ദേഹം സേവനം ചെയ്തിരിന്നു. ഈ തസ്തികകളിലേക്ക് ആര്‍ച്ച്ബിഷപ് പിയേട്രോ ഡല്‍ ടോസോയെയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവും വത്തിക്കാന്‍ പുറത്തിറക്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പുതിയ നിയമനം വത്തിക്കാന്‍ പുറപ്പെടുവിച്ചത്.

1960-ല്‍ ടാന്‍സാനിയായിലെ ഭൂനെന്നയായിലാണ് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേ ജനിച്ചത്. പ്രാഥമിക ഉന്നത വിദ്യാഭ്യാസത്തിന് ശേഷം 1990-ല്‍ രുളേഞ്ജ് രൂപതയുടെ വൈദികനായി തിരുപട്ടം സ്വീകരിച്ചു. 2008-ല്‍ കിഗോമ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2012-ല്‍ ആണ് സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ അഡ്ജന്‍ക്റ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. പുതിയ പ്രഖ്യാപനത്തോടെ സുവിശേഷവത്കരണത്തിനായുള്ള തിരുസംഘത്തിന്റെ രണ്ടാമത്തെ ഉന്നതപദവിയാണ് ആര്‍ച്ച് ബിഷപ്പ് പ്രോട്ടാനെ റുഗാംബ്വേയ്ക്കു ലഭിച്ചിരിക്കുന്നത്. കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയാണ് സംഘത്തിന്റെ തലവന്‍.


Related Articles »