News - 2024

സഭയുടെ ഏറ്റവും വലിയ പ്രശ്നം സുവിശേഷം പ്രഘോഷിക്കാൻ ആളില്ലായെന്നതാണ്: മാർ തോമസ് തറയിൽ

പ്രവാചകശബ്ദം 15-04-2024 - Monday

തൃശൂര്‍: തിരുസഭ പ്രത്യേകിച്ച് കേരള സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം സുവിശേഷം പ്രഘോഷിക്കാൻ ആളില്ലായെന്നതാണെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിയാത്ത് മിഷന്‍ അല്മായ പ്രേഷിത മുന്നേറ്റം തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ സംഘടിപ്പിക്കുന്ന മിഷന്‍ എക്‌സിബിഷന്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരിന്നു അദ്ദേഹം. നമ്മുടെ സഭയുടെ പ്രശ്നം ഭൗതീക പ്രശ്നങ്ങളല്ല, മറിച്ച് സുവിശേഷം പറയാന്‍ ആളില്ലായെന്നതും അതിനുള്ള ധൈര്യമില്ലായെന്നതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുവിശേഷം പറയാന്‍ ധൈര്യമില്ലാത്ത ഏത് സമൂഹവും ദുര്‍ബലമായിക്കൊണ്ടിരിക്കും. അതിന്റെ ലക്ഷണങ്ങളാണ് കേരള സഭ അഭിമുഖീകരിച്ചുക്കൊണ്ടിരിക്കുന്നത്. അല്ലാതെ മറ്റ് പ്രശ്നങ്ങളില്ല. സുവിശേഷം പറയാന്‍ നമ്മുക്ക് ലജ്ജയാണ്, ഭയമാണ്, നാം എല്ലാവരെയും പ്രീതിപ്പെടുത്തി രക്ഷയുടെ സുവിശേഷം പറയാതെ പോകുന്നത് എന്നതാണ് ഏറ്റവും വലിയ കുറവെന്ന് എനിക്കു തോന്നാറുണ്ട്. അതിനുള്ള പരിഹാരമുള്ള സംരഭങ്ങളായാണ് ഫിയാത്ത് മിഷന്റെ മിഷന്‍ എക്‌സിബിഷനെ നോക്കികാണുന്നതെന്നും മാർ തോമസ് തറയിൽ കൂട്ടിച്ചേര്‍ത്തു.


Related Articles »